എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399317/k1.jpg

കോഴിക്കോട്‌: എഴുത്തുകാരനും പ്രഭാഷകനും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ്‌ ഡയറക്‌ടറും സോഷ്യലിസ്‌റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി. (84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി 11.30 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വയനാട്ടില്‍. മൃതദേഹം ഇന്നു രാവിലെ വയനാട്ടിലേക്കു കൊണ്ടുപോകും.
ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, ആഷ, നിഷ, ജയലക്ഷ്‌മി. മരുമക്കള്‍: കവിത ശ്രേയാംസ്‌ കുമാര്‍, ദീപക്‌ ബാലകൃഷ്‌ണന്‍ (ബംഗളൂരു), എം.ഡി. ചന്ദ്രനാഥ്‌ (വയനാട്‌). അര്‍ധരാത്രിയോടെ മൃതദേഹം കോഴിക്കോട്ടെ വസതിയിലെത്തിച്ചു.
വയനാട്ടിലെ കല്‍പറ്റയില്‍ 1936 ജൂലൈ 22നു പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു.
വയനാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട്‌ സാമൂതിരി കോളജില്‍നിന്നു ബിരുദവും മദ്രാസ്‌ വിവേകാനന്ദ കോളജില്‍നിന്നു ഫിലോസഫിയില്‍ മാസ്‌റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന്‌ എം.ബി.എയും നേടി.
സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ 1979 നവംബര്‍ 11 നു മാതൃഭൂമി പ്രിന്റിങ്‌ ആന്‍ഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം, പ്രസ്‌ ട്രസ്‌റ്റ് ഓഫ്‌ ഇന്ത്യ വൈസ്‌ ചെയര്‍മാന്‍, പ്രസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ ട്രസ്‌റ്റി, ഇന്റര്‍നാഷണല്‍ പ്രസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അംഗം, കോമണ്‍വെല്‍ത്ത്‌ പ്രസ്‌ യൂണിയന്‍ മെമ്പര്‍, വേള്‍ഡ്‌ അസോസിയേഷന്‌ ഓഫ്‌ ന്യൂസ്‌ പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം, ജനതാദള്‍ (യു) സംസ്‌ഥാന പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1992-93, 2003-04, 2011-12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-04 ല്‍ ഐ.എന്‍.എസ്‌. പ്രസിഡന്റുമായിരുന്നു.
ലോക്‌താന്ത്രിക്‌ ജനതാദള്‍ സ്‌ഥാപക നേതാവായ വീരേന്ദ്രകുമാര്‍, ദീര്‍ഘകാലം ജനതാദള്‍ സംസ്‌ഥാന പ്രസിഡന്റായിരുന്നു. കോഴിക്കോട്ടുനിന്നു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.