മാതൃഭൂമിക്കു കിട്ടാതെപോയ ഒരു ചീഫ് എഡിറ്റര്‍

by
https://www.mathrubhumi.com/polopoly_fs/1.4791770!/image/image.jpg_gen/derivatives/landscape_607/image.jpg

രനൂറ്റാണ്ടുമുമ്പ് ഞാന്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ എം.പി. വീരേന്ദ്രകുമാര്‍ ഇതൊന്നുമായിക്കഴിഞ്ഞിരുന്നില്ല. അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും കേരളം കണ്ട ഉജ്ജ്വല പ്രഭാഷകരിലൊരാളായിക്കഴിഞ്ഞിരുന്നില്ല. കേരളത്തിലെ വലിയ ചിന്തകരിലൊരാളായിരുന്നില്ല. പരക്കെ വായിക്കപ്പെടുന്ന

ഒരു എഴുത്തുകാരനായിക്കഴിഞ്ഞിരുന്നില്ല. വലിയൊരു പത്രസാമ്രാജ്യത്തിന്റെ സാരഥി ആയിരുന്നില്ല. നാല്‍പ്പതുവര്‍ഷമായി നാം കാണുന്ന വാഗ്മിതയും സര്‍ഗവൈഭവങ്ങളുമെല്ലാം അദ്ദേഹം പിന്നീടു സ്വയംകണ്ടെടുത്ത് ചിന്തേരിട്ടു മിനുക്കിയെടുത്തതാണ്. സംഭാവന ചോദിച്ചു ചെല്ലുന്നവരെ നിരാശപ്പെടുത്താത്ത ഒരു എസ്റ്റേറ്റ് മുതലാളി മാത്രമായിരുന്നു അന്നദ്ദേഹം.

ആദ്യ കൂടിക്കാഴ്ച

ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നതും ഒരു പിരിവിനായിരുന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ 'മനോരമ'യില്‍ ചേരുന്നതിനുമുമ്പ് കൊച്ചിയില്‍ 'അസാധു' മാസിക നടത്തിയിരുന്ന കാലം. തിരുവനന്തപുരത്ത് ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തി കൈപൊള്ളിയ യേശുദാസന്‍ കാര്‍ട്ടൂണ്‍ സര്‍ക്കസുമായി കോഴിക്കോട്ടെത്തുന്നു. ഇവിടെ നഷ്ടംവരാന്‍ പാടില്ലെന്നു മാത്രമല്ല, തിരുവനന്തപുരത്തെ എടുത്താല്‍പൊങ്ങാത്ത കടംവീട്ടുകയും വേണം. വീരേന്ദ്രകുമാറും കെ.ടി.സി.യുമൊന്നും അന്നു 'മാതൃഭൂമിയില്‍ വന്നിട്ടില്ല. കെ.ടി.സി.യിലെ പി.വി. ഗംഗാധരനെയും കോഴിക്കോട്ട് അന്ന് ഏത് അലമ്പിനും മുന്നിലുള്ള കെ.എന്‍. രാമദാസ് വൈദ്യരെയും ഞാന്‍ സംഘടിപ്പിച്ചുകൊടുത്തു. 

