സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് തിരുവല്ല സ്വദേശി, കടുത്ത പ്രമേഹം വില്ലനായി
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് ചികിത്സയിലായിരുന്ന പത്തനംതിട്ട, തിരുവല്ല സ്വദേശി ജോഷി (65)യാണ് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജോഷി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്. കടുത്ത പ്രഹമേഹ രോഗബാധിതനായിരുന്നു.
കഴിഞ്ഞ 11 നാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നെത്തിയത്. നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 18 മുതല്‍ ചികിത്സയിലായിരുന്ന ജോഷിയെ വിദഗ്ധ ചികിത്സക്കായാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് 27-ാം തിയതി മാറ്റിയത്.
പ്രമേഹം, ഇതുമൂലമുണ്ടായ അമിത വണ്ണം, പ്രമേഹവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകള്‍ ഇവയൊക്കെ ഇദ്ദേഹത്തിനുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നടത്തവേയാണ് പ്രമേഹത്തിന്റെ കാഠിന്യം ഡോക്ടര്‍മാര്‍ക്ക് മനസിലായത്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ജോഷി കടുത്ത പ്രമേഹ ബാധിതനാണെന്ന് മനസിലാക്കിയിരുന്നില്ലെന്നാണ് വിവരം.
ഇതേതുടര്‍ന്ന് ഡോക്ടര്‍മാരുടെ ഒരു സംഘം ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ നില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ഇന്നുതന്നെ സംസ്‌കരിക്കും.
Content Highlights: one more Covid patient died in Kerala