ജീവിതത്തിലും ജോലിയിലും ഒരുമിച്ച്; ഇന്ന് വിരമിക്കുന്നതും ഒന്നിച്ച്
by മനോരമ ലേഖകൻകുട്ടനാട് ∙ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരായ ദമ്പതികൾ ഇന്ന് ഒന്നിച്ചു പടിയിറങ്ങും. കുട്ടനാട് പാക്കേജ് മങ്കൊമ്പ് ഡിവിഷൻ ഓഫിസിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ജാൻസി ജോസഫും ചങ്ങനാശേരി ഇറിഗേഷൻ വിഭാഗത്തിലെ അസി. എൻജിനീയർ ജോസഫ് മാത്യുവുമാണ് ഒരേദിവസം വിരമിക്കുന്നത്.31 വരെ സർവീസ് ഉണ്ടെങ്കിലും വരുന്ന 2 ദിവസങ്ങൾ അവധി ആയതിനാലാണ് ഇരുവരും ഇന്ന് ഓഫിസിന്റെ പടിയിറങ്ങുന്നത്. ഇരുവരും ഒരേ വർഷമാണു ജനിച്ചത്.
ജോസഫ് മാത്യു 1964 മേയ് 10നും ജാൻസി ജോസഫ് 1964 മെയ് 25നും.1989 ൽ പാലായിൽ മീനച്ചിൽ റിവർവാലി പ്രോജക്ടിൽ ജോലിയിൽ പ്രവേശിച്ച ജോസഫ് മാത്യു തുടർന്നു കോട്ടയം ഇൻവെസ്റ്റിഗേഷൻ സെക്‌ഷൻ, പാലാ മൈനർ ഇറിഗേഷൻ, കോട്ടയം ക്വാളിറ്റി കൺട്രോൾ, മങ്കൊമ്പ് ഇറിഗേഷൻ സബ് ഡിവിഷൻ, പുളിങ്കുന്ന് സെക്‌ഷൻ, തണ്ണീർമുക്കം എന്നിവിടങ്ങളിലടക്കം 31 വർഷത്തെ സർവീസിനുശേഷമാണു വിരമിക്കുന്നത്.
പുളിങ്കുന്നിലെ ഐടിഐയിൽ അധ്യാപികയായിരുന്ന ജാൻസി ജോസഫ് 2004 ൽ ചെങ്ങന്നൂർ ഹൈഡ്രോളജി വിഭാഗത്തിൽ ആണു സർവീസിൽ കയറിയത്. തുടർന്നു മങ്കൊമ്പ്, കോട്ടയം വീണ്ടും മങ്കൊമ്പ് ഡിവിഷൻ എന്നിവിടങ്ങളിലായി 16 വർഷത്തെ സർവീസിനുശേഷമാണു വിരമിക്കുന്നത്.ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണു മകൻ ഫെലിക്സ് എം.ജോസഫ്. ഹോമിയോ ഡോക്ടറാണു മകൾ ഡോ. ഫൈനജോസഫ്.