https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/28/new-born.jpg
ജിൻസിയുടെ കുഞ്ഞുമായി ആശുപത്രി ജീവനക്കാരൻ.

കോവിഡ് മുക്തയായി, ജിൻസി അമ്മയുമായി; സന്തോഷത്തിന്റെ ഇരട്ട ക്ലൈമാക്സ്

by

മഞ്ചേരി ∙ ഉദരത്തിൽ കുഞ്ഞും മനസ്സിൽ നിറയെ കോവിഡ് ആശങ്കകളുമായി മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസിക്ക് ഇത് സന്തോഷത്തിന്റെ ഇരട്ട ക്ലൈമാക്സ്. കോവിഡ് മുക്തയായതിനു പിന്നാലെ ഇന്നലെ ജിൻസി, ഓമനത്തമുള്ളൊരു പെൺകുഞ്ഞിന്റെ അമ്മയായി.

കുവൈത്തിൽ നഴ്സ് ആയ ഇവർ 13ന് ആണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയത്. ആലപ്പുഴയിലേക്കുള്ള യാത്ര ബുദ്ധിമുട്ട് ആയതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവോ നെഗറ്റീവോ എന്ന് ഉറപ്പുപറയാൻ ആയില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് ഭർത്താവ് ലിജോ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ 11.30ന് ശസ്ത്രക്രിയയിലൂടെ ആയിരുന്നു പ്രസവം. കുഞ്ഞിന് 2.7 കിലോഗ്രാം തൂക്കമുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. നവജാത ശിശുവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഐസലേഷൻ വാർഡിൽ പിറന്നു, പൊന്നോമന!

കളമശേരി (കൊച്ചി)∙ ദുബായിൽ നിന്നു ഭർത്താവിനൊപ്പം നാട്ടിലെത്തി കോവിഡ് ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിഞ്ഞ യുവതിക്കു കടിഞ്ഞൂൽ പ്രസവത്തിൽ പെൺകുഞ്ഞ് പിറന്നു. സുഖപ്രസവമായിരുന്നു. എറണാകുളം സ്വദേശികളായ യുവതിയും ഭർത്താവും 16നാണു നാട്ടിലെത്തിയത്. യുവതി 9 മാസം ഗർഭിണിയായിരുന്നു. ഇവർ വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചു. സൗകര്യം ഒരുക്കാൻ  ബന്ധുക്കളെല്ലാം മറ്റൊരു വീട്ടിലേക്കു മാറി.

17നു രാവിലെ യുവതിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. ആംബുലൻസ് കാത്തിരുന്നെങ്കിലും വിഫലമായപ്പോൾ ഭർത്താവുമൊത്തു കാറിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. 

ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഭർത്താവിനെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 25നു വൈകിട്ടാണു യുവതി പെൺകു‍ഞ്ഞിനു ജന്മം നൽകിയത്.

English Summary: Covid recovered jincy gives birth to a baby girl