'മറക്കാനാവില്ല ആ കണ്ണൂര്‍യാത്ര, മലയാള കഥയുടെ കുലപതിയെന്ന പട്ടം ചാര്‍ത്തിത്തന്നതും അദ്ദേഹം'

എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായകരമായ പ്രവൃത്തികള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം.

https://www.mathrubhumi.com/polopoly_fs/1.4791807.1590725341!/image/image.jpg_gen/derivatives/landscape_894_577/image.jpg
ടി.പത്മനാഭനും എം.പി.വീരേന്ദ്രകുമാറും. (ഫയൽ ചിത്രം). ഫോട്ടോ: കെ.ആർ. പ്രമോദ്

തന്നെ മലയാള കഥയുടെ കുലപതിയെന്ന് ആദ്യമായി വിശേഷിപ്പിച്ചത് എം.പി. വീരേന്ദ്രകുമാറാണെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍ അനുസ്മരിച്ചു. ഭാര്യ രോഗബാധിതയായപ്പോള്‍ താന്‍ പോലും ആവശ്യപ്പെടാതെ തൃശൂരില്‍ നിന്ന് കണ്ണൂരിലെത്തിച്ച ഒരു അനുഭവവും പത്മനാഭന്‍ ഓര്‍ത്തെടുത്തു.

പത്മനാഭന്റെ അനുസ്മരണം:

വീരേന്ദ്രകുമാറിന്റെ നിര്യാണം എന്നെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ധാരാളം ഓര്‍മകളുണ്ട്. അതില്‍ പലതും തികച്ചും വ്യക്തിപരമാണ്. ഇതുവരെ പുറത്ത് പറയാത്ത വ്യക്തിപരമായ ഒരു അനുഭവം ആദ്യമായി ഇവിടെ ഓര്‍ത്തെടുക്കുകയാണ്.

എന്റെ എഴുത്തിന്റെ അമ്പതാം വാര്‍ഷികം തൃശൂരില്‍ സംഘടിപ്പിച്ചിരുന്നു. പീച്ചി ഗസ്റ്റ് ഹൗസിലായിരുന്നു ഗംഭീരമായ ചടങ്ങ്. അങ്കണം ഷംസുദ്ദീനായിരുന്നു സംഘാടകന്‍. മൂന്ന് ദിവസത്തെ പരിപാടികള്‍ക്ക് മുന്നോടിയായി ഒരു ദിവസം തൃശൂര്‍ ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. ഞാന്‍ തൃശൂരിലേയ്ക്ക് പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍, ഏത് ഹോട്ടലിലാണ് താമസിക്കുക എന്നു പറഞ്ഞിരുന്നില്ല. ഒന്നാമത്തെ ദിവസത്തെ ഉദ്ഘാടനം എം.എ.ബേബിയായിരുന്നു നിര്‍വഹിച്ചിരുന്നത്. ഏത് ഹോട്ടലിലാണ് താമസം എന്ന് എനിക്കറിയുമായിരുന്നില്ല. ഷംസുദ്ദീന്‍ ഏര്‍പ്പാടാക്കിയ ഹോട്ടലിലായിരുന്നു താമസം. രാത്രി മാതൃഭൂമിയുടെ തൃശൂര്‍ ഓഫീസിലെ ഒരു മാനേജര്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നു. വീരേന്ദ്രകുമാര്‍ സാര്‍ വിളിച്ച് എനിക്ക് അന്ന് രാത്രി തന്നെ കണ്ണൂരിലേയ്ക്ക് പോകാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ച കാര്യം പറഞ്ഞു. അതിനുവേണ്ടി കാറും ഡ്രൈവറുമെല്ലാം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം മടിച്ചുകൊണ്ട് കാര്യം പറഞ്ഞത്. എന്റെ ഭാര്യയ്ക്ക് ഗുരുതരമായ ഒരു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. ട്രെയിനിലാണ് പോകുന്നതെങ്കില്‍ വൈകീട്ട് മാത്രമേ കണ്ണൂരില്‍ എത്താനാവൂ. പക്ഷേ, കാറിലായതിനാല്‍ ഞാന്‍ രാത്രി ഒരു മണിക്കു തന്നെ കണ്ണൂരിലെത്തി. നേരെ പോയത് ആശുപത്രിയില്‍. ഭാര്യ അബോധാവസ്ഥയിലായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അത്. എനിക്കോ ആ ചടങ്ങിനോ തൃശൂര്‍ മാതൃഭൂമിയുമായി ഒരു ബന്ധവുമില്ല. പോയത് മാതൃഭൂമിയുടെ ഒരു ചടങ്ങിനുമല്ല. എന്നിട്ടും അദ്ദേഹം കേട്ടറിഞ്ഞ് ചെയ്ത ഒരു കാര്യമാണത്. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായകരമായ പ്രവൃത്തികള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. മനുഷ്യന്‍ നന്ദിയുള്ളവനായിരിക്കണം എന്നുള്ളതുകൊണ്ട് ഞാന്‍ ആ കാര്യങ്ങള്‍ ഇവിടെ അനുസമരിക്കുകയാണ്. മലയാള കഥയുടെ കുലപതി എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, പലര്‍ക്കും അറിയില്ല ഈ പ്രയോഗത്തിന്റെ കര്‍ത്താവ് ആരാണെന്ന്. കല്‍പറ്റയില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഒരു യോഗത്തില്‍ വച്ച് എന്നെ മലയാള കഥയുടെ കുലപതിയെന്ന് അഭിസംബോധന ചെയ്ത് വീരേന്ദ്രകുമാണ്. പിന്നെ ആളുകള്‍ സ്ഥിരമായി എഴുതുമ്പോഴും പറയുമ്പോഴും എന്നെ അങ്ങനെ വിശേഷിപ്പിച്ചുതുടങ്ങി. എനിക്ക് ഒരു കഥയ്ക്ക് മൂവായിരം രൂപ പ്രതിഫലം തന്നത് വീരേന്ദ്രകുമാറിന്റെ നിര്‍ദേശപ്രകാരമാണ്. ആ മൂവായിരം പിന്നീട് ഇരുപതിനായിരമായതും അദ്ദേഹത്തിന്റെ നിര്‍ദേപ്രകാരം തന്നെ.

Content Highlights: TPadmanabhan Remembers MPVeerendra Kumar