https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/5/29/bevco-open.jpg

ടോക്കണില്ല സാറേ, ആധാറുണ്ട്.. പ്ലീസ്, ഒരു കുപ്പി; ആപ്പ്, പൊല്ലാപ്പ്

by

കണ്ണൂർ∙ വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മദ്യ വിൽപന ആരംഭിച്ചപ്പോൾ ആദ്യ ദിവസം ടോക്കൺ ലഭിച്ച ഒരു വിഭാഗം മദ്യം കിട്ടാതെ നിരാശരായി. ക്വാറന്റീൻ കേന്ദ്രങ്ങളായുള്ള ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ബാറുകളിലേക്ക് ടോക്കൺ ലഭിച്ചവർക്ക് മദ്യം കിട്ടിയില്ല. മദ്യ വിൽപന തുടങ്ങാൻ വൈകിയ സ്ഥലങ്ങളിൽ അവസാനത്തേക്കു ടോക്കൺ കിട്ടിയവർക്കും മദ്യം ലഭിച്ചില്ല. 

ജീവനക്കാരുടെ ഫോണുകളിൽ ടോക്കൺ സ്കാൻ ചെയ്യാനുള്ള സ്കാനറിന്റെ ആപ് ലഭ്യമാകാതിരുന്നതാണു പല സ്ഥലത്തും വിൽപന തുടങ്ങാൻ വൈകിയതിനു കാരണം. സ്കാനിങ് സൗകര്യം കിട്ടിയിട്ടില്ലാത്ത കടകളിൽ മദ്യം വാങ്ങാനെത്തിയവരുടെ ടോക്കൺ വിവരം എഴുതി വച്ചാണു വിൽപന നടത്തിയത്.  അനുവദിച്ച സമയത്ത് മാത്രമേ കൗണ്ടറുകളിൽ മദ്യം വാങ്ങാൻ എത്താവൂ എന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പലയിടത്തും ആളുകൾ കൂട്ടം കൂടി. 

പുതിയ വില കംപ്യൂട്ടറുകളിൽ രേഖപ്പെടുത്താതിരുന്ന കടകളിൽ കംപ്യൂട്ടർ ബില്ലിങ് തടസ്സപ്പെട്ടതും മദ്യ വിൽപനയ്ക്കു വിലങ്ങായി. പിന്നീട് ബില്ല് എഴുതി നൽകുകയായിരുന്നു. രാവിലെ 9ന് ടോക്കൺ ലഭിച്ചവർക്ക് ഒന്നും ഒന്നരയും മണിക്കൂർ കഴിഞ്ഞാണ് മദ്യം കിട്ടിയത്. 5 മണിക്ക് തന്നെ കടകൾ അടച്ചതോടെ അവസാനത്തെ ആളുകൾ പുറത്താവുകയും ചെയ്തു. 

ബാറുകൾ, ബവ്കോ, കൺസ്യൂമർഫെഡ് ഒൗട്‌ലെറ്റുകൾ ഉൾപ്പെടെ ജില്ലയിൽ വിദേശ മദ്യ വിൽപനയ്ക്ക് 44 കൗണ്ടറുകളാണു കണക്കാക്കിയിരുന്നതെങ്കിലും ക്വാറന്റീൻ കേന്ദ്രങ്ങളായവയും പരീക്ഷാ കേന്ദ്രങ്ങൾക്ക് 500 മീറ്റർ പരിധിക്ക് ഉള്ളിൽ വരികയും ചെയ്ത 7 ബാറുകളിൽ മദ്യ വിൽപന നടന്നില്ല. ഈ കേന്ദ്രങ്ങളിലേക്കെല്ലാം ആപ് വഴി ടോക്കൺ അനുവദിക്കുകയും ചെയ്തിരുന്നു. 

ഒരാൾക്കു ലഭിച്ച ടോക്കണിൽ 3 ലീറ്റർ മദ്യം വാങ്ങാം. എന്നാൽ, അത്രയും ആവശ്യമില്ലാത്തവരെയും അത്രയും വാങ്ങാൻ പണം കയ്യിലില്ലാത്തവരെയും സ്വാധീനിക്കാൻ വിൽപന ശാലകൾക്കു സമീപം വിവിധ ഓഫറുകളുമായി ടോക്കൺ കിട്ടിയിട്ടില്ലാത്ത ചിലർ ഉണ്ടായിരുന്നു. അധിക പണമാണ് ഏറെ പേരും ഓഫർ ചെയ്തത്. 

പണം കൂട്ടി നൽകി 3 ലീറ്റർ വാങ്ങിപ്പിക്കാൻ ശ്രമം നടത്തിയവരുമുണ്ട്. ആദ്യ ദിവസമായതിനാൽ ഏറെയൊന്നും ആളുകൾ ഇതിനു വഴങ്ങിയില്ല. കിട്ടിയ മദ്യവുമായി മടങ്ങുകയായിരുന്നു. മദ്യക്കടകൾക്കു സമീപമുള്ള ടച്ചിങ്സ് കടകളും ഇന്നലെ സജീവമായി. 

