കോവിഡ് ബാധിച്ച സംസ്ഥാനത്ത് എട്ടാമത്തെ മരണം ; കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399344/corona-virus.jpg

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി (65) ആണ് മരിച്ചത്. ഗുരുതരമായ നിലയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഈ മാസം 11 നായിരുന്നു ഇദ്ദേഹം അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള എട്ടാമത്തെ മരണമാണ്. കടുത്ത പ്രമേഹമാണ് പ്രശ്‌നമായത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 18 ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോഷിയെ 27നായിരുന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. പ്രമേഹം ഉയര്‍ന്ന നിലയിലായിരുന്നതാണ് ചികിത്സയില്‍ തിരിച്ചടിയായതെന്നാണ് വിവരം.

ഇക്കാര്യം കണ്ടെത്താന്‍ വൈകിയെന്നുമാണ് കോട്ടയത്തെ ഡോക്ടര്‍മാര്‍ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഇരട്ടിക്കുന്ന നിലയിലാണ് കേരളത്തില്‍ കോവിഡിന്റെ പോക്ക്. രോഗം ബാധിക്കുന്നതിന്റെ ദേശീയ നിരക്കിനേക്കാള്‍ വേഗത്തിലാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ മാത്രം കേരളത്തില്‍ 84 പേരുടെ പരിശോധനാഫലമാണ് പോസിറ്റീവായി മാറിയത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ കേരളത്തിന് പുറത്ത് നിന്നും വന്നവരായിരുന്നു. 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നുമാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അഞ്ചുപേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണ്. പുതിയതായി ആറ് ഹോട്ട്സ്പോട്ടുകള്‍ കൂടിയായി. കാസര്‍ഗോഡ് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരിയില്‍ ഒന്നുമുണ്ട്.