ഗൾഫ് നാടുകളിൽ മലയാളി മരണം കൂടുന്നു; പ്രവാസികളിൽ ആശങ്ക

ഇതുവരെ മരിച്ചത് 134 മലയാളികൾ

by
https://www.mathrubhumi.com/polopoly_fs/1.4742867.1588816521!/image/image.jpg_gen/derivatives/landscape_894_577/image.jpg

ദുബായ്: വിവിധ ഗൾഫ് നാടുകളിൽനിന്ന് നിത്യേന വരുന്ന കോവിഡ്-19 വാർത്തകളിൽ ഇപ്പോൾ ശ്രദ്ധേയം മലയാളികളുടെ മരണത്തിലുണ്ടാവുന്ന വർധനയാണ്. വ്യാഴാഴ്ച ഉച്ചവരെയായി 134 മലയാളികളാണ് ഗൾഫ് നാടുകളിൽ മരിച്ചത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു.

ഗൾഫിലെ മൊത്തം കോവിഡ് മരണം ഇതുവരെയായി 943 ആണ്. ഇതിൽ 134-ഉം മലയാളികളാണെന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഗൾഫ് നാടുകളിലെ മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതിനകം 95,000-ത്തോളം പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. രോഗികളുടെ കാര്യത്തിൽ സൗദി അറേബ്യ (78,541), ഖത്തർ (48,974), യു.എ.ഇ. (31,960), കുവൈത്ത് (23,267) എന്നിങ്ങനെയാണ് മുന്നിൽനിൽക്കുന്നത്. ഖത്തർ മരണത്തിന്റെ കാര്യത്തിൽ താരതമ്യേന പിന്നിലാണ്. ഇതുവരെയായി മുപ്പതുപേരാണ് ഖത്തറിൽ മരിച്ചത്. എന്നാൽ, സൗദി അറേബ്യ (425), യു.എ.ഇ. (255), കുവൈത്ത് (175) എന്നിവ മരണനിരക്കിൽ മുന്നിലാണ്.

ബുധനാഴ്ച എട്ടും വ്യാഴാഴ്ച ഉച്ചവരെ മൂന്നും മലയാളികളാണ് മരിച്ചത്. പ്രവാസി ജനസംഖ്യയിൽ ഈ രാജ്യങ്ങളിൽ മലയാളി സാന്നിധ്യം കൂടുതലാണ്. ഇതാവാം മരണത്തിന്റെ കണക്കുകളിലും പ്രതിഫലിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകർ വിലയിരുത്തുന്നു. രണ്ടുദിവസംമുമ്പുവരെയുള്ള കണക്കനുസരിച്ച് യു.എ.ഇ.യിലാണ് മലയാളികൾ ഏറെയും മരിച്ചത്-73 പേർ. സൗദി അറേബ്യ-25, കുവൈത്ത്-23, ഖത്തർ-രണ്ട്, ഒമാൻ-രണ്ട് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മലയാളി മരണം. മരിച്ച മലയാളികളിൽ വലിയൊരു ശതമാനം വലിയ പ്രായമില്ലാത്തവരായിരുന്നു എന്നതാണ് ഇതിനിടയിലും ആശങ്ക ഉണർത്തുന്നത്.

ശരിയായ സമയത്ത് ചികിത്സ തേടാത്തതും വേണ്ടത്ര ചികിത്സകിട്ടാത്തതും മരണത്തിലേക്ക് നയിച്ച കാരണങ്ങളാവാം. മരിച്ചവരിൽ പലർക്കും മറ്റുപല രോഗങ്ങളും ഉണ്ടായിരുന്നു എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. പ്രവാസികളുടെ ജീവിതശൈലിയും സമ്മർദംനിറഞ്ഞ ജീവിതവും അവരെ പലപ്പോഴും അവരറിയാതെതന്നെ പലവിധ രോഗങ്ങൾക്കും അടിമയാക്കുന്നുണ്ട്. എന്നാൽ, ഇവിടങ്ങളിലെ ചികിത്സച്ചെലവ് പേടിച്ച് പലരും ചികിത്സ നാട്ടിൽ പോവുമ്പോൾ ആവാം എന്നമട്ടിൽ രോഗത്തെ ഗൗനിക്കാതെ വിടാറുണ്ട്. നാട്ടിലെത്തി ഡോക്ടറെ കണ്ടശേഷം ഓരോ മൂന്നുമാസം കൂടുന്തോറും മരുന്നുകൾ എത്തിച്ച് കഴിക്കുന്നതാണ് ബഹുഭൂരിപക്ഷം മലയാളികളുടെയും രീതി. ലോക്ഡൗൺ ആയതോടെ ആ സംവിധാനം പല സ്ഥലത്തും ഇല്ലാതായി. ചിലർ മരുന്നുകളില്ലാതെ ബുദ്ധിമുട്ടുമ്പോൾ സന്നദ്ധസംഘടനകൾ മുഖേന സംഘടിപ്പിക്കുന്ന ബദൽ മരുന്നുകളുമായി ജീവിക്കുന്നവരും ധാരാളം. അടിയന്തര ഘട്ടങ്ങളിൽ മതിയായ ആരോഗ്യ ഇൻഷുറൻസ് സൗകര്യം ഇല്ലാത്തവരാകട്ടെ ചികിത്സ തേടാനും വൈകുന്നു. സർക്കാർ സംവിധാനങ്ങളിൽ കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും ക്വാറന്റീൻ സംവിധാനത്തിലെ ആശങ്കകാരണം പലരും ചികിത്സ വൈകിപ്പിക്കുന്നുമുണ്ട്.

രക്തസമ്മർദം, പ്രമേഹം, വൃക്കരോഗം, വൈറ്റമിൻ-ഡിയുടെ അഭാവം എന്നിവ പ്രവാസികളിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും കോവിഡ് ബാധിക്കുകയും ചെയ്യുന്നതോടെ ഈ രോഗങ്ങളും തലപൊക്കുന്നു. അതേസമയം, കോവിഡ് സൃഷ്ടിക്കുന്ന മാനസികപ്രശ്‌നങ്ങൾ ഏതാനുംപേരെ ആത്മഹത്യയിലേക്കും തള്ളിവിട്ടിട്ടുണ്ട്. രണ്ടുദിവസംമുമ്പ് കോവിഡ് ചികിത്സകഴിഞ്ഞ് തിരിച്ചെത്തിയ മലയാളി യുവാവ് ദുബായ് ദേരയിലെ ഒരു കെട്ടിടത്തിൽനിന്ന് വീണ് മരിച്ചതും ഈ മാനസികസംഘർഷം മൂലമാണെന്ന് സംസാരമുണ്ട്. തൊഴിൽ നഷ്ടപ്പെട്ടതിലെ വ്യഥ, നഷ്ടമാവുമോ എന്ന ആശങ്ക, നാട്ടിൽ പോയാൽ ഇനിയെന്ത് എന്നിങ്ങനെ നൂറായിരം മാനസിക സംഘർഷങ്ങളിലൂടെയാണ് പ്രവാസി മലയാളികൾ കടന്നുപോകുന്നത്. ഇതിനിടയിൽ ഉയരുന്ന മരണക്കണക്കുകൾ മറ്റുള്ളവരിലും വലിയ മാനസികപ്രയാസങ്ങൾ സൃഷ്ടിക്കുന്നു.