https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/28/KM-Mathew-and-MP-Veerendrakumar.jpg
എം.പി. വീരേന്ദ്രകുമാർ മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ.എം. മാത്യുവിനൊപ്പം.

സ്നേഹസൗഹൃദങ്ങൾ നൽകിയ ബന്ധം; വീരപോരാളി, വിട

by

പുകച്ചുരുളുകൾക്കിടയിൽ അവ്യക്തമായിരുന്നു ആദ്യ കാഴ്ച. സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശാരവങ്ങൾക്കിടയിൽ, ആ കോഴിക്കോടൻ ഉച്ചയിൽ ഞാൻ വീരേന്ദ്രകുമാറിനെ ആദ്യമായി അരികിൽ കണ്ടു, പരിചയപ്പെട്ടു.  ജീവിതം മുഴുവൻ സ്നേഹസൗഹൃദങ്ങൾ നൽകിയ ഒരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. 

മലയാള മനോരമയുടെ റസിഡന്റ് എഡിറ്ററായി 1970 ൽ കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു ഫുട്ബോൾ മൈതാനത്തെ ആദ്യ കൂടിക്കാഴ്ച. ഫ്ലഡ്‌ലിറ്റ് ഇല്ലാത്തതുകൊണ്ട്  അക്കാലത്ത് ഉച്ചയ്ക്കായിരുന്നു കളി തുടങ്ങിയിരുന്നത്. സോഷ്യലിസ്റ്റ് നേതാവായി അന്നേ പ്രശസ്തനായിരുന്ന വീരേന്ദ്രകുമാർ അരങ്ങിൽ ശ്രീധരനോടൊപ്പമായിരുന്നു കളികാണാൻ വന്നിരുന്നത്. കളി തീരുവോളം അവർ ഇരുവരും വിൽസ് സിഗരറ്റ് തുടർ‌ച്ചയായി വലിച്ചിരുന്നത് ഓർമയുണ്ട്.

മനോരമ കോഴിക്കോട് വേരൂന്നുന്നതിന്റെ മുഴുവൻ ക്ളേശങ്ങളിലായിരുന്നു അന്നു സഹപ്രവർ‌ത്തകരും ഞാനും. ‘മാതൃഭൂമി’ കോഴിക്കോട് വളർന്നുപന്തലിച്ച വടവൃക്ഷം. കെ.പി.കേശവമേനോൻ ചീഫ് എഡിറ്റർ, വി.എം.നായർ മാനേജിങ് ഡയറക്ടറും. 

വീരനെ കൂടുതൽ പരിചയപ്പെടാൻ കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവും വി.എം.നായർക്കുശേഷം മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.ജെ.കൃഷ്ണമോഹന്റെ അകാലനിര്യാണത്തെ തുടർന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ കൽപ്പറ്റയിലേക്കു പോയി.

കൃഷ്ണമോഹന്റെ മരണവേളയിൽ ഒപ്പമില്ലായിരുന്ന വീരൻ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിയെത്തിയതും എന്റെ ഓർമയിലുണ്ട്. പിറ്റേന്ന് മാതൃഭൂമിയുടെ പുതിയ മാനേജിങ് ഡയറക്ടറായി വീരൻ ചുമതലയേറ്റു. ആ അധികാരപ്രാപ്തി ഒരു സ്വാഭാവിക പരിണാമമായിരുന്നു. ജീവനക്കാരുടെ സമരമടക്കം പല പ്രശ്നങ്ങൾ കൊണ്ടും അന്തരീക്ഷം കലുഷിതമായ മാതൃഭൂമിയിലേക്കായിരുന്നു ഭരണച്ചുമതലയുമായി വീരന്റെ പ്രവേശം.

കോഫി പ്ളാന്ററെന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലുമുള്ള അനുഭവങ്ങൾ ഒരു പത്രസ്ഥാപനത്തിൽ എങ്ങനെ വീരൻ പ്രയോഗിക്കുമെന്നൊക്കെയോർത്ത് പലർക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ കറതീർ‌ന്ന പോരാളിയായിരുന്നു  വീരൻ. എത്ര വലിയ പ്രശ്നത്തിനും ഒരിക്കലും തോൽപ്പിക്കാനാവാത്ത വീരനായകൻ. മാതൃഭൂമി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ മാനേജ്മെന്റ് വിദഗ്ധനായ വീരനെയാണ് അദ്ദേഹം സ്വയം അവതരിപ്പിച്ചത്. 1960–ൽ , യുഎസിലെ ഒഹായോയിലുള്ള  സിൻസിനാറ്റി യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎ ബിരുദം നേടിയ വീരൻ, തന്റെ നിർവഹണവൈദഗ്ധ്യം മുഴുവൻ പുറത്തെടുത്ത് മാതൃഭൂമിയെ അടിമുടി നവീകരിച്ചു. 

