രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു;മുംബൈയില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും

കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ അനുവദിക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം

https://www.mathrubhumi.com/polopoly_fs/1.4747832.1588990872!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image: NDTV

മുംബൈ: മഹാരാഷ്ടയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുമ്പോഴും കൊറോണാബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് മുംബൈ നഗരത്തില്‍ കര്‍ശനന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. മെയ് 29-നോ 30-നോ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസ്ഥാനത്ത് തുടരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി ജയന്ത് പാട്ടീല്‍ അറിയിച്ചു. 

മെയ് 31 ന് നാലാംഘട്ട ലോക്ക്ഡൗണ്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രി കൈക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായാവും നിയന്ത്രണങ്ങള്‍ തുടരുകയെന്ന് ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. ചില ഇളവുകള്‍ നല്‍കാമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ വിഷയത്തില്‍ കേന്ദ്രതീരുമാനത്തിനനുസരിച്ചായിരിക്കും ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സുരക്ഷാമുന്‍കരുതലോടെ സാമ്പത്തികപ്രക്രിയകള്‍ പുനരാരംഭിക്കണമെന്നാണ് ശരദ് യാദവ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു മാത്രമേ തീരുമാനത്തിലെത്തിലെത്താന്‍ സാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. 

വ്യാപാരമേഖല സാധാരണനിലയിലേക്കെത്താത്ത സാഹചര്യത്തില്‍  വ്യാവസായിക മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത് കൊണ്ട് പ്രയോജനമില്ലെന്ന് ഒരു സംഘം വിദഗ്ധര്‍ പറയുന്നു. എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെന്ന് ഉന്നതവൃത്തം നല്‍കുന്ന സൂചന. കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ അനുവദിക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. 

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 59,546 കോവിഡ് കേസുകളില്‍ 35,485 കേസുകളും മുബൈയില്‍ നിന്നാണ്. നിലവില്‍ സംസ്ഥാനത്ത് 38,939 രോഗബാധിതരുണ്ട്. 8,650 പേര്‍ രോഗമുക്തി നേടി. 1,982 പേര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ 1,135 പേര്‍ മുംബൈയില്‍ നിന്നാണ്.