ഒരു ദിവസത്തിനിടെ ഏഴായിരത്തിന് മുകളില്‍ രോഗികള്‍; രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു

https://www.mathrubhumi.com/polopoly_fs/1.4791810.1590725459!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടെ 7,466 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ നിരക്കില്‍ റെക്കോര്‍ഡാണിത്. 175 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 

1,65,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവരുടെ എണ്ണം 4706 ആകുകയും ചെയ്തു. 71,105 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതിനിടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി. മരണ നിരക്കില്‍ ചൈനയെ മറികടക്കുകയും ചെയ്തു. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്. 

യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 59546 പേര്‍ക്ക് ഇതുവരെ രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. 1982 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കില്‍ രണ്ടാമത് ഗുജറാത്താണ്. 960 മരണമാണ് ഗുജറാത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 15562 പേര്‍ക്ക് അവിടെ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ 19372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 145 മരണവുമുണ്ടായി.

Content Highlights: 7,466 Coronavirus Cases In India In 24 Hours, Biggest Jump