https://www.deshabhimani.com/images/news/large/2020/05/0sslc-870168.jpg
എസ്‌എസ്‌എൽസി അവസാനദിവസ പരീക്ഷ കഴിഞ്ഞ്‌ വിദ്യാർഥികൾ യാത്രപറഞ്ഞ്‌ പിരിയുന്നു. വയനാട്‌ കൽപ്പറ്റ മുണ്ടേരി ഗവ. സ്കൂളിൽനിന്നുള്ള കാഴ്ച ഫോട്ടോ: എം എ ശിവപ്രസാദ്‌

ഓർമയിൽ സൂക്ഷിക്കാം ഈ പരീക്ഷ(ണ)ക്കാലം ; എസ്‌എസ്‌എൽസി പരീക്ഷകൾ പൂർത്തിയായി

by

തിരുവനന്തപുരം
കെട്ടിപ്പിടിക്കാതെ, വാരിപ്പുണരാതെ അക്ഷരമുറ്റത്തെ സൗഹൃദങ്ങൾ പടിയിറങ്ങി. പിന്നീടൊരിക്കൽ ചേർന്നിരിക്കാൻ അവർ അകന്നിരുന്ന്‌ സെക്കൻഡറിതല അവസാന പരീക്ഷ ഒന്നിച്ചെഴുതിത്തീർത്തു. പഴുതടച്ച സുരക്ഷയിൽ, പരാതിക്കും ആശങ്കയ്‌ക്കും ഇടനൽകാതെയായിരുന്നു എസ്‌എസ്‌എൽസി പരീക്ഷ പൂർത്തിയായത്‌.

അടച്ചുപൂട്ടലിനെത്തുടർന്ന്‌ മാറ്റിവച്ച പരീക്ഷ വ്യാഴാഴ്‌ചത്തെ കെമിസ്‌ട്രിയോടെ അവസാനിച്ചു‌. കോവിഡ്‌ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നതിൽ‌ എതിർപ്പുകൾ ഉയർന്നെങ്കിലും ആശങ്കയില്ലാതെ പൂർത്തിയായി. രജിസ്റ്റർ ചെയ്ത 4,22,450 പേരിൽ 4,22,112 ( 99. 92 ശതമാനം)പേരും പരീക്ഷയ്‌ക്കെത്തി. പതിവ്‌ പരിശോധനയ്‌ക്കുശേഷമാണ്‌ കുട്ടികളെ സ്കൂളിലേക്ക്‌ കടത്തിവിട്ടത്‌. വൈകിട്ട്‌ കുട്ടികൾ കൂട്ടംചേരാതിരിക്കാനും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനും സ്കൂൾ അധികൃതർ ശ്രദ്ധിച്ചു.

ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക്‌ കവറുകളിൽ പൊതിഞ്ഞ്‌ അതത്‌ ദിവസങ്ങളിൽ മൂല്യനിർണയ കേന്ദ്രങ്ങളിൽ എത്തിച്ചു. ക്വാറന്റൈനിൽ കഴിഞ്ഞവരുടെയും മറ്റ്‌ ആരോഗ്യപ്രശ്‌നമുള്ളവരുടെയും ഉത്തരക്കടലാസ്‌ പ്രത്യേകം സൂക്ഷിക്കും. ഏഴ്‌ ദിവസത്തിനു‌ശേഷം മൂല്യനിർണയം ആരംഭിക്കും. ഹയർസെക്കൻഡറി പരീക്ഷ ശനിയാഴ്‌ച അവസാനിക്കും.