അന്നു മണര്‍കാട്ട് പാപ്പന്റെ കോഴിക്കോട്ടെ 'മഹാറാണി' ഹോട്ടലിന്റെ ജനറല്‍ മാനേജരായിരുന്ന പാലാ കെ.എം. മാത്യു, കാര്‍ വിട്ടുതന്നു. കോഴിക്കോട്ടെ പിരിവിനു ഞാന്‍കൂടി ഉണ്ടാവണമെന്നു യേശുദാസ് ആഗ്രഹിച്ചു. 'പിരിവുദീനക്കാരന്‍' എന്നു നഗരത്തില്‍ പേരുകിട്ടാതിരിക്കാന്‍ ഞാന്‍ ഒഴിഞ്ഞുമാറി. അതിന് യേശുദാസ് സമ്മതിച്ചതു വയനാട്ടില്‍ ചില എസ്റ്റേറ്റ് മുതലാളിമാരെ (എന്നെ പരിചയമില്ലാത്ത എന്ന് ആത്മഗതം) പിഴിയാന്‍ വരാമെന്ന കരാറിലാണ്. അങ്ങനെയാണു വീരേന്ദ്രകുമാറിന്റെ പുളിയാര്‍മല എസ്റ്റേറ്റില്‍ ഞാന്‍ എത്തുന്നത്. ഒരു എസ്റ്റേറ്റ് മുതലാളി എങ്ങനെയാണു സോഷ്യലിസ്റ്റാവുന്നതെന്നതായിരുന്നു അങ്ങോട്ടുള്ള യാത്രയിലെ ചിന്ത. പിന്നീടൊരിക്കലും ആ ചിന്ത അലട്ടിയിട്ടേയില്ല. കാരണം സോഷ്യലിസത്തിന് ആ കുടുംബത്തില്‍ രണ്ടു തലമുറകളായിട്ടെങ്കിലും കുടികിടപ്പവകാശമുണ്ടെന്ന് ആ യാത്രയില്‍ മനസ്സിലായി.

നേരിട്ടുള്ള കൂടിക്കാഴ്ച അന്നാദ്യമായിരുന്നെങ്കിലും ഫോണിലൂടെ ഞങ്ങള്‍ തമ്മില്‍ ഒരു ഇടപാടു നടന്നിട്ടുണ്ടായിരുന്നു. വൈകി വിവാഹം കഴിച്ച തീപ്പൊരി സോഷ്യലിസ്റ്റ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വധു, കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രി പ്രഫ. ഹുമായൂണ്‍ കബീറിന്റെ മകള്‍ ലൈലാ കബീറാണെന്നത് അന്ന് അവിശ്വസനീയതയോടടുത്ത വാര്‍ത്തയായിരുന്നു. വിവാഹത്തെത്തുടര്‍ന്നുള്ള ഒച്ചപ്പാടുകളില്‍നിന്ന് ഒളിച്ചോടി രഹസ്യമായി മധുവിധു ആഘോഷിക്കാന്‍ അവര്‍ വീരേന്ദ്രകുമാറിന്റെ ബംഗ്ലാവില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞായിരുന്നു എന്റെ വിളി. 'മാതൃഭൂമി' ഇതറിഞ്ഞു വിളിച്ചിട്ടില്ലല്ലോ, അതിനാല്‍ അവര്‍ അറിയാതെ നവദമ്പതികളെ കാണാന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ക്കും ഫൊട്ടോഗ്രാഫര്‍ക്കും അവസരം നല്‍കണമെന്നതായിരുന്നു എന്റെ ആവശ്യം. ഇര കണ്ടെത്തുന്നവനേ അതിന്മേല്‍ അവകാശമുള്ളൂ എന്ന തത്ത്വം അംഗീകരിച്ചു വീരന്‍ അത് ഏര്‍പ്പാടാക്കിത്തന്നു.

