മൃതദേഹങ്ങള്‍ 'പറയുന്നു' ഡൽഹിയുടെ ദുരിതചിത്രം

by
https://www.mathrubhumi.com/polopoly_fs/1.4791750.1590716842!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകളില്‍ ഇനിയും ഇടംപിടിക്കാത്ത മരണങ്ങള്‍, ആശുപത്രികളിലെ മോര്‍ച്ചറികളില്‍ കെട്ടിക്കിടക്കുന്ന മൃതദേഹങ്ങള്‍, കൊണ്ടുവരുന്നവ സംസ്കരിക്കാനാവാതെ ശ്മശാനങ്ങള്‍... ഇങ്ങനെ, കണക്കുകളില്‍ ചുരുളഴിയുകയാണ് ഡൽഹിയിലെ കോവിഡ് ദുരന്തത്തിന്റെ യഥാർഥ ചിത്രം. കോവിഡ് മരണങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കുകയാണ് താഴെത്തട്ടിലെ വസ്തുതകള്‍.

ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് കോവിഡ് ബാധിച്ചു മരിച്ചത് 318 പേര്‍. എന്നാല്‍, തലസ്ഥാനത്തെ കോവിഡ് ആശുപത്രികളിലൊന്നായ സഫ്‌ദര്‍ജങ്ങിലെ 53 മരണങ്ങള്‍ ഔദ്യോഗിക രേഖയിലില്ലെന്നാണു വെളിപ്പെടുത്തല്‍. ഫെബ്രുവരി ഒന്നുമുതല്‍ ഈ മാസം 16 വരെയുള്ള ദിവസങ്ങളിൽ 53 പേര്‍ മരിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബല്‍വീന്ദര്‍ സിങ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ ഇനിയും സര്‍ക്കാര്‍ക്കണക്കിൽ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യവൃത്തങ്ങളും വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളിൽ ഗുരുതരമായ വൈരുധ്യമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

മറ്റൊരു കോവിഡ് ആശുപത്രിയായ എല്‍.എന്‍.ജെ.പി.യിലെ മോര്‍ച്ചറി നിറഞ്ഞുകിടക്കുകയാണ്. ഇവിടെ 80 മൃതദേഹങ്ങള്‍ റാക്കുകളിലും 28 എണ്ണം നിലത്തും സൂക്ഷിച്ചിരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. സെന്‍ട്രല്‍ ഡല്‍ഹി നിഗംബോധ് ഘാട്ട് ശ്മശാനത്തിലെ ആറു ഫര്‍ണസുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നതിനാല്‍ കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ മടക്കി. നിഗംബോധ് ഘാട്ടില്‍ ഇതുവരെ 244 മൃതദേഹങ്ങള്‍ എത്തിയെന്നാണ് ശ്മശാനം നടത്തിപ്പുകാരുടെ വെളിപ്പെടുത്തല്‍. സെന്‍ട്രല്‍ ഡല്‍ഹിയിലെ തന്നെ ഐ.ടി.ഒ.യിലുള്ള മുസ്‌ലിം കബർസ്ഥാനില്‍ 140-ലേറെ മൃതദേഹങ്ങള്‍ അടക്കിയതായി ശ്മശാനം നടത്തിപ്പുകാരനായ ഷമീം പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൂന്നോ നാലോ മൃതദേഹങ്ങളെങ്കിലും ദിവസവും എത്താറുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. ഈ വെളിപ്പെടുത്തലും ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മരണസംഖ്യയുമായി പൊരുത്തപ്പെടുന്നതല്ല.

മംഗോള്‍പുരി, മദന്‍പുര്‍ ഖാദര്‍, ശാസ്ത്രിപാര്‍ക്ക് എന്നിവിടങ്ങളിലാണ് തലസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട ശ്മശാനങ്ങള്‍. ഈ മാസം 17 വരെയുള്ള കണക്കില്‍ കോവിഡ് ബാധിച്ചുമരിച്ച 559 പേരെ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും കണക്കുകള്‍. കോവിഡ് ബാധിതർ ഓരോ ദിവസവും കൂടുന്ന ഡല്‍ഹിയില്‍ ആരോഗ്യസംവിധാനം താളംതെറ്റിയതിന്റെ തെളിവുകൂടിയാണ് സര്‍ക്കാര്‍ കണക്കിലെ വൈരുധ്യം.

Content Highlights: Covid cases and deaths in Delhi