ആ സ്ഥാപനത്തെ ആധുനിക മാനേജ്മെന്റിലേക്കു കൊണ്ടുപോയത് അദ്ദേഹമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളും അനുഭവ പരിജ്ഞാനം മാത്രമുള്ളവരും മാത്രം അതുവരെ ഭരിച്ച മാതൃഭൂമി പുതുമയുടെ, ആധുനികതയുടെ, സാങ്കേതിക പിൻതുണയുടെ പുതിയ കാലത്തിലേക്കു കാലൂന്നിയതിൽ വീരന്റെ പങ്ക് ചരിത്രപരമാണ്.. അതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഒരു പത്രസ്ഥാപനം നടത്തിക്കൊണ്ടുപോകേണ്ട  ഉത്തരവാദിത്തം കൃത്യമായി മനസ്സിലാക്കി, അതിൽ താൻ പഠിച്ച മാനേജ്മെന്റ് വൈദഗ്ധ്യം സന്നിവേശിച്ചപ്പോൾ  മാതൃഭൂമി പുതുമകളൊക്കെയും വാരിയണിഞ്ഞ് നവമുഖം സ്വീകരിച്ചു.

മാതൃഭൂമിയുടെ ചുമതല ഏറ്റെടുത്തയുടൻ വീരൻ എന്നോടു പറഞ്ഞു: ‘മാമ്മൻ, മനോരമയ്ക്ക് പത്ര മാനേജ്മെന്റിൽ വിജയത്തിന്റെ ഒരു പാരമ്പര്യമുണ്ട്. ഞാൻ ഈ രംഗത്ത് പുതിയ ആളാണ്. എന്നെ സഹായിക്കണം.  ഒരുപാടു ബുദ്ധിമുട്ടുകൾ സഹിച്ച് ജനിച്ചുവളർന്ന പത്രമാണു മാതൃഭൂമി. ഞാൻ കാരണം അതു നശിക്കരുത് എന്നാണ് എന്റെ മോഹവും പ്രാർഥനയും. എനിക്കൊപ്പം ഉണ്ടാവണം.’ ഞാൻ ഉറപ്പോടെ പറഞ്ഞു:  ‘എന്റെ ഭാഗത്തുനിന്ന് പിൻതുണയ്ക്ക് ഒരു കുറവും ഉണ്ടാവില്ല.’

എന്റെ പിതാവ് കെ.എം.മാത്യുവിനോട് പത്രനടത്തിപ്പിന്റെ കാര്യത്തിൽ ഉപദേശ നിർദേശങ്ങൾ തേടുമായിരുന്നു വീരൻ. നിറഞ്ഞ സ്നേഹാദരത്തോടെ പത്ര നടത്തിപ്പിനെക്കുറിച്ചുള്ള ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായി വീരൻ എന്റെ പിതാവിന്റെ അരികിലിരിക്കുന്ന എത്രയോ ചിത്രങ്ങൾ എന്റെ മനസ്സിലുണ്ട്. അതൊക്കെക്കൊണ്ടാവണം മാൾട്ടയിൽ വച്ച്  ഒരു യോഗത്തിൽ വീരൻ ഇങ്ങനെ പ്രഖ്യാപിച്ചത്  ‘ കെ.എം.മാത്യുവാണ് പത്രലോകത്ത് എന്റെ ഗുരുനാഥൻ.’ 

