https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2020/5/29/praveena-elephent-1.jpg

35കാരി ഉമ എന്ന ആന; രണ്ട് വയസ്സുള്ള ഭാമയും; ആ ചങ്ങാത്തം കാണാൻ പ്രവീണ എത്തി; വിഡിയോ

by

‘മഴയത്ത് വെള്ളം നിറഞ്ഞ റോഡിലൂടെ, കുസൃതിച്ചിരിയോടെ ആ കുഞ്ഞ് നടന്നുവരുന്നു. അവൾക്ക് പിന്നിൽ കരുത്തായി.. കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..’രണ്ടു ദിവസമായി മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും വാട്സ് ആപ്പ് സ്റ്റാറ്റസിലും നിറയുകയാണ് ഈ അപൂർവ ചങ്ങാത്തം. ഇൗ അപൂർവ കൂട്ടുകാരെ തേടി സിനിമാതാരം പ്രവീണയും എത്തി. ആ വിശേഷങ്ങൾ താരം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.

‘ഉമയും ഭാമയും തമ്മിൽ വല്ലാത്ത കൂട്ടാണ്. ആ വീട്ടിൽ പോകണം. ആ സൗഹൃദം അടുത്തറിയണമെങ്കിൽ. ഇതിൽ ആരാണ് ഉമ ആരാണ് ഭാമ എന്ന് സംശയം കാണും അല്ലേ. തിരുവനന്തപുരം കൊഞ്ചിറവിളയിലുള്ള ഉമാ മഹേശ്വര മഠത്തിലെ തിരുമേനിയുടെ ആനയാണ് ഉമാദേവി. തിരുമേനിയുടെ മകളാണ് രണ്ടുവയസുകാരി ഭാമ.  എട്ടുവർഷത്തിന് മുൻപാണ് ഉമയെ തിരുമേനി വാങ്ങുന്നത്.’ 

‘ഭാമ ജനിച്ചതുമുതൽ കാണുന്നതു െകാണ്ട് ഇരുവരും വലിയ കൂട്ടാണ്. ഉമ സ്വന്തം കുഞ്ഞിനെ പോലെയാണ് ഭാമയെ നോക്കുന്നത്. അവൾ അടുത്തുവരുമ്പോൾ അനങ്ങാതെ നിൽക്കും. തുമ്പിക്കൈ പോലും അറിയാതെ കുഞ്ഞിന്റെ ദേഹത്ത് തട്ടരുതെന്ന രീതിയിൽ. ഭാമ സംസാരിക്കുമ്പോൾ പ്രത്യേക ശബ്ദം ഉണ്ടാക്കി ഉമ മറുപടി പറയും. അത്രമാത്രം കരുതലും സ്നേഹവുമാണ് ഉമയ്ക്ക് ഭാമയോട്. ചങ്ങല ഒന്നും വേണ്ട ഉമയ്ക്ക്. അത്ര സാധുവാണ് ഉമക്കുട്ടി.’

‘ഇവരുടെ സൗഹൃദം അറിഞ്ഞപ്പോൾ മുതൽ കാണാൻ പോകണം എന്നു കരുതിയതാണ്. വെറുതേ പോകാൻ പറ്റില്ലല്ലോ. പിന്നെ ഒരു ലോറി വിളിച്ച് ഒാലയും പഴങ്ങളും വാഴയും അങ്ങനെ ഉമയ്ക്ക് വേണ്ട ഭക്ഷണമൊക്കെയായി കാണാൻ പോയി. ഏതൊരാൾക്കും അവളുടെ അടുത്ത് ചെല്ലാം. ആനപ്പുറത്ത് കയറണം എന്നു പറഞ്ഞാൾ അവൾ മുട്ട് കുത്തി നിന്നുതരും. അത്രമാത്രം സാധുവാണ് ഉമ. ജനിച്ചത് മുതൽ ഭാമയെ അവൾ കാണുന്നത് കൊണ്ടാകണം അവൾക്കൊപ്പം കളിക്കാനും കൂട്ടുകൂടി നടക്കുന്നതുമാണ് 35കാരി ഉമയ്ക്ക് ഇഷ്ടം. ആ സൗഹൃദം അവിടെ ചെന്ന് നേരിട്ട് അറിയുക തന്നെ വേണം..’ പ്രവീണ പറയുന്നു.