ട്രെയിനിലെ ശൗചാലയത്തില്‍ അതിഥി തൊഴിലാളിയുടെ മൃതദേഹം
by kvartha preഝാന്‍സി: (www.kvartha.com 29.05.2020) ട്രെയിനിലെ ശൗചാലയത്തില്‍ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തുന്നത്.
യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം എന്ന് സ്ഥിരീകരിച്ചു. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങിയതായിരുന്നു ഇയാള്‍.
ബുധനാഴ്ചയാണ് ട്രെയിന്‍ ഝാന്‍സിയിലെത്തിയത്. വ്യാഴാഴ്ച കോച്ചുകള്‍ ശുചീകരിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ ശുചിമുറിയില്‍ മോഹന്റെ മൃതദേഹം കണ്ടെത്തുന്നത്. പരിശോധനയ്ക്കും കോവിഡ് 19 പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ 20 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് യുപിയിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിലും ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ യുപിയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യുക, ഭക്ഷണവും താമസവും ഉറപ്പുവരുത്തുക, പുനരധിവാസം ഏര്‍പ്പാടാക്കുക തുടങ്ങി നിരവധി വെല്ലുവിളികളാണ് സംസ്ഥാനം അഭിമുഖീകരിക്കാന്‍ പോകുന്നത്.
മുസാഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ വാര്‍ത്തയായത് രണ്ടുദിവസങ്ങള്‍ക്ക് മുമ്പാണ്. ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം വരെ കേള്‍ക്കേണ്ടി വന്നിരുന്നു.
Keywords: Migrant Worker's Body Found In Train Toilet In UP, Likely There For Days, News, Train, Dead Body, Mumbai, Police, Railway, National.