27കാരിയായ അര്‍ബീന മരിച്ചത് വിശപ്പ് സഹിക്കാനാകാതെയാണോ? മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയോ? മരിച്ചുകിടക്കുന്ന അമ്മയെ കുഞ്ഞ് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ ഹൃദയം തകര്‍ത്ത സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളുന്നയിച്ച് കോടതി

by

പാറ്റ്‌ന: (www.kvartha.com 29.05.2020) 27കാരിയായ അതിഥി തൊഴിലാളിയായ സ്ത്രീ പട്ടിണി മൂലം മരിച്ചതും അമ്മ മരിച്ചത് അറിയാതെ തട്ടി വിളിക്കുന്ന കുഞ്ഞും രാജ്യത്തിന്റെ ഹൃദയം തകര്‍ത്ത സംഭവമായിരുന്നു. ബീഹാറിലെ മുസഫര്‍പൂര്‍ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ യുവതി പട്ടിണി മൂലം മരിച്ചപ്പോള്‍ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന അവളുടെ മകന്റെ മുഖമാണ് രാജ്യത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ട കോടതിയും ഞെട്ടി. വീഡിയോ പുറംലോകത്തെത്തിയതോടെ കേസെടുത്ത കോടതി സംഭവത്തെ ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമെന്നാണ് വിശേഷിപ്പിച്ചത്.

https://1.bp.blogspot.com/-SGJS586n1jQ/XtC8iI_vwZI/AAAAAAAAP9M/vWfc49OVDi4B-i8HeKtPeOoa-7P4qTc8ACLcBGAsYHQ/s1600/mother-death.jpg

''പോസ്റ്റ്‌മോര്‍ട്ടം നടത്തിയോ? സ്ത്രീ മരിച്ചത് വിശപ്പ് സഹിക്കാനാകാതെയാണോ? നിയമപാലകര്‍ എന്ത് നടപടിയാണ് എടുത്തത്? ആചാരപ്രകാരവും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരവും എവിടെ വച്ചാണ് മരിച്ചയാളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്? അമ്മ മരിച്ചതോടെ ആ കുട്ടികളുടെ/ സഹോദരങ്ങളുടെ സംരക്ഷണം ആരാണ് ഏറ്റെടുത്തിരിക്കുന്നത് ? '' സംഭവത്തില്‍ കേസെടുത്ത കോടതി ജഡ്ജിമാര്‍ നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു അതിഥി തൊഴിലാളിയായ അര്‍ബീന(27). മതിയായ ആഹോരമോ വെള്ളമോ ലഭിക്കാതെ ക്ഷീണിതയായിരുന്നു അവരെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

''സ്ത്രീ മാനസ്സിക വെല്ലുവിളി നേരിടുന്നയാളാണ്. സൂറത്തില്‍ നിന്നുള്ള യാത്രക്കിടെ സ്വാഭാവിക മരണമാണ് അവര്‍ക്ക് സംഭവിച്ചത്. '' എന്ന് ബീഹാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എസ് ഡി യാദവ് പറഞ്ഞു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മൊഴി എടുത്തതിന് ശേഷം മുസഫര്‍പൂര്‍ സ്റ്റേഷനില്‍ വച്ച് റെയില്‍വെ അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം അര്‍ബീന സഹോദരിക്കും സഹോദരീ ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ഒരു മകന്‍ മാത്രമാണ് അര്‍ബീനയ്ക്ക് ഉള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അര്‍ബീനയ്ക്ക് റഹ്മാന്‍ മാത്രമല്ല ഫര്‍മാന്‍ എന്ന് പേരായ നാല് വയസ്സുകാരന്‍ സഹോദരനുണ്ടെന്നും ബന്ധുക്കള്‍ തിരുത്തി. മാത്രമല്ല അര്‍ബീന മാനസ്സിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന അഭിഭാഷകന്റെ വാക്കുകളും അവര്‍ തിരുത്തി.

തന്റെ മകള്‍ക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. അവള്‍ മാനസ്സിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് പറഞ്ഞത് തങ്ങളെ വേദനിപ്പിച്ചുവെന്നും അര്‍ബീനയുടെ പിതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് വീണ്ടും ജൂണ്‍ മൂന്നിന് പരിഗണിക്കും.

Keywords: News, National, India, Bihar, Railway, Women, Death, Case, Court, Government, lawyer, Judge, Judiciary, Shocking and Unfortunate Court on Child and Death Mother Video from Musfarpur