'മോബ്ല' മറന്ന യാത്ര

ഒരിക്കല്‍ കോഴിക്കോട്ടുനിന്നു കോട്ടയത്തിനു ഭാര്യാസമേതം ഞാന്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ വീരേന്ദ്രകുമാറും അടുത്തുണ്ടായിരുന്നു. പുലര്‍ച്ചെ കൊച്ചിയില്‍ അദ്ദേഹം ഇറങ്ങിപ്പോയി. കോട്ടയമെത്തി ഇറങ്ങാനൊരുങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു, വീരേന്ദ്രകുമാര്‍ സാര്‍ അദ്ദേഹത്തിന്റെ പേനയും ഡോട്ട്പെന്നും ഊരിവച്ചതു മറന്നിട്ടാണു പോയതെന്ന്. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന വല്ല 'ത്രോ എവേ'യുമായിരിക്കും, അല്ലെങ്കില്‍ സൈഡ് ടേബിളിനു മുകളില്‍ നക്ഷത്രംപോലെ തെളിഞ്ഞുകിടക്കുന്ന ഇത് അദ്ദേഹം കാണാതെ പോവുമോ എന്നു ഞാന്‍ ചോദിച്ചു. കൂപ്പെയിലുണ്ടായിരുന്ന നാലാമന്‍ ഉണരേണ്ട എന്നു കരുതി ഞാന്‍ ലൈറ്റിട്ടു നോക്കിയില്ല. ഭാര്യ പറഞ്ഞതനുസരിച്ച് ആ പേനകളുമെടുത്തു പുറത്തിറങ്ങി. പ്ലാറ്റ്ഫോമിലേക്കു കാലെടുത്തുവച്ചപ്പോള്‍ അതാ മാതൃഭൂമിയുടെ കോട്ടയം ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നു; വീരേന്ദ്രകുമാര്‍ സാറിന്റെ രണ്ടു പേനകള്‍ കണ്ടോ എന്നു ചോദിച്ച്. ലോകപ്രസിദ്ധമായ 'മോബ്ലാ' (Mont Blanc)യുടെ ഇന്ത്യയില്‍ ഇറങ്ങിക്കഴിഞ്ഞിട്ടില്ലാത്ത പുതിയ മോഡല്‍പേനയും ഡോട്ട് പെന്നുമായിരുന്നു അവ. സോഷ്യലിസ്റ്റായിരിക്കുമ്പോഴും മുന്തിയ പേനകളും കണ്ണടയും വാച്ചും അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. 

അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏകോപനസമിതിയായ ഫൊക്കാനയുടെ ഒരു സമ്മേളനത്തില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. അമേരിക്കയിലെ ഏതു മലയാളി സംഘടനയുടെയും വാര്‍ഷികത്തിനു ചെന്നാല്‍ എത്രദിവസം എത്ര സമ്മേളനങ്ങളുണ്ടോ അതിലെല്ലാം നമ്മള്‍ പ്രസംഗിക്കണം. ഒരുദിവസം 'ചിരിയരങ്' ആയിരുന്നു പരിപാടി. ഇതിലും ഞാന്‍ പങ്കെടുക്കണമോ? ഇവരെ ചിരിപ്പിക്കാന്‍ ഞാന്‍ ഏതു കഥയാണു പറയുക' എന്നു പാതി ആത്മഗതം പോലെ വീരേന്ദ്രകുമാര്‍ പറഞ്ഞു. 

പത്രക്കാരില്‍നിന്ന് ആദ്യം സംസാരിക്കാന്‍ വീരേന്ദ്രകുമാര്‍ എന്നെ മുന്നോട്ടുവിട്ടു. പത്രത്തില്‍ പലതരം തിരുത്തലുകള്‍ കൊടുക്കേണ്ടിവരാറുള്ളതില്‍ ഏറ്റവും വിഷമം പിടിച്ചതു തെറ്റായിക്കൊടുത്ത ഒരു ചരമവാര്‍ത്തയുടെ തിരുത്താണ് എന്നു ഞാന്‍ പറഞ്ഞു. മരിച്ച, അല്ല ജീവിച്ചിരിക്കുന്ന ആളിന്റെ ബന്ധുക്കളുടെ അരിശവും പരിഭവവും മാറ്റിയെടുക്കാന്‍ കുറെ പാടാണ്. അതുകൊണ്ടു മരണവാര്‍ത്തയില്‍ തെറ്റുപറ്റി എന്നു കേള്‍ക്കുമ്പോള്‍തന്നെ തുടങ്ങും പരവേശം. നേരേമറിച്ചു ചില ചരമങ്ങള്‍ മറ്റു പത്രങ്ങളെക്കാള്‍ നന്നായിക്കൊടുക്കാന്‍ കഴിയുമ്പോള്‍ ഒരു സംതൃപ്തി തോന്നാറുണ്ട്. അങ്ങനെയൊരു ചരമമായിരുന്നു കോവളം സുധാകരന്റേത്. ആര്‍.എസ്.പി.യുടെ ആദ്യത്തെ വയനാട് ജില്ലാസെക്രട്ടറി. വയനാടു ജില്ലയൊന്നും അന്നു രൂപംകൊണ്ടിരുന്നില്ല. ജനങ്ങള്‍ ജില്ലയ്ക്കുവേണ്ടി ആദ്യ പ്രസ്താവനയിറക്കിയപ്പോള്‍തന്നെ വയനാടിനെ ജില്ലയായി അംഗീകരിച്ചു. ജില്ലാസെക്രട്ടറിയെ തിരഞ്ഞെടുത്ത പാര്‍ട്ടി, വയനാട്ടില്‍ ഒരു സ്വാധീനവും ഇല്ലാത്ത ആര്‍.എസ്.പി.യാണ്. ആ സുധാകരനാണു മരിച്ചത്. 

