ഇടതുമനസ്സുള്ള സോഷ്യലിസ്റ്റ്
by കോടിയേരി ബാലകൃഷ്ണന്തുറന്നുസംസാരിക്കുന്ന സൗഹൃദവും രാഷ്ട്രീയ നിലപാടുകളിലുള്ള വ്യക്തതയും കാലത്തിന്റെ മാറ്റം കാതങ്ങൾക്കിപ്പുറംനിന്ന് നോക്കിക്കാണാനുള്ള ദീർഘദർശിത്വവുമുള്ള ഇടതുമനസ്സുള്ള സോഷ്യലിസ്റ്റായിരുന്നു എം.പി. വീരേന്ദ്രകുമാർ. വൈദേശികഭരണത്തിന്റെ കെടുതി ഏറ്റുവാങ്ങിയ കാലത്ത് അതിനെതിരേ പോരാടിയ സ്വാതന്ത്ര്യസമരം കണ്ടാണ് വീരേന്ദ്രകുമാർ വളർന്നത്. അതിനാൽ, ജന്മംകൊണ്ട് ലഭിച്ച സുഖസൗകര്യങ്ങളെക്കാൾ സ്വാതന്ത്ര്യസമരസേനാനികളുടെയും അതിൽതന്നെയുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും ജീവിതമാണ് വീരേന്ദ്രകുമാറിന്റെ നിലപാട് നിർണയിച്ചതും രാഷ്ട്രീയവഴിയൊരുക്കിയതും.
എ.കെ.ജി.യുമായും ഇ.എം.എസുമായും അടുത്തബന്ധം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. തൊഴിലാളിവർഗരാഷ്ട്രീയം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിനും ഈ ബന്ധങ്ങളും ജീവിതാനുഭവങ്ങളും സഹായിച്ചിട്ടുണ്ട്.
ഇഷ്ടാനിഷ്ടങ്ങളും സുഖ-ദുഃഖങ്ങളും പങ്കുവെക്കുന്ന സൗഹൃദവും രാഷ്ട്രീയബോധം പകർന്നുനൽകുന്ന സംസാരരീതിയുമാണ് വീരേന്ദ്രകുമാർ സമ്മാനിച്ചത്. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾമുതൽ അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. കനമുള്ള ശബ്ദവും തെളിച്ചമുള്ള വാക്കുകളും ഉറച്ചനിലപാടുമുള്ള രാഷ്ട്രീയനേതാവെന്ന നിലയിലായിരുന്നു ആദ്യ ആകർഷണം. അന്ന് സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്നു വീരേന്ദ്രകുമാർ. കോടിയേരിക്ക് അടുത്തുള്ള പാനൂർ അക്കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ള മേഖലയായിരുന്നു. അവിടെ ഇടയ്ക്കിടെ പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കാനെത്തും. അടുത്തുനിന്നും അകലെനിന്നുമായി ആ പ്രസംഗം പലതവണ കേട്ടിട്ടുണ്ട്. തന്നെ ആദ്യമായി ആകർഷിച്ച രാഷ്ട്രീയപ്രസംഗവും ശൈലിയും അദ്ദേഹത്തിന്റേതായിരുന്നു.
ചേർത്തുനിർത്തിയ യാത്രകൾ
ഒരുമിച്ചുള്ള യാത്രയിലാണ് ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെ സൗഹൃദരീതി അറിഞ്ഞുതുടങ്ങിയത്. ഞാൻ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ വീരേന്ദ്രകുമാർ എൽ.ഡി.എഫിന്റെ നേതാവായിരുന്നു. അക്കാലത്ത് എറണാകുളത്തെ മാരുതി ഹോട്ടലിലായിരുന്നു എസ്.എഫ്.ഐ.യുടെയും എൽ.ഡി.എഫിന്റെയുമെല്ലാം യോഗം ചേരാറുണ്ടായിരുന്നത്. ഇടയ്ക്കിടെ അവിടെ ഞങ്ങളൊരുമിച്ചുകണ്ടുമുട്ടി. എറണാകുളത്തുനിന്ന് കാറിലാണ് വീരേന്ദ്രകുമാർ കോഴിക്കോട്ടേക്ക് മടങ്ങുക. ആ യാത്രകൾ പലപ്പോഴും ഒരുമിച്ചായിരുന്നു.