ഒരിക്കൽ കോട്ടയത്ത് എന്റെ പിതാവിനെ കാണാനെത്തിയ വീരൻ , അവരുടെ ചർച്ച കഴിഞ്ഞ് എന്റെ അടുത്തേക്കും വന്നു. എന്റെ പിതാവ് തൊട്ടു മുൻപ് പകർന്നു കൊടുത്ത ആത്മവിശ്വാസത്തിന്റെ നവോർജം മനസ്സിലെത്തിയതുകൊണ്ടു കൂടിയാവണം വീരൻ എന്നോടു പറഞ്ഞു : ‘ഇപ്പോൾ മാതൃഭൂമിയും ഞാനും ഒരുപോലെ ദുർബലമാണ്. പക്ഷേ ഒരു ദിവസം ഞങ്ങളും കരുത്തു നേടും. ആ കരുത്തോടെ മനോരമയോടു മൽസരിക്കും. ’. ഒന്നു നിർത്തി , സ്നേഹത്തോടെ വീരൻ പിന്നെ ഇതുകൂടി പറഞ്ഞു: ‘ പക്ഷേ ആ മൽസരം പത്രങ്ങൾ തമ്മിലായിരിക്കും, മാമ്മൻ. നമ്മൾ തമ്മിലാവില്ല.’  ഒടുക്കം വരെ വീരൻ ആ വാക്ക് കാത്തു സൂക്ഷിക്കുകയും ചെയ്തു. എനിക്ക് 2005 ൽ ഒരു ദേശീയ ബഹുമതി കിട്ടിയിരുന്നു. അതറിഞ്ഞ ഉടൻ ആദ്യം വന്ന ഫോൺ കോൾ വീരന്റേതായിരുന്നു. ഫോണിനപ്പുറത്തുനിന്ന് ഒരു ജ്യേഷ്ഠ സഹോദരന്റെയെന്ന പോലെ , അഭിമാനവും ആഹ്ലാദവുംനിറഞ്ഞ സ്വരം ഞാൻ കേട്ടു, ‘മാമ്മൻ, എനിക്ക് ഇൗ പുരസ്കാരം കിട്ടിയ അതേ സന്തോഷം തോന്നുന്നു. ഞാനിത് ഇവിടെയിരുന്ന് ആഘോഷിക്കും.’

ഒരിക്കൽ ഒരു ലോക്സഭാ തിരഞ്ഞെടുപ്പിൽ വീരൻ തോൽക്കുകയുണ്ടായി. മനോരമയിൽ വന്ന ഒരു പ്രസംഗത്തിലെ ഒരു വാചകം കാരണം തനിക്കു ന്യൂനപക്ഷ വോട്ടുകളിൽ കുറച്ചു നഷ്ടപ്പെട്ടുവെന്ന തെറ്റിദ്ധാരണ വീരനുണ്ടായി. ആ തെറ്റിദ്ധാരണ നീക്കാൻ എന്റെ പിതാവും ഞാനും ഫോണിലൂടെ എത്ര പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒരു ചെറുകാലത്തെ ഇടവേളയ്ക്കു ശേഷമാണ് അതു തെറ്റിദ്ധാരണയാണെന്നു വീരനു മനസ്സിലായത്. പൂർണമായും ആ മഞ്ഞുരുകിയതാകട്ടെ എന്റെ പിതാവിന്റെയും അമ്മച്ചിയുടെയും വീട്ടി‍ലെ തീൻമേശയിൽ. നല്ലൊരു വെജിറ്റേറിയൻ സദ്യ കഴിക്കാനെത്തിയതായിരുന്നു വീരനും സഹധർമ്മിണി ഉഷയും. എന്റെ അമ്മച്ചിയുടെ പായസമധുരത്തിൽ പഴയ സ്നേഹവും സൗഹൃദവും വീരനിൽവീണ്ടും പിറന്നു. ഒരിക്കലും ഞങ്ങൾ വീരനെ ഒരു കുരുക്കിൽപ്പെടുത്തില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ഗാഢബന്ധത്തിന്റെ അടയാളമായി ആ തിരിച്ചറിവ്. 

2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. പാലക്കാടുനിന്ന് യു‍‍ഡിഎഫ് സ്ഥാനാർഥിയായി വീരൻ മൽസരിക്കുന്നുവെന്നറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: – 

യുഡിഎഫ് നേതാക്കളോടു പറഞ്ഞ് രാജ്യസഭാ സീറ്റിനുവേണ്ടി ശ്രമിക്കുന്നതല്ലേ നല്ലത്? ഈ വെയിലും കൊണ്ട് വോട്ടു ചോദിച്ച് നടക്കേണ്ട ആവശ്യം വല്ലതുമുണ്ടോ?

വീരൻ ചിരിച്ചു. എന്നിട്ട് ഗൗരവത്തോടെ , ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ എന്നോടു പറഞ്ഞു, ഒരു പ്രഖ്യാപനം പോലെ:

മാമ്മൻ – അയം എ പൊളിറ്റിക്കൽ അനിമൽ.

