കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാമത്; മരണത്തില്‍ ചൈനയെ മറികടന്നു

https://www.mathrubhumi.com/polopoly_fs/1.4791752.1590717080!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി:രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ഇതിനിടെ മരണസംഖ്യയില്‍ ചൈന പുറത്തുവിട്ട കണക്കുകളേയും ഇന്ത്യ മറികടന്നു. 

അതേ സമയം ചൈനയേക്കാള്‍ ഇരട്ടി രോഗബാധിതര്‍ ഇന്ത്യയിലുണ്ട്. 1,65,386 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ 84,106 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 4711 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്. 

യുഎസ്, ബ്രസീല്‍,റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. വ്യാഴാഴ്ചയും യുഎസിലും ബ്രസീലിലും ആയിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. 

5,803,416 പേര്‍ക്കാണ് ഇതുവരെ ലോകത്തെമ്പാടുമായി കൊറോണമഹാമാരി ബാധിച്ചിട്ടുള്ളത്. 359,791 പേര്‍ മരിക്കുകയും ചെയ്തു. യുഎസില്‍ മാത്രം 101,573 പേര്‍ മരിച്ചിട്ടുണ്ട്.

Content Highlights: India At No. 9 On Global Coronavirus Chart, Overtakes China In Deaths