https://img-mm.manoramaonline.com/content/dam/mm/mo/health/health-news/images/2020/5/21/covid-vaccine.jpg

കോവിഡ് 19 വാക്സിന്‍ കണ്ടെത്തിയാലും കാത്തിരിക്കുന്നത് തിരസ്കരണം പോലുള്ള വെല്ലുവിളികള്‍

by

കോവിഡ് 19 വാക്സിന്‍ കണ്ടെത്താന്‍ നിലവില്‍ രാജ്യങ്ങള്‍ തമ്മിൽ മത്സരിക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ വികസിപ്പിച്ചെടുത്തെന്നും ഇതിന്റെ ആദ്യ ഘട്ട പരീക്ഷണം നടക്കുകയാണെന്നും നിലവില്‍ അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. 

എന്നാല്‍ അടുത്തിടെ അസോസിയേറ്റഡ് പ്രസ്-എൻ‌ആർ‌സി സെന്റർ ഫോർ പബ്ലിക് അഫയേഴ്‌സ് റിസർച്ചിൽ നടത്തിയ സർവേയിൽ പറയുന്നത് കോവിഡിന് വാക്സിന്‍ കണ്ടെത്തിയാല്‍തന്നെ പകുതി അമേരിക്കക്കാര്‍ക്കു മാത്രമേ വാക്സിന്‍ ലഭിക്കുകയുള്ളൂ എന്നാണ്. 31% പേർക്ക് വാക്സിനേഷൻ ലഭിക്കുമോ എന്ന് ഉറപ്പില്ല.

ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നത് ഏത് രാജ്യക്കാർ എന്നത് കാര്യമാക്കില്ല. ഫലപ്രദമായ വാക്സിൻ ലഭിക്കുക എന്നതാണ് പ്രധാനം. സെപ്​തംബറിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ അടുത്ത വര്‍ഷത്തോടെ പുറത്തിറക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനയും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ബുധനാഴ്ച പുറത്തിറക്കിയ പോളില്‍ പറയുന്നത് വാക്സിന്‍ കണ്ടെത്തിയാല്‍തന്നെ അമേരിക്ക നേരിടാന്‍ പോകുന്ന പുതിയ പ്രശ്നം വാക്സിന്‍ തിരസ്കരണം ആകുമെന്നാണ്. ഇതുവരെ 1,00,000 ആളുകളാണ് അമേരിക്കയില്‍ കോവി‍ഡ് ബാധിച്ച് മരണമടഞ്ഞത്. പോളില്‍ പങ്കെടുത്ത 49% ആളുകള്‍ തങ്ങള്‍ വാക്സിന്‍ സ്വീകരിക്കുമെന്നു അറിയിച്ചപ്പോള്‍ 20% ആളുകള്‍ തങ്ങള്‍ വാക്സിന്‍ സ്വീകരിക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. 

എന്നാല്‍ വാക്സിന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ ആളുകളുടെ മനോഭാവം മാറിയേക്കാമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. സാധാരണയായി ഒരു വാക്സിന്‍ കണ്ടെത്താനെടുക്കുന്ന സമയം നാലു വർഷം വരെയാണ്. എന്നാല്‍ കൊറോണയ്ക്ക് എത്രയും പെട്ടെന്ന് വാക്സിന്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഗവേഷകര്‍. ഇത്തരത്തില്‍ ഒരു വാക്സിന്‍ കണ്ടെത്തിയാല്‍തന്നെ അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് വേണ്ട പോലെ പഠനം നടത്താന്‍ സമയം ലഭിക്കുമോ എന്നും ആശങ്കയുണ്ട്. 

ഇതുവരെ ലോകത്താകമാനം ആറു മില്യന്‍ ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 350,000  ആളുകളാണ് ലോകമാകെ ഈ രോഗം മൂലം മരണമടഞ്ഞത്.