ജില്ലയില്ലാക്കാലത്തെ ജില്ലാ സെക്രട്ടറിയാണെങ്കിലും ഒരു തലക്കെട്ടൊക്കെയിട്ട് ആദ്യത്തെ ചരമവാര്‍ത്തയായി ഞങ്ങള്‍ കൊടുത്തു. മറ്റു പത്രങ്ങളുമായി താരതമ്യപ്പെടുത്താന്‍ രാവിലെ നോക്കിയപ്പോള്‍ അവയിലൊന്നും ആ വാര്‍ത്തതന്നെ ഇല്ല. മരണത്തിലും ഒരു സന്തോഷം. പതിനൊന്നുമണിയായപ്പോള്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം പറഞ്ഞുതുടങ്ങി: 'എന്റെ പേര് കോവളം സുധാകരന്‍' ആകാംക്ഷയോടെ മുന്നോട്ടുകുനിഞ്ഞിരുന്നു കേട്ടുകൊണ്ടിരുന്ന ഞാന്‍ പൊടുന്നനവെ പുറകോട്ടുചാരി, ആര്‍.എസ്.പി.യല്ലേ, അടിയോ വല്ലതും വന്നാലോ? 'ഞാന്‍ മരിച്ചതായി ഇന്നത്തെ മനോരമയില്‍ വാര്‍ത്തയുണ്ട്. ഞാന്‍ മരിച്ചിട്ടില്ലെന്നും വാര്‍ത്ത തിരുത്തണമെന്നും പറഞ്ഞു വയനാട്ടില്‍നിന്ന് ആളുകള്‍ വരും. ദയവായി വാര്‍ത്ത തിരുത്തരുത്. വയനാട്ടില്‍ നില്‍ക്കാന്‍വയ്യാത്ത സാഹചര്യം വന്നതുകൊണ്ടു ഞാന്‍തന്നെയാണ് ആ വാര്‍ത്ത കൊടുത്തത്. ഞാന്‍ ഈ മലബാറില്‍നിന്നുതന്നെ പോവുകയാണ്.'' ഞാന്‍ എന്തെങ്കിലും പ്രതികരിക്കുന്നതിനുമുമ്പുതന്നെ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

പ്രസംഗത്തിന്റെ ഒഴുക്ക്

കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി കോട്ടയത്ത് അന്ന് ഒരു ശില്പശാല നടത്തി. അത് ഉദ്ഘാടനം ചെയ്യാന്‍ മനോരമ മാനേജിങ് ഡയറക്ടറായിരുന്ന മാമ്മന്‍ മാത്യു കൊണ്ടുവന്നതു വീരേന്ദ്രകുമാറിനെയാണ്. ഇംഗ്ലിഷിലുള്ള ആ പ്രസംഗത്തിന്റെ ഒഴുക്കിലും ഓജസ്സിലും മതിമറന്നിരുന്നുപോയി ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന സദസ്സ്. കന്നഡയിലും വീരന്‍ അസ്സലായി പ്രസംഗിക്കുമെന്ന് യു.ആര്‍. അനന്തമൂര്‍ത്തി സാക്ഷ്യപ്പെടുത്തുന്നു. 'നിന്നെ മറ്റൊന്നിനും കൊള്ളില്ല, ഇനി കുടുംബത്തിലെ കാലികളെ വളര്‍ത്താന്‍ വിടാം' എന്നു പിതാവ് പത്മപ്രഭ ഗൗണ്ടര്‍ പറഞ്ഞത് അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയത് കോട്ടയത്തെ ആ യോഗത്തിലാണ്.