പറയാൻ ഒരുപാടുള്ള നേതാവായിരുന്നു അദ്ദേഹം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ. യാത്രയിലെ സംസാരങ്ങളിലൊരിടത്തും വലുപ്പചെറുപ്പം പ്രകടമായിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾപോലും തുറന്നുപറയും. അതിൽ സന്തോഷവും സങ്കടവുമെല്ലാമുണ്ടാകും. കാര്യങ്ങളെ മനസ്സിലാക്കിത്തരുന്ന സംസാരരീതിയാണ് വീരേന്ദ്രകുമാറിനുണ്ടായിരുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയം പറയുമ്പോൾ. ദേശീയരാഷ്ട്രീയത്തിന്റെ ആഴവുംപരപ്പും ആ വാക്കുകളിലുണ്ടാകും. ‘ഗാട്ടും കാണാച്ചരടി’ലും പ്രകടിപ്പിച്ച, ആഗോളീകരണത്തിനെതിരേ പോരാടിയ ഒരു രാഷ്ട്രീയനേതാവിന്റെ തീക്‌ഷ്ണമായ നിലപാടുകളും അന്നേ അടുത്തറിയാൻ കഴിഞ്ഞിരുന്നു. ഈ യാത്രയിലെ സംസാരങ്ങളാണ് അദ്ദേഹവുമായി ഏറെ അടുപ്പിച്ചത്.
ജയിലിലെ ഓർമകൾ
കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു ബ്ലോക്കിലെ തടവുകാരായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളിരുവരും. വീരേന്ദ്രകുമാർ അന്ന് വലിയ നേതാവാണ്. പക്ഷേ, ജയിൽജീവിതത്തിനുള്ള പ്രത്യേകത അവിടെ വലുപ്പച്ചെറുപ്പങ്ങളില്ലാതാകുമെന്നതാണ്. പ്രധാന നോതാവെന്ന പരിഗണന വീരേന്ദ്രകുമാറിന് ജയിലധികൃതരിൽനിന്ന് ലഭിച്ചിരുന്നു. അന്ന് മിസ തടവുകാരെ കാണാൻ അടുത്ത ബന്ധുക്കൾക്കുപോലും വലിയ പ്രയാസമായിരുന്നു. ആഭ്യന്തരസെക്രട്ടറിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ കാണാനാവൂ.
മാസത്തിലൊരിക്കലെങ്കിലും വീരേന്ദ്രകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ ഭാര്യയും മറ്റും വരും. ആ കൂടിക്കാഴ്ച നടക്കുന്ന ദിവസം ജയിലിൽ ഉത്സവ പ്രതീതിയായിരുന്നു. അവർ വരുമ്പോൾ കുറച്ചുസാധനങ്ങൾ കൊണ്ടുവരും.
ആ സാധനങ്ങൾ എല്ലാവർക്കുമായി അദ്ദേഹം നൽകും. ജയിലിൽ ഭക്ഷണം പാകംചെയ്യുന്നതും തടവുകാരായിരുന്നു. അന്ന് തടവുകാരെല്ലാംകൂടി അതിനൊരു കൂട്ടായ്മ ഉണ്ടാക്കി. വീരേന്ദ്രകുമാറും ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. ജയിലിലെ സമയം വായനയിലും എഴുത്തിലുമായി അദ്ദേഹം ചെലവിട്ടു. ബാക്കിസമയം സംസാരിക്കും. താനൊരു വലിയ നേതാവാണെന്ന രീതിയിൽ മാറിനിൽക്കുന്ന സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്. ചെറുപ്പമായിരുന്നവരോടുംപോലും കൂടെനിന്ന് സംസാരിക്കും. പിണറായി വിജയൻ, ഇമ്പിച്ചിബാവ, എം.വി. രാഘവൻ എന്നിവരെല്ലാം ജയിലിലൊപ്പമുണ്ടായിരുന്നു. ഏവരെയും ആകർഷിക്കുന്നവിധം സംസാരിക്കാനുള്ള കഴിവ് വീരേന്ദ്രകുമാറിനുണ്ടായിരുന്നു. ചേർത്തുനിർത്തിയ ഈ സമീപനവും അറിവുപകർന്ന സംസാരവും അദ്ദേഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തി. അതിന് ജയിൽവാസം കാരണമായി.
