https://www.deshabhimani.com/images/news/large/2020/05/0bbb-870191.jpg

90 ലക്ഷം ഹിറ്റ്‌: വീർപ്പുമുട്ടി ബെവ്ക്യൂ ആപ് ; അച്ചടക്കം പാലിച്ച്‌ മദ്യവിൽപ്പന കേന്ദ്രങ്ങൾ

by

സ്വന്തം ലേഖകൻ
സംസ്ഥാന ബിവറേജസ്‌ കോർപറേഷൻ ആരംഭിച്ച ബെവ്ക്യൂ മൊബൈൽ ആപ്ലിക്കേഷനിൽ സന്ദർശക പ്രവാഹം. ആദ്യദിനത്തിൽ 90 ലക്ഷത്തിലേറെയാണ്‌ ഹിറ്റുണ്ടായത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ ആറുവരെ15 ലക്ഷം പേർ ആപ് ഡൗൺലോഡ്‌ ചെയ്‌തു. ഇത്‌ വെർച്വൽ ക്യൂ മാനേജ്മെന്റ്‌ സംവിധാനത്തിലെ ഇ ടോക്കൺ വിതരണത്തെയും ബാധിച്ചു. എന്നിട്ടും തടസ്സങ്ങൾ പരിഹരിച്ച്‌, വലിയ പരാതികളില്ലാതെ ആദ്യദിനം മദ്യവിതരണംചെയ്‌തു.

ബുധനാഴ്‌ച രാത്രിയോടെ ഗൂഗിൾപ്ലേ സ്‌റ്റോറിൽ ആപ് നിലവിൽവന്നു. എസ്‌എംഎസിലൂടെയും ബുക്ക്‌ചെയ്യാൻ സൗകര്യമൊരുങ്ങിയതോടെ ടോക്കൺ ലഭ്യമായി. ആപ് ഡൗൺലോഡ്‌ ചെയ്യുന്നവരുടെയും സന്ദർശകരുടെയും എണ്ണം കുതിച്ചുയർന്നതോടെ, ടോക്കൺ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ‌ മൊബൈലിൽ ഒടിപി ലഭിക്കാൻ‌ തടസ്സം നേരിട്ടു. ഇത്തരം പ്രശ്‌നങ്ങളെല്ലാം വ്യാഴാഴ്‌ച രാത്രിയോടെ പരിഹരിച്ചതായി ഫെയർകോഡ്‌ ടെക്‌നോളജീസ്‌ കമ്പനി അധികൃതർ പറഞ്ഞു.

1168 കേന്ദ്രത്തെയാണ്‌ വിൽപ്പനയ്‌ക്ക്‌ തെരഞ്ഞെടുത്തത്‌. ബിവറേജസ്‌ കോർപറേഷന്റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ചില്ലറവിൽപ്പനശാലകൾ, 576 ബാർഹോട്ടൽ, 291 ബിയർ–-വൈൻ പാർലറുകൾ എന്നിവ പട്ടികയിൽപ്പെട്ടു. ഹോട്ട്സ്‌പോട്ടിൽപ്പെട്ട വിൽപ്പനശാലകളും ക്വാറന്റൈൻ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ബാർ ഹോട്ടലുകളും ഒഴികെ എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും മദ്യംവിതരണംചെയ്‌തു. നക്ഷത്ര വ്യത്യാസമില്ലാതെ ഹോട്ടലുകൾ സാധാരണക്കാർക്കായി തുറന്നതും സംസ്ഥാനത്താകെ ഒറ്റവിലയ്‌ക്ക്‌ മദ്യം ലഭ്യമായതും പ്രത്യേകതയായി. കുപ്പിക്കണക്കിനുമാത്രമാണ്‌ മദ്യം ലഭ്യമാക്കുന്നത്‌. ബിയർ–-വൈൻ വിൽപ്പന കേന്ദ്രങ്ങളിൽ അവ മാത്രമാണ്‌ ലഭ്യമാക്കുന്നത്‌. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസും ആരോഗ്യപ്രവർത്തകരും നേതൃത്വം നൽകി. തെർമൽ സ്‌കാനർ പരിശോധന, മാസ്‌ക്‌, സാനിറ്റൈസർ ഉപയോഗം, കൈ കഴുകാൻ വെള്ളവും സോപ്പും ജീവനക്കാർക്ക്‌ കൈയുറയും മാസ്‌കും തുടങ്ങിയവയും ഉറപ്പാക്കി. ശാരീരിക അകലം പാലിക്കുന്നതും ഉറപ്പാക്കി. ചില കേന്ദ്രങ്ങളിൽ ടോക്കണിൽ അനുവദിച്ചതിലും വളരെമുമ്പേ ഉപഭോക്താക്കൾ ക്യൂവിലെത്തി. ഇവരെ പൊലീസ്‌ മടക്കി.അടച്ചുപൂട്ടലിന്റെ മൂന്നാംഘട്ട ഇളവുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതിയായിരുന്നു. കേരളത്തിൽ പൂർണസുരക്ഷ ഉറപ്പാക്കിമാത്രം വിൽപ്പന മതിയെന്ന്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ്‌ വെർച്വൽ ക്യൂ മാനേജ്‌മെന്റ്‌ സംവിധാനം രൂപീകരിച്ചത്‌‌.