വയനാടിന്റെ വീരേന്ദ്രകുമാര്‍
കല്പറ്റയിലെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം.പി. വീരേന്ദ്രകുമാറുമായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി സൗഹൃദം പങ്കിടുന്നു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സമീപം
കല്പറ്റ: വയനാട്ടില്‍നിന്ന് ലോകമാകെ സഞ്ചരിക്കുകയും എത്തിപ്പെട്ടിടത്തെല്ലാം വയനാടിന്റെ പെരുമകളെ അടയാളപ്പെടുത്തുകയും ചെയ്ത വിശ്വപൗരനാണ് വയനാടിന് എം.പി. വീരേന്ദ്രകുമാര്‍. എഴുത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭൂമികയില്‍ ഈ നാടിന് വീരേന്ദ്രകുമാറിനോളം പോന്ന പ്രതിഭകള്‍ വേറെയില്ല. എല്ലാ അര്‍ഥത്തിലും അതുകൊണ്ടുതന്നെ വീരേന്ദ്രകുമാര്‍ എക്കാലവും വയനാടിന്റെ കൊടിയടയാളവും സ്വകാര്യമായ അഹങ്കാരവുമായി എന്നും നിലനിന്നു.
ബാല്യം മുതല്‍ വയനാട് പകര്‍ന്നുതന്ന അറിവുകളും പിതാവ് പത്മപ്രഭാഗൗഡരില്‍ നിന്ന് ആര്‍ജിച്ച രാഷ്ട്രീയബോധവുമാണ് തന്നെ രൂപപ്പെടുത്തിയതെന്നും വളര്‍ത്തിയതെന്നും വീരേന്ദ്രകുമാര്‍ എപ്പോഴുമോര്‍ക്കുകയും പറയുകയും ചെയ്തു. പത്മപ്രഭയുടെയും സഹോദരന്‍ എം.കെ. ജിനചന്ദ്രന്റെയും സാംസ്‌കാരിക, രാഷ്ട്രീയ ധാരകളുടെ സമന്വയവും തുടര്‍ച്ചയുമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന പ്രതിഭ. അവസാനകാലത്തുള്‍പ്പെടെ എല്ലാ വേദികളിലും അദ്ദേഹം തന്നെ അത് പലയാവര്‍ത്തി പറഞ്ഞുവെക്കുകയും ചെയ്തു.
പത്മപ്രഭയാണ് തന്നെ എഴുത്തിലേക്കും വായനയിലേക്കും നയിച്ചതെന്നും ജിനചന്ദ്രനില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് താനൊരു സഞ്ചാരിയായതെന്നും പലപ്പോഴും അദ്ദേഹം പറഞ്ഞു. ആവശ്യത്തിലേറെ സ്വത്തുണ്ടായിട്ടും സോഷ്യലിസത്തിന്റെ പാതയുള്‍ക്കൊണ്ട, വീരേന്ദ്രകുമാറിന്റെ പിതാവ് എം.കെ. പത്മപ്രഭാഗൗഡര്‍ വയനാടിന് ഏറ്റവും പ്രിയപ്പെട്ട പൂര്‍വസൂരികളിലൊരാളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാല നേതാക്കളില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്നു ജിനചന്ദ്രന്‍. ആധുനിക വയനാടിന്റെ ഈ ശില്പികളുടെ മൂല്യബോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍ഗാമിയായ വീരേന്ദ്രകുമാര്‍ അടിയുറച്ച നിലപാടുകളിലൂടെ ഈ നാടിന്റെ വിശ്വപൗരനായി വളര്‍ന്നു.
നാടിന്റെ പച്ചമണ്ണിനെയും നാട്ടുമനുഷ്യരെയും തൊട്ടറിഞ്ഞ, അവര്‍ക്കൊപ്പം ജീവിച്ച് അവരെ നയിച്ചയാളായിരുന്നു വയനാടിന് എം.പി. വീരേന്ദ്രകുമാര്‍. വയനാടിന്റെ വര്‍ത്തമാനവും ഭാവിയും നിശ്ചയിച്ച ധിഷണാശാലി. കേന്ദ്രമന്ത്രിയോളം വലുതായപ്പോഴും അധികാരങ്ങളില്‍നിന്നും വഴിമാറിനടന്നപ്പോഴും ഈ നാടിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം എം.പി. വീരേന്ദ്രകുമാര്‍ എപ്പോഴുമുണ്ടായിരുന്നു. ഗ്രാമീണ റോഡുകള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളുടെയും നിര്‍മാണത്തില്‍, കര്‍ഷകരുടെ, കുടിയേറ്റക്കാരുടെ ആദിവാസി വിഷയങ്ങളില്‍ നിരന്തരം ഇടപെട്ട് ആധുനിക വയനാടിന്റെ താത്പര്യങ്ങള്‍ക്കൊപ്പം എക്കാലത്തും അദ്ദേഹം നിലകൊണ്ടു.
