ബേക്കൽ കോട്ട – കാസർഗോഡ് ജില്ലയിലെ ഒരു ടൂറിസ്റ്റുകേന്ദ്രം

by
https://i1.wp.com/www.techtraveleat.com/wp-content/uploads/2020/05/bekal1.jpg?resize=1068%2C601

കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.

ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.

1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.

പുറത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ മുകളില്‍ പീരങ്കിവെയ്ക്കുവാനുള്ള കൊത്തളങ്ങളും ഉയരമുള്ള നീരീക്ഷിണ ഗോപുരങ്ങളുമായി വലിയ കോട്ടകള്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജധാനിക്കു ചുറ്റും നിര്‍മ്മിക്കുന്നത് പണ്ട് സാധാരണമായിരുന്നു. എന്നാല്‍ അസാമാന്യ വിസ്തൃതിയുള്ള ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ രാജധാനിയോ ഭരണപരമായ കാര്യനിര്‍വഹണത്തിനു വേണ്ടിയുള്ള കെട്ടിടങ്ങളോ ഒന്നും തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നില്ലെന്നതാണ് ഒരു പ്രത്യേകത.

കോട്ടയ്ക്കുള്ളില്‍ നിന്നുകൊണ്ട് കടലിലെ കാഴ്ച വളരെ ദുരം വരെ കാണാന്‍ നിരവധി ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കടലില്‍ നിന്നു നോക്കുന്നവര്‍ക്ക് ഇതെളുപ്പം ശ്രദ്ധയില്‍ പെടുന്നതുമല്ല. വളരെ ദൂരെ നിന്നു വരുന്ന കപ്പലുകള്‍ വീക്ഷിക്കുവാന്‍ ഇവ സഹായകമാണ്. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരത്തിലേക്കു കയറുവാന്‍ വീതിയേറിയ ചരിഞ്ഞ പാത നിര്‍മ്മിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിനു സമീപം പത്തടിയിലേറെ വീതിയുള്ള കിടങ്ങും ഉണ്ട്. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലബാര്‍ കീഴടക്കാനെത്തിയ ടിപ്പുവിന്റെ സൈന്യത്തിന് ബേക്കല്‍കോട്ട ഒരു പ്രധാന താവളമായിരുന്നു.

ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.

കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.

ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.

ബേക്കലിന് അടുത്തുള്ള സന്ദർശന യോഗ്യമായ സ്ഥലങ്ങൾ ഇനി പറയുന്നവയാണ് – പള്ളിക്കര ബീച്ച്, ബേക്കൽ ഹോളെ ജലോദ്യാനം, കാപ്പിൽ ബീച്ച്, ചന്ദ്രഗിരി കോട്ട, ചന്ദ്രഗിരി ക്രൂസ്,
ആനന്ദാശ്രം, അനന്തപുര തടാക ക്ഷേത്രം, വലിയപറമ്പ് കായൽ, റാണിപുരം.

കടപ്പാട് – വിക്കിപീഡിയ, ചിത്രം – bekal.com .