സാർഥകമായ ജന്മം- എം.വി. ശ്രേയാംസ് കുമാർ
‘‘എനിക്ക് അല്പംപോലും ദുഃഖമില്ല, സന്തോഷത്തോടെയാണ് ഞാൻ പോകുന്നത്...’’ -രണ്ടുദിവസം മുമ്പ് അച്ഛൻ പറഞ്ഞ വാക്കുകൾ. മടക്കമില്ലാത്ത ഒരു യാത്രയുടെ അടയാളംപോലെ അതുപറയുമ്പോൾ അച്ഛന്റെ മുഖത്ത് നിറഞ്ഞിരുന്ന സംതൃപ്തിയിൽ ഒരു ജന്മത്തിന്റെ മുഴുവൻ അർഥങ്ങളുണ്ടായിരുന്നു.
ജനിച്ചാൽ ഒരു നാൾ മരിക്കണം. പക്ഷേ, ജീവിതം അവസാനിക്കുന്ന നേരത്ത് തിരിഞ്ഞുനോക്കുമ്പോൾ അത് സാർഥകമായിരുന്നു എന്ന സന്തോഷമാണ് ഒരു മനുഷ്യന്റെ ജന്മം സുകൃതമാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എനിക്ക് തീർച്ചയായും പറയാനാകും സുകൃതമായിരുന്ന ഒരു ജന്മത്തിൽനിന്ന് സന്തോഷത്തോടെയാണ് അച്ഛൻ യാത്രയാകുന്നത്.
ഇതുവരെയുള്ള ജീവിതയാത്രയിലുള്ള നിറഞ്ഞ സംതൃപ്തിയോടെ അച്ഛൻ മടങ്ങുമ്പോൾ അത് സമൂഹത്തിൽ അടയാളപ്പെടുത്തിയ ഓരോ കാഴ്ചകളും മനസ്സിൽ തെളിയുന്നുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിൽ അച്ഛന് ഒരുപാട് കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. രാഷ്ട്രീയക്കാരനായും എഴുത്തുകാരനായും പരിസ്ഥിതി സ്നേഹിയുമായൊക്കെ വേഷങ്ങൾ പലതായിരുന്നപ്പോഴും കർമങ്ങൾ അങ്ങേയറ്റം ആത്മാർഥമായി ചെയ്യാൻ അച്ഛൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ എത്രയോ തവണ ഞാൻ തൊട്ടറിഞ്ഞിരിക്കുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദനം അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ മകനായി ജീവിക്കാൻ കഴിഞ്ഞതിനെക്കാൾ വലിയൊരു ഭാഗ്യം എനിക്ക് ഈ ജന്മത്തിലില്ല.
Content Highlight: MV Sreyamskumar remembers his father MP Virendra Kumar