1980-ല്‍ വയനാട് ജില്ലാ രൂവപത്കരണത്തിന് മുഖ്യപങ്ക് വഹിച്ചു. ജില്ലാ ആസ്ഥാനത്തിന് വേണ്ടി വിട്ടുകൊടുത്തത് ഇദ്ദേഹം ഭാരവാഹിയായ അനന്തകൃഷ്ണപുരം ജെയിന്‍ ബോര്‍ഡിങ് ട്രസ്റ്റിന്റെ കൃഷ്ണഗൗഡര്‍ ഹാളാണ്. പത്തുവര്‍ഷത്തോളം ഇവിടെയാണ് ആസ്ഥാനം പ്രവര്‍ത്തിച്ചത്.
മനസ്സിലെന്നും വയനാട്
സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായ 1936 ജൂലായ് 22-ന് കല്പറ്റയില്‍ തന്നെയായിരുന്നു ജനനം. അച്ഛന്റെ പാത തുടര്‍ന്ന് ചെറുപ്പം മുതലേ പൊതുകാര്യങ്ങളില്‍ ആകൃഷ്ടനായി.
രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം 1987-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തതും കല്പറ്റ തന്നെ. 17,958 വോട്ടിന് സി. മമ്മൂട്ടിയെ തോല്പിച്ച് നിയമസഭയിലെത്തിയത് വനംവകുപ്പ് മന്ത്രിയായി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും അതിനകംതന്നെ വനങ്ങളിലെ മരം മുറിക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടുകാരന്റെ കാടിനോടുള്ള കരുതല്‍ തന്നെയായിരുന്നു അതിന് പിന്നില്‍. ജനപ്രതിനിധിയായി നിന്ന ആ കാലയളവിലാണ് വയനാട്ടിലെ ഗ്രാമീണറോഡുകളും പാലങ്ങളും മിക്കതും യാഥാര്‍ഥ്യമായത്. ഉള്‍നാടുകളിലേക്ക് ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലുകളുണ്ടായി.
ഇതോടൊപ്പം തന്നെ കല്പറ്റ ഗവ. കോളേജ്, ഐ.ടി.ഐ., സ്‌കൂളുകള്‍ തുടങ്ങി ജില്ലയുടെ വിദ്യാഭ്യാസപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രദ്ധേയമായ ഇടപെടലുകളും ഉണ്ടായി. വയനാട്ടിലെ കാര്‍ഷിക, പരിസ്ഥിതി വിഷയങ്ങളിലും നിരന്തരം ഇടപെടലുകള്‍ നടത്തിക്കൊണ്ടേയിരുന്നു. കാപ്പിക്കര്‍ഷകരുടെ പൊതുവായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബെംഗളൂരുവിലെ കോഫി ബോര്‍ഡ് ആസ്ഥാനത്ത് കാപ്പി കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ സമരം ദേശീയ ശ്രദ്ധനേടി. അസംഘടിതരായി നിന്ന കാപ്പിക്കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും കൃത്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം മുമ്പില്‍ നടന്നു. ബാണാസുര സാഗര്‍ ഡാം നിര്‍മാണ കാലത്തും ഇത്തരത്തില്‍ ജനകീയ ഇടപെടലുകള്‍ ഉണ്ടായി. ഡാം നിര്‍മാണത്തിനായി വലിയ തോതില്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളുടെ ഭൂമി കൂടി കെ.എസ്.ഇ.ബി.യില്‍ സമര്‍ദം ചെലുത്തി ഏറ്റെടുപ്പിക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിലും കാര്യമായ ഇടപെടലുകള്‍ നടത്തി.
കേന്ദ്രമന്ത്രിയായിരുന്നപ്പോഴും വയനാടിനോടുള്ള പരിഗണനകള്‍ തുടര്‍ന്നു. വയനാടിന്റെ വികസനചര്‍ച്ചകളില്‍ എല്ലായിപ്പോഴും മാതൃക എം.പി. വീരേന്ദ്രകുമാര്‍ തന്നെയായിരുന്നു. വയനാട്ടില്‍ നിന്നുള്ള ആദ്യത്തെ ദേശീയ വ്യക്തിത്വമായി വളരുമ്പോഴും സാധാരണക്കാരന് എല്ലായിപ്പോഴും പ്രാപ്യനായി തുടരാന്‍ തന്നെ അദ്ദേഹത്തിനായി.
പുളിയാര്‍മലയിലെവീട്ടുമുറ്റത്തെത്തുന്ന ആബാലവൃന്ദം ജനത്തിന് ആവലാതികള്‍ അദ്ദേഹം കേട്ടാല്‍ മാത്രം മതിയായിരുന്നു. സഞ്ചാരി കൂടിയായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ ഏതു യാത്രകള്‍ക്കൊടുക്കവും ചുരം കയറിയെത്തിയത് വയനാട് തന്നെ കാത്തിരിക്കുന്നുവെന്ന തിരിച്ചറിവോടുകൂടിത്തന്നെയായിരുന്നു. അവസാനമായി ചുരം കയറുമ്പോഴും വയനാട്ടുകാര്‍ അദ്ദേഹത്തെ കാത്തിരിക്കുക തന്നെയാണ്. യാത്രാമൊഴി ചൊല്ലാന്‍.
Content Highlight: M.P Veerendrakumar and Wayanad