'ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ'
അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു.
അന്തരിച്ച മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറും രാജ്യസഭാംഗവുമായ എം.പി. വീരേന്ദ്രകുമാർ എം.പിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്മബന്ധമായിരുന്നു തങ്ങൾ തമ്മിലുണ്ടായിരുന്നതെന്നും ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ലെന്നും മമ്മൂട്ടി കുറിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ. മമ്മൂട്ടിയുടെ കുറിപ്പിൽ പറയുന്നു.
മമ്മൂട്ടിയുടെ കുറിപ്പ്
വീരേന്ദ്രകുമാർ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളിൽ, ഓരോ സന്ദരർഭങ്ങളിൽ, വീട്ടിലുമെല്ലാം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു.
അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു. രാഷ്ടീയരംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകൾ അർപ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാനടൻ എന്നതിൽ കവിഞ്ഞൊരു വാൽസല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്.
ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളിൽ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാൾ. അങ്ങനെയുള്ളവരെയാണല്ലോ നമ്മൾ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കിൽ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാൾ.
ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ.
Content Highlights : Mammootty Remembers Mathrubhumi Managing director MP Veerendra Kumar