https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/covid-19-britain-doctors.jpg
ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നതിനായി ബ്രിട്ടനിൽ നടക്കുന്ന നാഷനൽ ക്ലാപ് ഡേയിക്കിടെ മൗന പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ

ബ്രിട്ടനിൽ ലോക്‌ഡൗൺ ഇളവുകൾ; പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ പുനരാരംഭിക്കും

by

ലണ്ടൻ∙ ജൂൺ 17ന് പ്രീമിയർ ലീഗ് പുനരാരംഭിച്ചും ജൂൺ അവസാനത്തോടെ പബ്ബുകൾ തുറന്നും രാജ്യത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തിടുക്കം കാട്ടുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂൺ ഒന്നിന് സ്കൂളുകൾ ഭാഗികമായി തുറക്കുന്നതോടെ ആരംഭിക്കുന്ന ലോക്ഡൗൺ ഇളവുകൾ ദിവസേന വർധിപ്പിക്കുന്നതിന്റെ വിവരങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ആദ്യം എതിർത്തു നിന്നെങ്കിലും ഇപ്പോൾ ഇംഗ്ലണ്ടിന്റെ സ്കോട്ട്ലൻഡ് ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങളും ഇതേപാത പിന്തുടരുകയാണ്.

സ്കോട്ട്ലൻഡിൽ ഇന്നു മുതൽ എട്ടുപേർക്ക് ഒരുമിച്ച് പുറത്തിറങ്ങാം. വ്യത്യസ്ത കുടുംബങ്ങളിൽനിന്ന് ഉള്ളവരാണെങ്കിൽ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് മാത്രം. ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ ആറുപേർക്കാണ് ഒരുമിച്ച് പുറത്തിറങ്ങാൻ അനുമതിയുള്ളത്. പുറത്തിറങ്ങുന്നവർ സാമൂഹിക ഉത്തരവാദിത്വം പാലിക്കണമെന്ന് ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് പറഞ്ഞു. 

സ്കൂളിനൊപ്പം കാർ ഷോറൂമുകളും മാർക്കറ്റ് ഹാളുകളും തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. 15 മുതൽ അവശ്യ സർവീസ് അല്ലാത്ത മറ്റ് കടകളും തുറക്കും. മാർച്ച് 13ന് നിർത്തിവച്ച പ്രീമിയർ ലീഗ് മത്സരങ്ങൾ ജൂൺ 17ന് പുനരാരംഭിക്കാനാണ് ആലോചന. ആസ്റ്റൺ വില്ല- ഷെഫീൽഡ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി- ആഴ്സനൽ മത്സരങ്ങളോടെയാകും സീസണ് വീണ്ടും തുടക്കം കുറിക്കുക. 92 ഫിക്സ്റുകളാണ് ഇനി പ്രീമിയർ ലീഗിൽ പൂർത്തിയാക്കാനുള്ളത്. പബ്ബുകളും റസ്റ്ററന്റുകളും ജൂലൈ ആദ്യവാരം തുറക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ ഇതും നേരത്തെയാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകിക്കഴിഞ്ഞു. 

ലോക്‌ഡൗൺ പ്രഖ്യാപിച്ചതു മുതൽ അടഞ്ഞുകിടക്കുന്ന ബാർബർ ഷോപ്പുകൾ ജൂൺ മധ്യത്തോടെ തുറക്കാൻ അനുമതി നൽകണമെന്ന് പതിനായിരത്തിലേറെ ഷോപ്പുകളുടെ കൂട്ടായ്മയായ‘ദ് ഹെയർ ആൻഡ് ബാർബർ കൗൺസിൽ’ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു ജൂലൈയിലെ അനുമതി നൽകാനാകൂ എന്ന നിലപാടിലാണ് സർക്കാർ. ബ്രിട്ടനിൽ രോഗവ്യാപനം തടയാനായി പുതുതായി ആരംഭിച്ച കോൺടാക്റ്റ് ട്രേസിങ് സംവിധാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ചില സ്ഥലങ്ങളിൽ സാങ്കേതിക തടസംമൂലം പുതിയ സംവിധാനം തുടങ്ങാൻ വൈകി. 

തിരഞ്ഞെടുക്കപ്പെട്ട 25,000 കോൺടാക്റ്റ് ട്രേസർമാർ കോവിഡ് പോസിറ്റീവ് ആയവരെ വിളിച്ച്, അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, അവരോട് ക്വാറന്റീനിലോ ഐസലേഷനിലോ പോകാൻ ആവശ്യപ്പെടുന്ന സംവിധാനമാണിത്. രാജ്യം മൊത്തത്തിൽ അടച്ചിടുന്നതിനു പകരം രോഗികളെയും അവരുമായി സമ്പർക്കത്തിലായവരെയും മാത്രം ഇൻഡിവിഡുവൽ ഐസലേഷനിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

പലകാരണങ്ങളാൽ ബ്രിട്ടനിൽ കുടുങ്ങിപ്പോയ മലയാളികളെ ലണ്ടനിൽനിന്നു കൊച്ചിലിയേക്ക് ചാർട്ടേർഡ് വിമാനത്തിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന സംഘടന ഇന്ത്യൻ ഹൈക്കമ്മിഷനുമായും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.  377 പേരാണ് ഇന്നലെ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി   .

English Summary : Britain to reatart premier league amid covid fear