എട്ടാംക്ലാസുവരെമാത്രം പഠിച്ചിട്ടുള്ള അച്ഛന്‍, കാലികളെ മേയ്ക്കാന്‍ തന്നോടുപറഞ്ഞതിന്റെ പിന്നിലെ വലിയ ദര്‍ശനത്തെപ്പറ്റി വീരേന്ദ്രകുമാര്‍ പിന്നീടു പറഞ്ഞിട്ടുണ്ട്. 'അമ്പതുകളില്‍ ഞാന്‍ എസ്.എസ്.എല്‍.സി. തോറ്റു, ജന്മികുടുംബമായിരുന്നതുകൊണ്ടു ഞങ്ങള്‍ക്കന്നു വലിയ കളങ്ങളും കാലികളും ഉണ്ടായിരുന്നു. നീ ഇനി കാലി നോക്കാന്‍പോകുന്നതാണു നല്ലതെന്ന് അച്ഛന്‍ പറഞ്ഞത് എനിക്കു വലിയ വിഷമമായി. അച്ഛന്‍ എന്താ അങ്ങനെ പറഞ്ഞതെന്നു ചോദിച്ചു. അതും ഒരു പഠിപ്പാണെന്ന് അച്ഛന്‍ പറഞ്ഞു. ഞാന്‍ എന്താവണമെന്നാണ് അച്ഛന്റെ ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ എം.എ.ക്കാരനാവണം എന്നു പറഞ്ഞു. വയനാട്ടില്‍ ഒരു എം.എ.ക്കാരനോ മറ്റോ ഉള്ള കാലമാണ്'' ഒടുവില്‍ മദ്രാസിലെ വിവേകാനന്ദ കോളേജില്‍ മഹാരഥന്മാരുടെ കീഴില്‍ പഠിച്ച് എം.എ.യുമായി വരുമ്പോള്‍ പത്മപ്രഭാ ഗൗണ്ടര്‍ ഒരു പരീക്ഷകൂടി ഇട്ടു: എത്രതരം തത്ത്വചിന്തകളുണ്ട്? ഭാരതീയ തത്ത്വചിന്തയിലെയും യൂറോപ്യന്‍ തത്ത്വചിന്തയിലെയും ധാരകള്‍ വീരന്‍ എണ്ണിയെണ്ണിപ്പറഞ്ഞു. 'ഇത്രയേ ഉള്ളോ?'' അച്ഛന്റെ ചോദ്യം. 'ഇതൊക്കെയാണു പ്രധാനപ്പെട്ടവ' എന്നു വീരന്‍.

'നീ കാലി നോക്കാന്‍ പോവുന്നതുതന്നെയാണു നല്ലത് എന്നു വീണ്ടും പറഞ്ഞശേഷം അച്ഛന്‍ പറഞ്ഞു: എടോ, ഓരോ മനുഷ്യനും ഓരോ മണല്‍ത്തരിയും ഓരോ പ്രപഞ്ചമാണ്, ദര്‍ശനമാണ്. അതറിയാതെ നീ എന്തു തത്ത്വചിന്തയാണു പഠിച്ചത്? അത് ഒരു പക്ഷേ, നീ പഠിച്ചപുസ്തകങ്ങളില്‍ ഉണ്ടായെന്നു വരില്ല. അതുകൊണ്ടാണു ഞാന്‍ പറഞ്ഞത് നീ കാലി നോക്കാന്‍ പോവുന്നതുതന്നെയാണ് നല്ലതെന്ന്.'' 'എനിക്ക് അത് ഒരു വെളിപാടായിരുന്നു. എന്റെ മനസ്സിലെ ചിന്തകളുടെയും സര്‍ഗാത്മകതയുടെയും ആദ്യ സ്‌ഫോടനം' ആ പുതിയ വെളിച്ചവുമായി മാനേജ്മെന്റ് സ്റ്റഡീസിനുവേണ്ടി അമേരിക്കയില്‍ പോകുന്ന ആദ്യത്തെ മലയാളികളിലൊരാളായി വീരന്‍. ഇന്ത്യയില്‍ ആദ്യമായി എം.ബി.എ. കോഴ്സ് തുടങ്ങുന്നത് കൊല്‍ക്കത്തയിലും മുംബൈയിലുമൊന്നുമല്ല, ആന്ധ്രയിലെ ഒരു ചെറുപട്ടണമായ വാള്‍ട്ടയറിലെ ഒരു കോളജിലാണ്. വീരേന്ദ്രകുമാര്‍ അമേരിക്കയിലേക്കു പോകുമ്പോള്‍ വാള്‍ട്ടയറിലെ കോഴ്സ് ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടായിരുന്നെങ്കിലും അച്ഛന്‍ വീരനെ അവിടേക്കു വിടുമായിരുന്നില്ല. കാരണം അവിടെ പഠിച്ചിട്ടാണ് വരുന്നതെങ്കില്‍ വീണ്ടും കന്നുകാലിമേയ്ക്കലിന്റെ മാഹാത്മ്യത്തെപ്പറ്റി ഉപന്യസിക്കേണ്ടിവരുമായിരുന്നല്ലോ!

