https://www.deshabhimani.com/images/news/large/2020/05/0delhi-870175.jpg

തീവ്രത കുറയാതെ വ്യാപനം ; ഡൽഹിയിൽ രോഗികൾ ഏറ്റവുമുയർന്ന നിരക്കിൽ

by

ന്യൂഡൽഹി
നാലാംഘട്ട അടച്ചിടൽ ഞായറാഴ്‌ച അവസാനിക്കാനിരിക്കെ രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിലെ കുതിച്ചുചാട്ടം തുടരുന്നു. ഡൽഹിയിൽ വ്യാഴാഴ്‌ച 1024 പുതിയ രോഗബാധ റിപ്പോർട്ട്‌ ചെയ്‌തു‌. മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപനം രൂക്ഷമാണ്‌. രാജ്യത്ത്‌ ആകെ രോഗികൾ 1.64 ലക്ഷവും മരണം 4600 ഉം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 194 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസം ഇത്രയധികം മരണം ആദ്യമാണ്‌. 24 മണിക്കൂറിനിടെ 6566 പേർക്ക്‌ പുതിയതായി രോഗബാധയുണ്ടായി. 86,110 പേരാണ്‌ ചികിത്സയിലുള്ളത്‌. 67,691 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 42.75 ശതമാനം.

മഹാരാഷ്ട്രയിൽ ആകെ രോഗികൾ അറുപതിനായിരത്തോളമായി. വ്യാഴാഴ്‌ച 2598 പുതിയ രോഗികൾ. 85 പേർ കൂടി മരിച്ചു. ആകെ മരണം 1982. തമിഴ്‌നാട്ടിൽ 827 പുതിയ രോഗബാധിതർ. 12 മരണം കൂടി. ആകെ രോഗികൾ 19,000 കടന്നു. ചെന്നൈയിൽ മാത്രം 559 രോഗികൾ. ഗുജറാത്തിൽ 367 പുതിയ രോഗികൾ. 22 പേർ കൂടി മരിച്ചു. മധ്യപ്രദേശിൽ 192 രോഗികൾ. എട്ട്‌ മരണം. ബംഗാളിൽ 344 പുതിയ രോഗികൾ. ആറുപേർ കൂടി മരിച്ചു. ആന്ധ്രയിൽ 128, ബിഹാറിൽ 58, കർണാടകയിൽ 115, പഞ്ചാബിൽ 19, ഒഡിഷയിൽ 67, അസമിൽ 73, ലഡാക്കിൽ 20, ജമ്മു -കശ്‌മീരിൽ 115 എന്നിങ്ങനെയാണ്‌ പുതിയ രോഗികൾ. കശ്‌മീരിൽ രോഗബാധിതർ 2000 കടന്നു. ബിഹാറിൽ മൂവായിരത്തിലേറെയായി.

● അഞ്ചാംഘട്ട ലോക്‌ഡൗൺ സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി
● മഹാരാഷ്ട്രയിൽ 131 പൊലീസുകാർക്കുകൂടി കോവിഡ്‌.അഗ്‌നിശമനസേനാ വിഭാഗത്തിൽ 41 രോഗികൾ

● വന്ദേഭാരത്‌ പദ്ധതിയിൽ ഒരു ലക്ഷംപേരെ എത്തിക്കുമെന്ന്‌ വിദേശമന്ത്രാലയം. ഇതുവരെ 45,216 പേർ എത്തി

● 30 പ്രത്യേക രാജധാനി ട്രെയിനുകളിലും 200 പ്രത്യേക മെയിൽ–- എക്‌സ്‌പ്രസ്‌ വണ്ടികളിലും മുൻകൂർ ബുക്കിങ്‌ കാലയളവ്‌ 120 ദിവസമാക്കി
● ഇൻഡിഗോയുടെ നാലു വിമാനങ്ങളിലായി യാത്ര ചെയ്ത 12 പേർക്ക് കോവിഡ്. ഇവർക്ക് രോഗലക്ഷണമില്ലായിരുന്നു.