ലോക്ക്ഡൗണ്‍ 5.0 നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം മതിയെന്ന്‌ സംസ്ഥാനങ്ങള്‍

https://www.mathrubhumi.com/polopoly_fs/1.4791843.1590729669!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 31-ന് അവസാനിക്കുകയാണ്. രാജ്യം അഞ്ചാം ഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനിരിക്കെ കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും നിലപാട്.

കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ സാധാരണഗതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നു. അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ലോക്ക്ഡൗണിന് ശേഷമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി രൂപീകരിച്ച രണ്ട് കേന്ദ്ര സമതികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കണ്ടെയന്‍മെന്റ് സോണുകളല്ലാത്തയിടങ്ങളില്‍ ലോക്ക്ഡൗണ്‍ എടുത്തുകളയണമെന്നാണ് ഈ സമിതികളുടെ ശുപാര്‍ശയെന്നാണ് സൂചന.

കൂടുതല്‍ വിപണികള്‍ തുറക്കുക, അന്തര്‍സംസ്ഥാന ഗതാഗത സൗകര്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക, വാണിജ്യപരമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക, സാമൂഹിക അകലം പാലിച്ച് ആരാധാനാലയങ്ങള്‍ തുറക്കണമെന്നും പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒരു മാസത്തിനുള്ളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും പദ്ധിതകളുണ്ട്. രോഗവ്യാപനത്തിന്റേയും കേസുകളുടെ എണ്ണത്തിന്റേയും അടിസ്ഥാനത്തില്‍ കണ്ടെയിന്‍മെന്റ് മേഖലകള്‍ നിര്‍ണ്ണയിക്കാന്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് അനുസരിച്ച് പല സംസ്ഥാനങ്ങളും പരാമവധി നിയന്ത്രണങ്ങള്‍ ഇതിനോടകം ലഘൂകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളോടെ പൊതുഗതാഗതവും പതുക്കെ സാധാരണഗതിയിലേക്ക് വന്നുക്കൊണ്ടിരിക്കുകയാണ്. നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ആഭ്യന്തര വിമാനസര്‍വീസ് അടക്കമുള്ള സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

അതേ സമയം രാജ്യത്ത് അനുദിനം പുതിയ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയുമാണ്. ലോക്ക്ഡൗണ്‍ ഫലം കണ്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കുമ്പോള്‍ അടുത്ത ഘട്ടത്തില്‍ ഏത് രീതിയിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നതാണ് ശ്രദ്ധേയം.

ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണിന് ശേഷമുള്ള നടപടികളെ കുറിച്ച് അമിത് ഷാ മുഖ്യമന്ത്രിമാരോട് വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: lockdown 5.0-states ask for curbs only in containment zones