ഇ.എം.എസിന്റെ കത്തും വീരേന്ദ്രകുമാറിന്റെ മനസ്സും
അടിയന്തരാവസ്ഥയെ എതിർത്തനേതാക്കളെല്ലാം ജയിലിലായതിന്റെ അനന്തരഫലമായ രാഷ്ട്രീയമാറ്റമാണ് ജനതാപാർട്ടിയുടെ രൂപവത്കരണം. ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, എ.ബി. വാജ്‌പേയ് എന്നിവരെല്ലാം ജയിലിലായിരുന്നു. ഈ നേതാക്കളുടെ ജയിലിലെ ചർച്ചയാണ് ജനതാപാർട്ടി രൂപവത്കരണത്തിന് വഴിയൊരുക്കിയത്. സംഘടനാകോൺഗ്രസും, ജനസംഘവും, സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ ലയിച്ചിട്ടാണ് ജയപ്രകാശ് നാരായണൻ മുൻകൈയെടുത്ത് ജനതാപാർട്ടി രൂപവത്കരിച്ചത്. അങ്ങനെ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന വീരേന്ദ്രകുമാറും ജനതാപാർട്ടിയുടെ ഭാഗമായി.
അന്ന് അത്തരത്തിലുള്ള ഒരു ലയനം നടത്തുന്നത് ഭാവിയിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് ഒരു വിപത്തായിരിക്കുമെന്ന് തിരിച്ചറിഞ്ഞ സി.പി.എം. ജനറൽസെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാട്, അന്നത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റ് ജോർജ് ഫെർണാണ്ടസിന് ഒരു കത്തയച്ചു. അത് പരസ്യമായ കത്തായിരുന്നില്ല. എങ്കിലും കത്തിന്റെ കോപ്പി തങ്ങൾക്ക് ജയിലിലനകത്ത് രഹസ്യമായി ലഭിച്ചു. സോഷ്യലിസ്റ്റ് പാർട്ടി അതുവരെയെടുത്ത നിലപാട് ഇടതുപക്ഷ പാർട്ടികൾക്ക് സഹായകരമായ വിധത്തിലായിരുന്നു. ആർ.എസ്.എസിനെ ഉൾപ്പെടുത്തിയുള്ള ലയനം നടന്നാൽ, അതുണ്ടാക്കുന്ന വിപത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ഇ.എം.എസിന്റെ കത്ത്. ഇതിന്റെ ആപത്ത് വീരേന്ദ്രകുമാറിനും അറിയാമായിരുന്നു. ആർ.എസ്.എസ്. ഉൾപ്പെടുന്ന ഒരു പാർട്ടിയിലെത്തിയാൽ അവരുടെ നിലപാട് സ്വാധീനം ചെലുത്താനിടയുണ്ടെന്ന് സ്വകാര്യ ചർച്ചയിലൊക്കെ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, പാർട്ടി തീരുമാനമെന്ന നിലയിൽ ജനതാപാർട്ടിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു.