വീരേന്ദ്രകുമാറിനു സുഹൃത്തുക്കളില്ലാത്ത പാര്‍ട്ടികളോ ഗ്രൂപ്പുകളോ ഇല്ല. ജനസംഘത്തിനും ബി.ജെ.പി.ക്കുമെതിരേ തീ തുപ്പി പ്രസംഗിച്ചുനടന്ന കാലത്തും എല്‍.കെ. അദ്വാനിക്കുവേണ്ടി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തിയിട്ടുണ്ടദ്ദേഹം. മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന ടി.വി.ആര്‍. ഷേണായിയെപ്പറ്റിയുള്ള അനുസ്മരണ ഗ്രന്ഥത്തില്‍ വീരേന്ദ്രകുമാര്‍ എഴുതി: 'ഒരിക്കല്‍ അദ്വാനിക്കെതിരേ ഏഴായിരം രൂപയുടെ അഴിമതി ആരോപണമുണ്ടായി. അതില്‍ കഴമ്പില്ലെന്നറിയാമായിരുന്നു. ഏതായാലും വലിയ ബഹളമായി. അന്നു ഞാന്‍ ഗുരുവായൂരിലായിരുന്നു. രാവിലെ ക്ഷേത്രത്തില്‍ പോയപ്പോള്‍ അദ്വാനിക്കായി അര്‍ച്ചന നടത്തി. അതിനുശേഷം ഡല്‍ഹിയിലെത്തിയ ഞാന്‍ അദ്വാനിയെ കാണാന്‍പോയി.'

കേരളകൗമുദിയെയും മലയാള മനോരമയെയും പോലെ ഒരു കുടുംബത്തിലെ മൂന്നു നാലു തലമുറകളുടെ നൈരന്തര്യശക്തിയില്‍ വാണ പത്രങ്ങളുടെ ഇടയിലേക്കു മാതൃഭൂമിയില്‍ ഒരു അപ്രന്റീസുപോലെ വന്ന ആ നാല്‍പ്പത്തിമൂന്നുകാരന്‍ നേതൃപാടവവും കാര്യപ്രാപ്തിയും കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു. നിരന്തര സമരങ്ങളാല്‍ വലഞ്ഞ മാതൃഭൂമിയെ സമരമില്ലാത്ത ഒരു യുഗത്തിലേക്ക് അദ്ദേഹം നയിച്ചു. പത്രത്തിന്റെ സാങ്കേതികവിദ്യയില്‍ ഏറ്റവുംമുന്നില്‍ നിന്നിരുന്ന 'ഹിന്ദു'വിന്റെയും 'മനോരമ'യുടെയും ഏതാണ്ടെടുത്തുവരെ മാതൃഭൂമിയെ എത്തിച്ചത് ഇത്തരം അറിവുകളുടെ കാര്യത്തില്‍ ഒരു തുടക്കക്കാരന്‍ മാത്രമായിരുന്ന വീരനാണ്. മലബാറിലും പിന്നെ കൊച്ചിയിലും ഒതുങ്ങിനിന്നിരുന്ന മാതൃഭൂമിയെ തിരുവനന്തപുരത്തു പ്രതിഷ്ഠിച്ച് കേരളത്തിന്റെയാകെ പത്രമാക്കിയതാണു വീരേന്ദ്രകുമാര്‍ ആ സ്ഥാപനത്തിനു നല്‍കിയ ഏറ്റവും ഭദ്രമായ അടിത്തറ. 

