മൺകൂനയിൽ പൊന്തിനിന്ന കുഞ്ഞിക്കാൽ; ചെളിക്കൂന നീക്കിയപ്പോൾ ജീവനുള്ള ചോരക്കുഞ്ഞ്
by സ്വന്തം ലേഖകൻമൺകൂനയിൽ പൊന്തിനിന്ന ആ കുഞ്ഞിക്കാലു കാണാനുള്ള യോഗം യുപിയിലെ സൊനൗര ഗ്രാമത്തിലെ തൊഴിലാളികൾക്കായിരുന്നു. ദൈന്യമായ നേർത്ത കരച്ചിൽ കേട്ട ദിക്കിലേക്ക് ഓടിയെത്തിയ അവർ ചെളിക്കൂന നീക്കി നോക്കിയപ്പോൾ വായ നിറയെ മണ്ണുമായി തെളിഞ്ഞു വന്നതു ജീവനുള്ളൊരു ആൺകുഞ്ഞ്.
യുപിയിലെ സിദ്ധാർഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണു ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞിനു പുനർജന്മം. നിർമാണം നടക്കുന്ന വീടിനോടു ചേർന്ന്, കാടുപിടിച്ച സ്ഥലത്തുള്ള മൺകൂനയിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ചുറ്റുമുള്ള മണ്ണു ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണർ സമീപത്തെ ആശുപത്രിയിലേക്കോടി. വായിലും മൂക്കിലും മണ്ണു പോയതിനാൽ ശ്വാസകോശത്തിനു കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടർമാരുടെ ആശങ്ക.
ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി, പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ധചികിത്സയ്ക്കായി പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.