സോഷ്യലിസ്‌റ്റ് സഞ്ചാരി...

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399336/bft4.jpg

രാഷ്‌ട്രീയം, സാഹിത്യം, പ്രസാധനം, പ്ലാന്റേഷന്‍ എന്നിങ്ങനെ പരസ്‌പരബന്ധമില്ലാത്ത വ്യത്യസ്‌ത മണ്ഡലങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോയ ബഹുമുഖപ്രതിഭയെന്നു വിശേഷിപ്പിക്കാം എം.പി.വീരേന്ദ്രകുമാറിനെ.

രാഷ്‌ട്രീയം

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ജയപ്രകാശ്‌ നാരായണ്‍ ആണ്‌ പാര്‍ട്ടിയില്‍ അംഗത്വം നല്‌കിയത്‌. അടിയന്തരാവസ്‌ഥക്കാലത്ത്‌ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്‌തു.
1987ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്‌. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്‌ഥാനം രാജിവെക്കുകയും ചെയ്‌തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട്‌ തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-09 കാലത്ത്‌ പാര്‍ലമെന്റ്‌ അംഗമായും സേവനമനുഷ്‌ഠിച്ചു. 2016, 2018 വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി. ലോക്‌ താന്ത്രിക്‌ ജനതാദള്‍ സ്‌ഥാപക നേതാവാണ്‌.

പ്രസാധനം

മാതൃഭൂമി പ്രിന്റിങ്‌ ആന്‍ഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമാണ്‌. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പര്‍, പി.ടി.ഐ ഡയറക്‌ടര്‍, പ്രസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ ട്രസ്‌റ്റി, ഇന്റര്‍ നാഷനല്‍ പ്രസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മെമ്പര്‍, കോമണ്‍വെല്‍ത്ത്‌ പ്രസ്‌ യൂനിയന്‍ അംഗം, വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പര്‍. 1992-93, 2003-04, 2011 -12 കാലയളവില്‍ പി.ടി.ഐ ചെയര്‍മാനും 2003-2004 ല്‍ ഐ.എന്‍.എസ്‌ പ്രസിഡന്റുമായിരുന്നു.

സാഹിത്യകാരന്‍

നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക്‌ ഒരു തീര്‍ഥയാത്ര, പ്രതിഭയുടെ വേരുകള്‍ തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്ര?ഫ. പി.എ വാസുദേവനുമായി ചേര്‍ന്ന്‌), രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, സ്‌മൃതിചിത്രങ്ങള്‍, എം.പി. വീരേന്ദ്രകുമാറി?െന്റ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവില്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ്‌ സാക്ഷി, വിചിന്തനങ്ങള്‍ സ്‌മരണകള്‍ തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍.

പുരസ്‌കാരങ്ങള്‍

മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ സി.എച്ച്‌. മുഹമ്മദ്‌കോയ പുരസ്‌കാരം (1991), കേരള സാഹിത്യ അക്കാഡമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡ്‌ (1995), സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം (1995), മഹാകവി ജി. സ്‌മാരക അവാര്‍ഡ്‌ (1996), ഓടക്കുഴല്‍ അവാര്‍ഡ്‌ (1997), സഹോദരന്‍ അയ്പ്പന്‍ അവാര്‍ഡ്‌ (1997), കേസരിയ സ്‌മാരക അവാര്‍ഡ്‌ (1998), നാലപ്പാടന്‍ പുരസ്‌കാരം (1999), അബുദാബി ശക്‌തി അവാര്‍ഡ്‌ (2002), കെ. സുകുമാരന്‍ ശതാബ്‌ദി അവാര്‍ഡ്‌ (2002), വയലാര്‍ അവാര്‍ഡ്‌ (2008), ഡോ. ശിവരാം കാരന്ത്‌ അവാര്‍ഡ്‌ (2009), സി. അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ്‌ അവാര്‍ഡ്‌ (2009), ബാലാമണിഅമ്മ പുരസ്‌കാരം (2009), കേശവദേവ്‌ സാഹിത്യപുരസ്‌കാരം, കെ.പി. കേശവമേനോന്‍ പുരസ്‌കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ്‌ (2010), ഏറ്റവും മികച്ച യാത്രാവിവരണകൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്‌ (2010), ഡോ. സി.പി. മേനോന്‍ അവാര്‍ഡ്‌, ഫാദര്‍ വടക്കന്‍ അവാര്‍ഡ്‌ (2010), മള്ളിയൂര്‍ ഗണേശപുരസ്‌കാരം (2011), അമൃതകീര്‍ത്തി പുരസ്‌കാരം (2011), സ്വദേശാഭിമാനി പുരസ്‌കാരം (2011), ഡോ. കെ.കെ. രാഹുലന്‍ സ്‌മാരക അവാര്‍ഡ്‌ (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്‌കാരം (2012), ജസ്‌റ്റിസ്‌ കെ.പി. രാധാകൃഷ്‌ണമേനോന്‍ പുരസ്‌കാരം (2013) കെ.കെ. ഫൗണ്ടേഷന്‍ അവാര്‍ഡ്‌ (2014) തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്കു വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്‌. ഹൈമവതഭൂവിലിന്റെ ഹിന്ദി, തമിഴ്‌ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രമുഖര്‍ അനുസ്‌മരിക്കുന്നു

