https://www.deshabhimani.com/images/news/large/2020/05/00ci1-870331.jpg

'തോൽക്കില്ലാ ഞങ്ങൾ മുട്ടുമടക്കില്ലാ ഈ പട്ടിണിപ്പാവങ്ങൾ’ ; സിരകളിലിന്നും കത്തുന്ന സമരാവേശം

by

കൂലിക്കും ജോലിസ്ഥിരതയ്ക്കുംവേണ്ടി തൊഴിലാളികളുടെ സമരം കത്തിപ്പടരുന്ന 1977 കാലം. ഫാക്ടറിക്കു മുന്നിലെത്തിയ ചുവന്നകൊടി തോരണങ്ങളാൽ അലങ്കരിച്ച വാഹനം നിറയെ കശുവണ്ടിത്തൊഴിലാളികൾ. ലക്ഷ്യം കൊല്ലം‌ കലക്ടറേറ്റ്‌. സമരക്കാരെ തുരത്താൻ നിക്കറിട്ട പൊലീസുകാർ അതീവ ജാഗ്രതയിൽ. സമരത്തിനെത്തിയ പുരുഷന്മാരെയൊക്കെ കെ കരുണാകരന്റെ പൊലീസ്‌ ക്രൂരമർദനത്തിന്‌ ഇരയാക്കി ഇടിവണ്ടിയിലേക്ക്‌ എടുത്തെറിയുന്നു. ഇതുകണ്ട്‌ സ്‌ത്രീത്തൊഴിലാളികൾ പൊലീസ്‌ വാഹനത്തിനുചുറ്റും കൂടി. ‘തുലയട്ടെ ‌ സർക്കാർ, തോൽക്കില്ലാ ഞങ്ങൾ മുട്ടുമടക്കില്ലാ ഈ പട്ടിണിപ്പാവങ്ങൾ’–- ഉച്ചത്തിൽ മുദ്രാവാക്യം ഉയർന്നു. പൊലീസിന്റെ ക്രൂരമർദനം കണ്ട്‌ വിറങ്ങലിച്ചുനിന്ന തൊഴിലാളികളെയെല്ലാം ആ ശബ്‌ദം ആവേശത്തിലാക്കി. ഒടുവിൽ ആ ശബ്‌ദത്തിന്റെ ഉടമയേയും പൊലീസുകാർ ഇടിവണ്ടിയിലേക്ക്‌ വലിച്ചെറിഞ്ഞു. പൊലീസിനെ അമ്പരപ്പിച്ച ആ ശബ്ദം പുല്ലിച്ചിറ മേബിൾ ലാന്റിൽ മേബിൾ എന്ന മേരിക്കുട്ടിയുടേതായിരുന്നു. ഓർമകളിലെ സമരാവേശം ഇന്നും മേരിക്കുട്ടി (84)യുടെ സിരകളിലൂടെ ഒഴുകുന്നുണ്ട്‌. സിഐടിയു സംഘടിപ്പിച്ച കശുവണ്ടിത്തൊഴിലാളി സമരങ്ങളിലെല്ലാം മുന്നണിപ്പോരാളിയായിരുന്നു മേരിക്കുട്ടി. നിരവധി തവണ ജയിൽവാസം അനുഭവിച്ചു. സിഐടിയു രൂപീകൃതമായ വർഷംതന്നെ മേരിക്കുട്ടി അംഗമായി.

https://www.deshabhimani.com/images/inlinepics/00ci2.jpg

പകലന്തിയോളം പണിയെടുത്തിട്ടും വൈകുന്നേരങ്ങളിൽ മുതലാളിമാർക്ക്‌ മുന്നിൽ കൂലിക്കായി കൈനീട്ടേണ്ടി വരുന്ന ദുരിതാവസ്ഥയിൽനിന്ന് തൊഴിലാളികളെ തൊഴിലിന്റെ നേരവകാശികളാക്കിയ ഐതിഹാസിക സമര സ്‌മരണകളാണ്‌ മേരിക്കുട്ടിയുടെ മനസ്സിലിന്നും.

കശുവണ്ടി വികസന കോർപറേഷന്റെ കോർപറേഷന്റെ കൊട്ടിയം ഒന്നാംനമ്പർ ഫാക്ടറിയിൽ ഗ്രേഡിങ്‌ തൊഴിലാളിയായി 31 –-ാംവയസ്സിലാണ്‌ ജോലിക്ക്‌ കയറിയത്‌. വർഷം 10 ദിവസം മാത്രമായിരുന്നു ജോലി. കൂലി 12 രൂപയും. മറ്റു ദിവസങ്ങളിൽ സ്വകാര്യ ഫാക്ടറികളിൽ പണിക്കുപോകും. അവിടെ തുച്ഛമായ ദിവസങ്ങളിലാണ്‌ ജോലി. കൂലി വെട്ടിപ്പും പരിപ്പു കടത്തലുമൊക്കെ പതിവായിരുന്നു. അവിടെയൊക്ക സിഐടിയു നേതൃത്വത്തിൽ തീക്ഷ്‌ണമായ സമരങ്ങളാണ്‌ അരങ്ങേറിയത്‌. ഫാക്ടറികളിൽ ഒളിഞ്ഞും തെളിഞ്ഞും സമരത്തിനു നേതൃത്വം നൽകി. കശുവണ്ടിത്തൊഴിലാളി യൂണിയൻ താലൂക്ക്‌ വൈ‌സ്‌ പ്രസിഡന്റ്,‌ ഫാക്ടറി കൺവീനർ, സെക്‌ഷൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു‌. പറ്റ്‌നയിൽ നടന്ന സിഐടിയു എട്ടാം ദേശീയ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്‌.