1979-ൽ പാട്യം ഗോപാലൻ മരണപ്പെട്ട ഒഴിവിലേക്ക് തലശ്ശേരിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. സി.പി.എമ്മിന്റെ സ്ഥാനാർഥിയായി എം.വി. രാജഗോപാലൻ മാസ്റ്ററാണ് മത്സരിച്ചത്. അന്നും ആർ.എസ്.എസ്. ഉൾപ്പെടുന്ന ജനതാപാർട്ടി ഇടതിനെ പിന്തുണച്ചിരുന്നു. ആർ.എസ്.എസിന്റെ ഇടപെടൽ സോഷ്യലിസ്റ്റുകൾ തിരിച്ചറിഞ്ഞുവരുന്ന ഘട്ടമായിരുന്നു അത്. അന്ന് തലശ്ശേരിയിൽ നടന്ന പൊതുയോഗത്തിൽ ആർ.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. ആദ്യമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരു കൂട്ടരുടെ വോട്ടുവേണ്ട എന്ന പ്രഖ്യാപനം നടത്തുന്നത്. ഇ.എം.എസ്. ഇങ്ങനെ ചെയ്തത് ജനതാപാർട്ടിയിൽനിന്ന് ആർ.എസ്.എസിനെ വേർതിരിക്കണമെന്ന നിലപാടിന്റെ ഭാഗമായിരുന്നു. അന്ന് വീരേന്ദ്രകുമാറും അദ്ദേഹത്തെ അനുകൂലിക്കുന്ന സോഷ്യലിസ്റ്റുകാരുമെല്ലാം സി.പി.എം. സ്ഥാനാർഥിക്ക് അനുകൂലവുമായ നിലപാടാണ് സ്വീകരിച്ചത്.
എതിർപാളയത്തിലെ കൂട്ടുകാരൻ
അടുത്തും അകന്നുമുള്ള രാഷ്ട്രീയബന്ധമായിരുന്നു വീരേന്ദ്രകുമാറുമായിട്ടുണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ ആശയപ്രചാരണത്തിന് ഏറെ സംഭാവന നൽകിയ വീരേന്ദ്രകുമാർ, ചിലഘട്ടത്തിൽ ഇടതുപക്ഷവുമായി അകന്നുപ്രവർത്തിച്ചു. രാഷ്ട്രീയമായ ചേരിതിരിവുകൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന നേതൃപാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാവണം, എല്ലാഘട്ടത്തിലും ഇടതിനൊപ്പം അദ്ദേഹം തിരിച്ചെത്തിയത്. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ ഭാഗമായി അദ്ദേഹം യു.ഡി.എഫ് പക്ഷത്തേക്ക് മാറി. പക്ഷേ, വളരെ വേഗം ആ നിലപാട് തിരുത്തി. 1982-ആകുമ്പോഴേക്കും ജനതാപാർട്ടിയിൽനിന്ന് വീരേന്ദ്രകുമാർ ഉൾപ്പെടുന്ന സോഷ്യലിസ്റ്റുകൾവിട്ട് എൽ.ഡി.എഫിനൊപ്പംവന്നു. ആ ബന്ധം ദീർഘകാലം നീണ്ടു. സി.പി.എമ്മുകാരനല്ലാത്ത ഒരാൾ ഇടതുപക്ഷമുന്നണി കൺവീനർ സ്ഥാനം വഹിച്ചത് വീരേന്ദ്രകുമാർ മാത്രമാണ്. മറ്റൊരാൾക്കും അങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല. ഇടതുപക്ഷ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിക്കുമെന്ന് മുന്നണിക്കുള്ള വിശ്വാസമായിരുന്നു അതിന് കാരണം. എന്നാൽ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വീരേന്ദ്രകുമാർ മുന്നണി വിട്ടത് അപ്രതീക്ഷിതമായിരുന്നു. അങ്ങനെയൊരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന തോന്നലുണ്ടായിരുന്നില്ല. എന്നാൽ, 2016-ലെ തിരഞ്ഞെടുപ്പുവരെമാത്രമാണ് അദ്ദേഹം യു.ഡി.എഫിൽ തുടർന്നത്.