കേരളാ രാഷ്‌ട്രീയത്തിലെ പ്രതിഭയേറിയ
നേതാവിനെ നഷ്‌ടമായി
- എ.കെ. ആന്റണി

ഏറെ ബഹുമാനിച്ച ആത്മാര്‍ഥതയുള്ള
നേതാവ്‌
- ഉമ്മന്‍ ചാണ്ടി

പാരിസ്‌ഥിതിക പോരാട്ടങ്ങള്‍ക്ക്‌
പ്രാമുഖ്യം നല്‍കിയ വ്യക്‌തിത്വം
- മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇതിഹാസത്തെ നഷ്‌ടമായി
- ശശി തരൂര്‍ എം.പി.

പാര്‍ലമെന്ററി രംഗത്തു സവിശേഷമായ
സംഭാവനകള്‍ നല്‍കിയ വ്യക്‌തിത്വം
- എന്‍.കെ. പ്രേമചന്ദ്രന്‍

സോഷ്യലിസ്‌റ്റ് പാരമ്പര്യം പ്രവൃത്തിയിലൂടെ
ഉയര്‍ത്തിപ്പിടിച്ച നേതാവ്‌
- എ. വിജയരാഘവന്‍

ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍
ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്‌റ്റ്
നേതാവായിരുന്നു
- കെ.കെ. ശൈലജ

സോഷ്യലിസ്‌റ്റ് പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയ വ്യക്‌തി - സാറാ ജോസഫ്‌

ആത്മീയത, സഞ്ചാരം പിന്നെ രാഷ്‌ട്രീയം

വീരേന്ദ്രകുമാര്‍ എന്ന സാഹിത്യകാരന്‍ ജീവിതത്തിലെന്നതുപോലെ സാഹിത്യത്തിലും സഞ്ചരിച്ചത്‌ ബഹുമുഖ മണ്ഡലങ്ങളിലൂടെയായിരുന്നു. സഞ്ചാരസാഹിത്യം, സമകാലീന വിഷയങ്ങള്‍, പ്രകൃതിസ്‌നേഹം നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥങ്ങള്‍, പുരാണങ്ങളെയും മിത്തുകളെയും കേന്ദ്രീകരിച്ചും പുതിയ മാനങ്ങള്‍ നല്‍കിയുമുള്ള രചനകള്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യസഞ്ചാരം.
അദ്ദേഹത്തിന്‌ ഏറ്റവും മികച്ച യാത്രാനുഭവ രചനയ്‌ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചത്‌ ആമസോണും കുറേ വ്യാകുലതകളും എന്ന കൃതിക്കാണ്‌. ഇതില്‍ നിന്ന്‌ ഹൈമവതഭൂവിലേക്ക്‌ എത്തുമ്പോള്‍ ഒരു സഞ്ചാരി എന്നതിനപ്പുറം ശരീരത്തിനൊപ്പം മനസും ആത്മാവും നീങ്ങുന്ന അനുഭവമാണ്‌ വായനക്കാരനുണ്ടാവുക. യാത്രാനുഭവങ്ങള്‍ക്ക്‌ ആത്മാനുഭവത്തിന്റെ മാനങ്ങള്‍ കൂടി നല്‍കുകയാണ്‌ അദ്ദേഹം. പൗരാണിക ഇന്ദ്രപ്രസ്‌ഥത്തില്‍നിന്നും ഹിമവല്‍സാനുക്കളിലേക്കുള്ള യാത്ര, സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഭാരതീയ സംസ്‌കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണ്‌. ഐതിഹ്യങ്ങളില്‍നിന്ന്‌ മിത്തുകളിലേക്കും മുത്തശിക്കഥകളിലേക്കും നാടോടിശീലുകളിലേക്കും ചരിത്രസത്യങ്ങളിലേക്കുമുള്ള ഒരു സഞ്ചാരമാണ്‌ ഹൈമവതഭൂവില്‍.
ഇരുള്‍ പരക്കുന്ന കാലം എന്ന ലേഖനസമാഹാരത്തിലൂടെ നാട്ടില്‍ പിടിമുറുക്കുന്ന വര്‍ണ്ണവെറിക്കും ഫാസിസത്തിനും പ്രകൃതി ചൂഷണത്തിനും എതിരായുള്ള നിലയ്‌ക്കാത്ത പോരാട്ടമാണ്‌ അദ്ദേഹം നടത്തുന്നത്‌. രാജ്യത്ത്‌ ഇരുള്‍ പരക്കുന്നുണ്ട്‌ എന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയാണ്‌ ഈ പുസ്‌തകം. ഗാട്ടും കാണാച്ചരടുകളും എന്നഗ്രന്ഥം ആഗോളവത്‌കരണത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മഹാവിപത്തുകളെ മറനീക്കിക്കാണിക്കുന്നു.