കോവിഡ് പരിശോധനയ്ക്കായി സൂക്ഷിച്ച സ്രവസാംപിള്‍ കുരങ്ങുകള്‍ കൊണ്ടുപോയി; സംഭവം യുപിയില്‍
by വെബ് ഡെസ്ക്ലക്നൗ > യുപിയില്‍ കോവിഡ് പരിശോധനകള്‍ക്കായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സ്രവസാമ്പിളുകള്‍ മെഡിക്കല്‍ കോളേജിലെ ലാബില്‍ കടന്നുകയറിയ കുരങ്ങന്മാര്‍ എടുത്തുകൊണ്ടുപോയി. മൂന്നു പേരില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ് ടെക്നീഷ്യനെ ആക്രമിച്ചശേഷം കുരങ്ങന്മാര്‍ കൊണ്ടുപോയത്.
ഉത്തര്‍പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളേജിലാണ് സംഭവം.സാമ്പിളുകള്‍ കുരങ്ങന്മാര്‍ കൊണ്ടുപോയത് ആശങ്കയ്ക്കിടയാക്കി. അതിനിടെ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. മരച്ചില്ലകളില്‍ ഇരുന്ന് സാമ്പിള്‍ കളക്ഷന്‍ കിറ്റുകള്‍ കുരങ്ങുകള്‍ ചവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി.
ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കടന്ന തെരുവുനായ നവജാത ശിശുവിനെ കടിച്ചുകൊന്ന സംഭവം മുമ്പ് നടന്നിരുന്നു. .ഇതിനുപിന്നാലെയാണ് സാമ്പിളുകള്‍ കുരങ്ങുകള്‍ കൊണ്ടുപോകുന്നതരത്തില്‍ ഗുരുതരമായ അനാസ്ഥ സംസ്ഥാനത്ത് ഉണ്ടായത്
മെഡിക്കല്‍ കോളേജില്‍ കുരങ്ങന്മാരുടെ കടുത്ത ശല്യമാണുള്ളതെന്നും മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.