https://img-mm.manoramaonline.com/content/dam/mm/mo/women/women-news/images/2020/5/28/utra-vani.jpg

ഉത്രയെ എനിക്കറിയാം; പെൺമക്കളെ വിൽക്കാനുള്ളതല്ല; വൈറലായി യുവതിയുടെ കുറിപ്പ്

by

കേരളത്തിന്റെ മനസ്സിൽ ഒരു കണ്ണുനീർതുള്ളിയായി മാറിയിരിക്കുകയാണ് കൊല്ലം അഞ്ചലിലെ ഉത്ര എന്ന പെൺകുട്ടി. ജീവനിൽ പാതി എന്നു കരുതുന്ന ഭർത്താവ് തന്നെ പാമ്പു കടിയേല്‍പിച്ച് അവളെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അല്‍പം നടുക്കത്തോടെയല്ലാതെ ഒരു സ്ത്രീക്കും അവളുടെ കഥ വായിക്കാൻ കഴിയില്ല എന്നതാണ് വസ്തുത. ഉത്രയുടെ മരണം സംബന്ധിച്ച് പലതരത്തിലുള്ള പ്രതികരണങ്ങൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് വാണി പ്രയാഗ് എന്ന യുവതിയുടെ കുറിപ്പ്. ഉത്ര ഒരാളല്ല, അങ്ങനെ ജീവിക്കേണ്ടി വരുന്ന സ്ത്രീകൾ നമുക്കിടയിലുണ്ടെന്ന് ഓർമിപ്പിക്കുന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ഉത്രയെ എനിക്കറിയാം, ഒന്നല്ല ഒരു പാട് ഉത്രമാരെ. അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്രമാർ. ഒരായിരം സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലൂടെയായിരിക്കും ഒരു പെൺകുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വളർന്നു വന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു ചുറ്റുപാടിലേക്കുള്ളൊരു പറിച്ചു നടൽ. തന്റെ പാതിയെ കുറിച്ച് അവൾക്ക് ഒരായിരം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.. ഒരുമിച്ച് നെയ്തു കൂട്ടേണ്ടുന്ന ഒരു വർണ്ണ കൊട്ടാരമുണ്ടാകും. ഇതിൽ സ്ത്രീധനം വില്ലനായി വരുന്നതെപ്പോഴാണ്? ഒരു കുഞ്ഞിനെ അതാണാവട്ടെ, പെണ്ണാവട്ടെ .. വളർത്തി വലുതാക്കി പതിനെട്ടോ ഇരുപതോ വയസാകുമ്പോൾ അല്ലെങ്കിൽ അതിനു മുൻപേ പലരും അവരുടെ ഉള്ളിലേക്ക് കുത്തിവെക്കുന്ന ഒരു വികാരം ഉണ്ട്. ആണ് കുടുംബം പുലർത്താനുള്ളതും പെണ്ണ് മറ്റൊരു വീട്ടിലേക്ക് ചെന്നു കയറാനുള്ളവളും.

ഇത്രയും കാലം വളർത്തി വലുതാക്കി ആരും കണ്ടാൽ മോഹിക്കുന്നൊരു പെണ്ണാക്കിയാൽ മാത്രം പോരാ സ്വർണം കൊണ്ട് അടിമുടി മൂടണം. ആ കച്ചവടത്തിൽ അവളുടെ വിദ്യാഭ്യാസത്തിനോ, സൗന്ദര്യത്തിനോ കാഴ്ചപ്പാടിനോ പുല്ലുവില പോലും സമൂഹം നൽകുന്നില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ഏതെങ്കിലും തരത്തിൽ കുറവുള്ളവളാണെങ്കിൽ പറയുകയും വേണ്ട. ആ മാതാപിതാക്കളുടെ ജീവിതാവസാനം വരെ ഊറ്റിപ്പിഴിയും അതുങ്ങളെ. കഴിഞ്ഞ ദിവസം നമ്മൾ പത്രങ്ങളിൽ വായിച്ച ഉത്രയുടെ ജീവിതത്തെ കുറിച്ച് പറയുമ്പോൾ രക്ഷിതാക്കളോട് ഒന്നു മാത്രമാണ് പറയാനുള്ളത്. നിങ്ങളുടെ പെൺമക്കളെ നിങ്ങൾ കാണേണ്ടത് ഒരു വിൽപന ചരക്കായല്ല. മറിച്ച് അവർക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഒന്നുണ്ട്. തന്റേടം. ജീവിതത്തെ കുറിച്ചുള്ള ബോധം, ചുറ്റുപാടിനെ കുറിച്ചുള്ള ദീർഘവീക്ഷണം.

അല്ലാതെ മകളെ എംഎക്കാരി ആക്കിയതു കൊണ്ടോ ഇട്ടു മൂടുന്ന പൊന്നു കൊണ്ട് തുലാഭാരം നടത്തിയതു കൊണ്ടോ അവർക്കെന്താണ് ലഭിക്കുന്നത്. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്. ആരാന്റെ അകത്തളങ്ങളിൽ കരിപുരണ്ട് പോകേണ്ട ഒന്നല്ല പെണ്ണ് എന്ന് ബോധ്യമുണ്ടാകണം. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ മഹാനെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കിൽ മുഴുവനാവില്ല. നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകൾക്ക് ഒരു പുരുഷനായി അംഗീകരിക്കാൻ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ല.

English Sumamry: Vani Prayag's Post Viral In Social Media