എം.ജെ. കൃഷ്ണമോഹന്‍ മാനേജിങ് ഡയറക്ടറായിരുന്ന കാലത്ത് തിരുവനന്തപുരം യൂണിറ്റിനുവേണ്ടി ചില ആലോചനകള്‍ നടക്കുകയും കരമനയില്‍ ഒരേക്കര്‍ സ്ഥലം വാങ്ങുകയും ചെയ്‌തെങ്കിലും 1979 നവംബറില്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനുമുമ്പു കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. അതിനിടയ്ക്കു മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘിച്ച (രണ്ടുമാസം) സമരം ഉണ്ടാവുകയും ചെയ്തു. കെട്ടിടം പണിക്കൊക്കെ പോയാല്‍ പിന്നെയും വൈകുമെന്നതുകൊണ്ടു തിരുവനന്തപുരത്തെ അമ്മവീടുകളിലൊന്നു വാടകയ്‌ക്കെടുത്ത് വീരന്‍ അവിടെനിന്ന് 1980 നവംബറില്‍ അച്ചടി തുടങ്ങി. 'മാതൃഭൂമി' എന്നു പറഞ്ഞാല്‍തന്നെ അമ്മവീട് എന്നാണല്ലോ അര്‍ഥം എന്ന് എം.വി. ദേവന്‍ നര്‍മംവിതറി. തലസ്ഥാനത്തേക്കുള്ള മാതൃഭൂമിയുടെ വരവ് കേരളമെങ്ങും ചര്‍ച്ചാവിഷയമാക്കാന്‍ വേണ്ടി ഒളിവിലുള്ള നക്‌സലൈറ്റ് നേതാവ് കെ. വേണുവുമായി പി. രാജന്റെ ഇന്റര്‍വ്യൂ ആദ്യദിവസത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഒളിവിലുള്ള ഏതെങ്കിലുമൊരു പ്രമുഖനുമായി മലയാള പത്രങ്ങളില്‍ വരുന്ന ആദ്യ അഭിമുഖമായിരുന്നു അത്. 

കേരളത്തില്‍ പത്രം ആദ്യമായി ഓഫ്സെറ്റ് പ്രസില്‍ അച്ചടിക്കുന്നതു മാതൃഭൂമിയോ മനോരമയോ അല്ല. ദേശാഭിമാനിയാണ്. ഇന്ത്യന്‍ നിര്‍മിത ഓഫ്സെറ്റ് പ്രസില്‍ അവര്‍ കോഴിക്കോട്ട് അച്ചടി തുടങ്ങി. വീരന്‍ പക്ഷേ, തിരുവനന്തപുരത്തേക്കു വിദേശനിര്‍മിത ഓഫ്സെറ്റ് പ്രസ് തന്നെ കൊണ്ടുവന്നു പത്രം കേരളത്തിലാദ്യമായി കളറില്‍ അച്ചടിച്ചുതുടങ്ങി. കേരളത്തില്‍ വിതരണംചെയ്യുന്ന മാതൃഭൂമിയില്‍ അച്ചടിയിലും രൂപകല്പനയിലും ഏറ്റവും മികച്ചതു കിട്ടുന്നതു തിരുവനന്തപുരത്തുകാര്‍ക്കാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി. തനിക്കെതിരേ പണ്ടെങ്ങോ എന്തോ എഴുതിയതിന്റെ ചൊരുക്കുമായി നടന്ന ഒരു വിദ്യുച്ഛക്തിമന്ത്രി മാതൃഭൂമി യൂണിറ്റിനു വിദ്യുച്ഛക്തി കണക്ഷന്‍ കൊടുക്കാതെ മാസങ്ങള്‍ കഷ്ടപ്പെടുത്തിയപ്പോള്‍ നേരത്തേ തിരുവനന്തപുരത്തു വന്നു വേരുറപ്പിക്കാഞ്ഞതിന്റെ ദോഷം മാതൃഭൂമിയിലെ മറ്റുള്ളവര്‍ക്കും മനസ്സിലായി. ഒടുവില്‍ ആ മന്ത്രി മറ്റൊരു മന്ത്രിക്കു ചുമതലകൊടുത്തു വിദേശപര്യടനത്തിനു പോയപ്പോഴാണു മാതൃഭൂമിക്കു വിദ്യുച്ഛക്തിബന്ധം കിട്ടിയത്.

