മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍

https://www.mathrubhumi.com/polopoly_fs/1.1513598.1479406404!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. യുഎസ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും അടുത്തിടെയായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിനാണ് ഇരുവരും അവസാനമായി സംവദിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്ഥാപിതമായ സംവിധാനങ്ങളിലൂടെയും നയതന്ത്ര സമ്പര്‍ക്കങ്ങളിലൂടെയും തങ്ങള്‍ നേരിട്ട് ചൈനയുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. 

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി അറിയിച്ചിരുന്നു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മാനസികാവസ്ഥയിലല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: There has been no recent contact b/w PM Modi&US President Trump-gov