വളപട്ടണം കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റിനു മുന്നിൽ തടിച്ചു കൂടിയവരെ നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടി വന്നു. മദ്യ വിൽപന തുടങ്ങാൻ വൈകിയതിനാൽ വാങ്ങാനെത്തിയവരുടെ സമയക്രമം തെറ്റിയതാണു തിരക്കിനുകാരണമായത്.  മദ്യക്കടയിലെ തിരക്ക് ദേശീയപാതയിലേക്കും നീണ്ടതോടെ ഗതാഗത കുരുക്കുമുണ്ടായി. ഇരിട്ടിയിലെ ബാറിനു മുന്നിൽ തിരക്കുകൂട്ടിയവരെ പൊലീസ് വിരട്ടിയോടിച്ചു. നടാലിലെ ബാർ പരിസരത്തും പൊലീസിന് ഇടപെടേണ്ടി വന്നു. 

ആധാർ കാർഡുമായി ചെന്നാൽ മദ്യം വാങ്ങാമെന്ന പ്രചാരണം വിശ്വസിച്ച് ചിലർ മദ്യം വാങ്ങാനിറങ്ങി. മദ്യ വിൽപന കേന്ദ്രത്തിലെത്തിയപ്പോഴാണ് പലർക്കും അമളി മനസ്സിലായത്. പുതിയ മദ്യ വിൽപന സംവിധാനത്തെ കുറിച്ച് വലിയ ബോധ്യമില്ലാത്തവരാണു കബളിപ്പിക്കപ്പെട്ടത്. 

എന്ത്  ക്വാറന്റീൻ ! 

ജില്ലയിൽ ക്വാറന്റീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബാർ ഹോട്ടലുകളിലേക്കു മദ്യം വാങ്ങാൻ ടോക്കൺ നൽകിയത് ആശയക്കുഴപ്പമുണ്ടാക്കി. ക്വാറന്റീൻ കേന്ദ്രങ്ങളായ ഹോട്ടലുകളിലെ ബാറുകൾ തുറക്കരുതെന്നായിരുന്നു സന്ദേശം. പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളുടെ 500 മീറ്റർ ദൂരപരിധിയിലുള്ള ബാറുകളിലും വിൽപന വേണ്ടെന്ന് അറിയിച്ചിരുന്നു.

എന്നാൽ, ബവ്ക്യൂ ആപ്പിൽ ഈ സ്ഥലങ്ങളിലേക്കെല്ലാം ടോക്കൺ നൽകി. ഇവിടെ മദ്യം വാങ്ങാൻ എത്തിയവർക്കു നിരാശരായി മടങ്ങേണ്ടി വന്നു. ചക്കരക്കല്ലിലെ ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ പ്രവർത്തിക്കുന്ന ബാറിൽ രാവിലെ മദ്യം വിൽപന നടത്തിയെങ്കിലും പിന്നീട് നിർത്തി.

ബാറിലെ ചിയേഴ്സും ബവ്‌റിജസിൽ 

ചക്കരക്കല്ലിൽ ഒരുബാറിലും ബവ്റിജസ് ഔട്‌ലെറ്റിലുമായിരുന്നു മദ്യം വിൽക്കാൻ അനുമതി. രണ്ടിടത്തേക്കും ബവ്ക്യു ആപ്പിൽ ടോക്കൺ ലഭിക്കുകയും ചെയ്തു. ബാർ പ്രവർത്തിക്കുന്ന കെട്ടിടം ക്വാറന്റീൻ കേന്ദ്രം കൂടിയായതിനാൽ മദ്യവിൽപന ഉണ്ടായില്ല. അവിടെ ടോക്കണുമായി എത്തിയവരോട് ബവ്റിജസ് ഔട്‌ലെറ്റിൽ ചെന്ന് മദ്യം വാങ്ങാൻ അധികൃതർ നിർദേശിച്ചു. 

ബാറിലേക്ക് ടോക്കൺ ലഭിച്ചവർക്കും മദ്യം നൽകണമെന്ന് ബവ്റിജസ് ഔട്‌ലെറ്റിലും നിർദേശം നൽകി. ഇതോടെ അവിടെ തിരക്കായി. വൈകിട്ട് 5 കഴിഞ്ഞിട്ടും ക്യൂവിൽ ഉണ്ടായിരുന്നവർക്ക് മദ്യം കിട്ടിയില്ല.

കൂത്തുപറമ്പിൽ നിന്ന് ബവ്ക്യു ആപ് വഴി മദ്യം വാങ്ങാൻ ടോക്കണെടുത്ത ആൾക്ക് അനുവദിച്ച ഷോപ്പ് മട്ടന്നൂരിൽ. ഇക്കാര്യം അറിയാതെ കൂത്തുപറമ്പിലെ ഔട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആളെ തിരിച്ചയച്ചു. ബുക്ക് ചെയ്ത സ്ഥലത്തു നിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലെ ഔട്‌ലെറ്റുകളിലേക്ക് ടോക്കൺ ലഭിച്ച ഏറെ ആളുകളുണ്ട്.