https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/covid-up.jpg
പ്രതീകാത്മക ചിത്രം

‘ഞങ്ങൾ മൃഗങ്ങളാണോ’?; ഭക്ഷണവും വെള്ളവും ഇല്ല; യുപിയിൽ രോഗികളുടെ പ്രതിഷേധം

by

ലക്നൗ∙ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ സർക്കാർ ആശുപത്രിയിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന രോഗികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കോവിഡ് 19 ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾ അവരുടെ അവസ്ഥ ‘മൃഗങ്ങളെ’ പോലെ മോശമാണെന്ന് പരാതിപ്പെടുന്നത് കേൾക്കാം. ആശുപത്രിയിൽ ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് വ്യാഴാഴ്ച പ്രതിഷേധം നടന്നത്.

നിങ്ങൾ ഞങ്ങളെ മൃഗങ്ങളാക്കി മാറ്റി. ഞങ്ങൾ മൃഗങ്ങളാണോ? ഞങ്ങൾക്ക് വെള്ളം ആവശ്യമില്ലേ, ഒരു രോഗി ചോദിക്കുന്നത് കേൾക്കാം. വിഡിയോ ചിത്രീകരിച്ചയാളുടെ ശരിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ആളുകൾ മറുപടി പറയുന്നു. കിട്ടുന്നത് പകുതി വേവിച്ചതാണെന്ന് ഒരു വയോധികൻ പറയുന്നു. ചില രോഗികൾ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിന് അധികാരികൾക്ക് പണം വാഗ്ദാനം ചെയ്യുന്നതും കേൾക്കാം. ‘നിങ്ങളുടെ പക്കൽ പണമില്ലെങ്കിൽ ഞങ്ങളിൽ നിന്ന് ഈടാക്കുക. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഞങ്ങൾ വീട്ടിലേക്ക് പോകുമെന്ന് അധികാരികളോട് പറയുക’– ഒരു സ്ത്രീ പറയുന്നു.

ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നം രണ്ടു മണിക്കൂറിനുള്ളിൽ പരിഹരിച്ചതായി പ്രയാഗ്‌രാജ് ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു. ‘വൈദ്യുത തകരാർ കാരണം ശുദ്ധജല വിതരണത്തിൽ തടസമുണ്ടായി. ഇലക്ട്രീഷ്യനെ വിളിച്ച് രണ്ടു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചു. ഓവർഹെഡ് ടാങ്കിൽ എല്ലായ്പ്പോഴും വെള്ളം ഉണ്ടെങ്കിലും രോഗികൾ കുളിക്കാനും ശുദ്ധജലം ഉപയോഗിക്കുന്നു. ഞങ്ങൾ അവരുടെ പ്രശ്നം പെട്ടെന്നു പരിഹരിച്ചു’ അദ്ദേഹം പറഞ്ഞു.

ഉത്തർ പ്രദേശിൽ കോവിഡ് ആശുപത്രികളെക്കുറിച്ചോ, ക്വാറന്റീൻ സൗകര്യങ്ങളെക്കുറിച്ചോ രോഗികൾ പരാതിപ്പെടുന്നത് ഇതാദ്യമല്ല. സംസ്ഥാനത്തെ ഇറ്റാവ, ആഗ്ര ജില്ലകളിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary: "Are We Animals?": COVID Patients On "Inhuman Conditions" At UP Hospital