അവസാനമായി പറഞ്ഞത് വയനാട്ടിലെ ആദിവാസികൾക്കുവേണ്ടി

https://www.mathrubhumi.com/polopoly_fs/1.4791753.1590717583!/image/image.jpg_gen/derivatives/landscape_894_577/image.jpg
മുഖ്യമന്ത്രിവിളിച്ച എം.പിമാരുടെയും എം.എല്‍.എ മാരുടെയും യോഗത്തില്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുന്ന എം.പി. വീരേന്ദ്രകുമാര്‍ എം.പി.

കൊച്ചി: പൊതു പ്രവർത്തകനെന്ന നിലയിൽ എം.പി. വീരേന്ദ്രകുമാർ അവസാനമായി ആശങ്കയോടെ ചിന്തിച്ചത് വയനാട്ടിലെ ആദിവാസി സമൂഹത്തെപ്പറ്റി. കോവിഡ് പടരുന്ന സാഹചര്യത്തിൽ അത് വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ ഇടയിലേക്ക് എത്തുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എം.പി.മാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അദ്ദേഹം എടുത്തു പറഞ്ഞതും ഇതായിരുന്നു. ആദിവാസി സമൂഹത്തിലേക്ക് രോഗം എത്താതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആദിവാസി സമൂഹത്തിലേക്ക് രോഗവ്യാപനമുണ്ടായാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ അവിടെനിന്ന് വയനാട്ടിലേക്ക് കാട്ടിലൂടെ ആളുകൾ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത് തടയുന്നതിനായി പരിശോധന കർശനമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെ കാപ്പിക്കർഷകർ നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കോഴിക്കോട്ടെ വീട്ടിലിരുന്നുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. എം.പി. വീരേന്ദ്രകുമാറാണ് സമയത്തിനകത്തുനിന്നുകൊണ്ട് കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചതെന്ന് യോഗം അവസാനിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: M. P. Veerendra Kumar last talk for the tribals of Wayanad