മലബാര്‍, മദ്രാസിന്റെ ഭാഗമായിരുന്ന കാലത്തു മലബാറിന്റെയോ ഏറിയാല്‍ തൃശ്ശൂരിന്റെ കൂടിയോമാത്രം പത്രമായിരുന്നു മാതൃഭൂമി. 1956-ല്‍ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്നു മദ്രാസ് എന്ന ഭരണസിരാകേന്ദ്രത്തിലെ പിടിവിട്ടുപോയ മാതൃഭൂമി പിന്നീട് ഉടനെ ബന്ധങ്ങളും സ്വാധീനങ്ങളും പ്രചാരവും ഉണ്ടാക്കേണ്ടിയിരുന്നതും തിരുവനന്തപുരത്തെയും തിരുവിതാംകൂറിലെയും പുതുമണ്ണിലായിരുന്നു. 1962-ല്‍ തെക്കോട്ടുനീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പുതിയ സംസ്ഥാന തലസ്ഥാനത്തേക്കു വരാതെ കൊച്ചിവരെ വന്നു മടിച്ചുനിന്നതെന്തേ എന്നു മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന വി.എം. നായരോടു ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. ''തിരുവനന്തപുരത്ത് ആര് എനിക്കു പരസ്യം തരും? പട്ടന്മാര്‍ തരുന്ന അരയിഞ്ചു ക്ലാസിഫൈഡ് കൊണ്ട് അവിടെ ഒരു പത്രം നടത്താനൊക്കില്ല.'' എന്നായിരുന്നു വി.എം. നായരുടെ മറുപടി. അവിടെനിന്നാണ് ഇന്ന് എല്ലാ മാധ്യമങ്ങളും കൂടി 200-250 കോടി രൂപയുടെ പരസ്യം ഉണ്ടാക്കുന്നത്. 1956-ല്‍ തന്നെയോ 1962-ലെങ്കിലുമോ രണ്ടാമത്തെ അച്ചടികേന്ദ്രം തിരുവനന്തപുരം ആക്കിയിരുന്നെങ്കില്‍ മാതൃഭൂമിയുടെ ചരിത്രം വ്യത്യസ്തമാകുമായിരുന്നു. 1956-നു പകരം കാല്‍നൂറ്റാണ്ടു വൈകിയാണ് മാതൃഭൂമി തിരുവനന്തപുരത്തു ചുവടുെവക്കുന്നത്.

തിരിഞ്ഞുനോക്കുമ്പോള്‍ മാതൃഭൂമിയില്‍ ഏറ്റവുംതിളങ്ങാമായിരുന്ന കസേരയിലാണോ വീരേന്ദ്രകുമാര്‍ ഇരുന്നത് എന്ന് എനിക്കു സംശയമുണ്ട്. തൊഴിലാളി യൂണിയനുകളുമായുള്ള ബോണസ് ചര്‍ച്ചയ്ക്കും ആയിരം രൂപയിലേറെയുള്ള വൗച്ചറുകളില്‍ ഒപ്പിടുന്നതിനും മറ്റുമായിരുന്നോ ആദ്ദേഹത്തിന്റെ സമയം നീക്കിവെക്കേണ്ടിയിരുന്നത്? എന്റെ അഭിപ്രായത്തില്‍ 'മാതൃഭൂമി'ക്കു കിട്ടാതെ പോയ പ്രഗല്ഭനായ ചീഫ് എഡിറ്ററാണ് എം.പി. വീരേന്ദ്രകുമാര്‍.

(മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറാണു ലേഖകന്‍)