പാമ്പിനെക്കൊണ്ടു കൊത്തിക്കുംമുമ്പ് ഉത്രയ്‌ക്ക് ഉറക്കഗുളിക നല്‍കി
കൊല്ലം: പാമ്പിന്റെ കൊത്തേറ്റ് അഞ്ചല്‍ ഏറം സ്വദേശിനി ഉത്ര മരിക്കുംമുമ്പ് ഉറക്കഗുളിക നല്‍കി മയക്കിയിരുന്നുവെന്ന് അന്വേഷണ സംഘം. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം അടൂരിലെ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവ് സൂരജിന്റെ മാതാവ് രേണുക പായസം ഉണ്ടാക്കി നല്‍കിയിരുന്നു. ഇതിലും ഉറക്കഗുളിക നല്‍കിയിരിക്കാമെന്നും മരുന്നുകൊടുത്തു മയക്കി പാമ്പിനെക്കാണ്ടു കടിപ്പിക്കാനുള്ള നീക്കത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോ എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്‌തതെന്നാണ് പോലീസിന്റെ നിഗമനം.
ഉത്രയുടെ മരണത്തിനു കാരണമായ രണ്ടാമത്തെ പാമ്പുകടിയേറ്റ ദിവസം അഞ്ചലിലെ വീട്ടില്‍ ജ്യൂസുണ്ടാക്കിയത് സൂരജായിരുന്നു. ഇതും വ്യക്‌തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കും.
സൂരജും കുടുംബാംഗങ്ങളും പോലീസിനെതിരെ രംഗത്തുവന്നത് നിയമോപദേശത്തെ തുടര്‍ന്നാണെന്നും അന്വേഷണ സംഘം കരുതുന്നു. ഉത്ര പാമ്പുകടിയേറ്റാണ് മരിച്ചതെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കരിമൂര്‍ഖനെ പാമ്പുപിടിത്തക്കാരന്‍ സൂരജിന് നല്‍കിയ വ്യക്‌തമായ തെളിവും മറ്റു ശാസ്‌ത്രീയ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും പോലീസിനെതിരെ തിരിഞ്ഞത് അഭിഭാഷകന്റെ ഉപദേശ പ്രകാരമെന്നാണ് വിലയിരുത്തല്‍. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനായി ഉത്രയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാക്കുകയാണ് പോലീസ്. ഉത്രയുടെ ശരീരത്തില്‍ പ്രവഹിച്ച പാമ്പിന്‍ വിഷവും വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാന്‍ രാസപരിശോധനാ ഫലം ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഇതിനിടെ ഉത്രയുടെ കുഞ്ഞിന്റെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെട്ടതിനെച്ചൊല്ലിയുള്ള വിവാദവും പുകയുകയാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് പോലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് നല്‍കിയതെന്നും ഇതിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചതാണ് വിവാദമായത്. എന്നാല്‍ സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന നീചമായ നീക്കത്തെ തള്ളിക്കളയുന്നതായി സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ പറഞ്ഞു.