https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/23/modi-trump.jpg
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും

ചൈനാ വിഷയത്തിൽ മോദി ‘നല്ല മൂഡിൽ’ അല്ല: മധ്യസ്ഥ സന്നദ്ധത ആവർത്തിച്ച് ട്രംപ്

by

വാഷിങ്ടൻ∙ ഇന്ത്യ–ചൈന അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന യുഎസിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആ വലിയ തർക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയിൽ ഇന്ത്യൻ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷം നടക്കുന്നു. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങൾ. ഇരു രാജ്യങ്ങൾക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോൾ ചൈനയുമായി നടക്കുന്ന കാര്യത്തിൽ അദ്ദേഹവും അസ്വസ്ഥനാണ്’– ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയുമായുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ ചൈനയുമായി സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും യുഎസ് ഇടപെടേണ്ടെന്നുമാണ് ഇന്ത്യ മറുപടി നൽകിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ നേരത്തെ നൽകിയ വാഗ്ദാനം ആവർത്തിക്കുകയാണ് ട്രംപ് ചെയ്തത്. ‘ഞാൻ അത്(മധ്യസ്ഥത) വഹിക്കാൻ തയാറാണ്. അതു സഹായകമാകുമെന്ന് അവർക്ക് തോന്നുകയാണെങ്കിൽ’.

ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ഈമാസം ആദ്യം ഇന്ത്യയുടെയും ചൈനയുടെെയും സൈനികർ തമ്മിൽ മുഖാമുഖമെത്തി സംഘർഷമുണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികർ തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമായത്. മേയ് 9നു സമാനമായ പ്രശ്നമുണ്ടായിരുന്നു. ടിബറ്റിനു സമീപമുള്ള നാക്കു ലാ മേഖലയിൽ സൈനികർ തമ്മിൽ കല്ലേറുണ്ടായി. ഇതിനു പിന്നാലെ അതിർത്തിയിൽ സേനാവിന്യാസം അടക്കമുള്ളവ നടക്കുകയാണ്.

യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയോടു ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നിർദേശിച്ചിരുന്നു. സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദേശം നൽകി. അതിർത്തിയിലെ പുതിയ താവളങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘർഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

English Summary: PM Modi Not In "Good Mood" Over Border Row With China: Donald Trump