രാഷ്ട്രീയത്തിന്റെ ചൂടും വെയിലുമേറ്റ്, ദശാബ്ദങ്ങളായി പോരാടുന്ന ഒരാളുടെ വീറും വാശിയുമുണ്ടായിരുന്നു ആ വാക്കുകളിൽ.

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ശേഷം വീരൻ എന്റെ സഹോദരന്മാരായ ഫിലിപ് മാത്യുവിനെയും ജേക്കബ് മാത്യുവിനെയും എന്നെയും വിളിച്ചു പറഞ്ഞു: ‘മാതൃഭൂമി തന്നതിലും വലിയ പിൻതുണയാണ് മനോരമയിൽ നിന്നു കിട്ടിയത്. വളരെ നന്ദി.

അതേ ദിവസം തന്നെ, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷും അക്കാലത്തു പാലക്കാട്  കോഓർഡിനേറ്റിങ് എഡിറ്ററായിരുന്ന റോയ് ഫിലിപ്പിനെ വിളിച്ചു പറഞ്ഞു: ‘മനോരമയോട് നന്ദിയുണ്ട്, എനിക്ക് ആവശ്യത്തിനുള്ള കവറേജ് തന്നതിന്.’

രണ്ടു സ്ഥാനാർഥികളിൽനിന്നുള്ള ആ നന്ദിവാക്ക് സത്യത്തിൽ എനിക്ക് സന്തോഷത്തിന്റെ ഇരട്ടിമധുരമാണ് നൽകിയത്. പക്ഷേ, ആ തിരഞ്ഞെടുപ്പിൽ വീരൻ പരാജയപ്പെട്ടു. 

എനിക്കറിയാവുന്ന വീരനെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. എല്ലാവർക്കും അറിയാവുന്ന വീരനിൽ ഒരുപാടു വീരനുണ്ട്. മികച്ച പ്രഭാഷകൻ, വായനക്കാരൻ, എഴുത്തുകാരൻ, ഫലിതപ്രിയൻ, ശ്വാനസ്നേഹവും വാച്ച് ശേഖരണവുമൊക്കെ ഹോബിയായി കൊണ്ടു നടക്കുന്നയാൾ. യാത്രാപ്രിയൻ... പിന്നെ നല്ല സുഹൃത്തും. എത്രയോ രാജ്യങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പോയിട്ടുണ്ട്.  എത്രയോ വേദികൾ പങ്കിട്ടുണ്ട്. എത്രയോ തമാശകൾ പറഞ്ഞ് ഒരുമിച്ചു ചിരിച്ചിട്ടുണ്ട്. വീരന് പത്രരംഗത്ത് മൂന്ന് അടുത്ത സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ഡെക്കാൺ ഹെറാൾഡിലെ ശാന്തകുമാർ, ഹിന്ദുവിലെ എൻ. മുരളി, പിന്നെ അഭിമാനത്തോടെ പറയട്ടെ ഈ ഞാൻ. 

ശ്രീലങ്കയിലെ വിജയ പബ്ലിക്കേഷൻസ് കുടുംബാംഗവും മുൻ പ്രധാനമന്ത്രിയുമായ  റനിൽ വിക്രമസിംഗെയുടെ അമ്മാവന്‍ രഞ്ജിത്  വിജയവർധനെയുമുണ്ട്  ഈ ചങ്ങാതിപ്പട്ടികയിൽ. 

പ്രിയപ്പെട്ട വീരൻ, ഇതൊരു ചങ്ങാതിക്കുറിപ്പാണ്. താങ്കളുടെ ഷഷ്ടിപൂർത്തിക്ക് മാത‍ൃഭൂമിയിൽ ഞാനൊരു ആശംസാക്കുറിപ്പ് എഴുതിയിരുന്നു. അതിലെഴുതിയതിൽ ഒന്നുമില്ല ഈ സങ്കടക്കുറിപ്പിൽ. കാരണം, എന്റെ സുഹൃത്തിനോടുള്ള വിടവാങ്ങൽ കുറിപ്പാണിത്. 

പ്രിയപ്പെട്ട വീരപോരാളി, വിട.

English Summary: Malayala Manorama Chief Editor Mammen Mathew remembering M.P. Veerendrakumar