നിതീഷ് കുമാറിന്റെ ജനാതദൾ യുണൈറ്റഡ് എന്ന പാർട്ടിയിലായിരുന്നു അപ്പോൾ അദ്ദേഹം. നിതീഷ്‌കുമാർ ബി.ജെ.പി.ക്കൊപ്പം ചേർന്നതോടെ അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ വീരേന്ദ്രകുമാർ ആ പാർട്ടിവിട്ടു. ഇതിനൊപ്പം, യു.ഡി.എഫിനൊപ്പം നിന്നപ്പോൾ നേടിയ എം.പി.സ്ഥാനവും രാജിവെച്ചു. സാധാരണരീതിയിൽ അങ്ങനെ ചെയ്യാൻ അധികമാരും തയ്യാറാകില്ല. ആറുവർഷം രാജ്യസഭാ എം.പി.യാകാനുള്ള അവസരമാണ് അദ്ദേഹം വേണ്ടെന്നുവെച്ചത്. നിലപാടുകളും ആദർശവുമാണ് പ്രധാനം എന്ന ബോധ്യമാണ് ഇതിന് വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചത്.
എൽ.ഡി.എഫിലേക്ക് വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എം.പി.സ്ഥാനം രാജിവെച്ചതെന്ന ആക്ഷേപം അദ്ദേഹത്തിന് കേൾക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ്. നേതാക്കളുമായി ഒരുചർച്ചയും നടത്താതെയുള്ള തീരുമാനമായിരുന്നു അദ്ദേഹത്തിന്റേത്. ഇടതുമുന്നണിയുമായി സഹകരിക്കാൻ പിന്നീടാണ് തീരുമാനിക്കുന്നത്. അതിൽ അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്. രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് കിട്ടുമെന്ന് ഒരു ഉറപ്പും അപ്പോഴുണ്ടായിരുന്നില്ല. എന്നാൽ, രാഷ്ട്രീയമായ നിലപാട് സ്വീകരിച്ച ഒരാളെന്ന നിലയിൽ അദ്ദേഹത്തിന് പരിഗണന നൽകണമെന്ന് ഇടതുപക്ഷ മുന്നണി നേതാക്കളാണ് തീരുമാനിച്ചത്. നിയമസഭയിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് ഒരംഗം പോലും ഇല്ലായിരുന്നിട്ടും അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരമായാണ് എൽ.ഡി.എഫ്. രാജ്യസഭാ സീറ്റ് നൽകിയത്.
സി.പി.എമ്മുമായി പലപ്പോഴും ഭിന്നതയുള്ള നിലപാട് സ്വീകരിച്ചപ്പോഴും വ്യക്തിപരമായ ബന്ധം നിലനിർത്താനും മാന്യമായ സമീപനം പുലർത്താനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചു. ഭിന്നചേരിയിൽ നിൽക്കുമ്പോഴും ആ ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലുള്ള സംസാരത്തിൽ തർക്കവിഷങ്ങളൊന്നും കടന്നുവന്നില്ല. സൗഹൃദം തകർക്കാൻ ഒരിക്കലും മുതിർന്നില്ല. രാഷ്ട്രീയക്കാരന്റെ റോളിൽ മാത്രമൊതുങ്ങുന്നതല്ല വീരേന്ദ്രകുമാറിന്റെ ജീവിതം.
എഴുത്തുകാരൻ, പ്രാസംഗികൻ, വാഗ്മി, പാർലമെന്റേറിയൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായസ്ഥാനം നേടാൻ അദ്ദേഹത്തിനായിട്ടുണ്ട്. മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്ത ശേഷം പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. മാധ്യമരംഗത്തുള്ളവരെ ഏകോപിപ്പിക്കാനും അദ്ദേഹത്തിന്റെ സംഘടനാപാടവം കൊണ്ടുകഴിഞ്ഞു. അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു അത്. ആ മഹത്ത്വം ഒരിക്കലും കുറച്ചുകാണാനാകില്ല.