നഷ്ടമായത് മഹാനായ നേതാവിനെ -ഉപരാഷ്ട്രപതി

https://www.mathrubhumi.com/polopoly_fs/1.787279.1452347009!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡൽഹി: പാർലമെന്റംഗമായ എം.പി. വീരേന്ദ്രകുമാറിന്റെ വേർപാടിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. എച്ച്.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിൽ മാധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് വീരേന്ദ്രകുമാർ നൽകിയത്. പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. വീരേന്ദ്രകുമാറിന്റെ വേർപാടിൽ യഥാർഥ ദേശസ്നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു -ഉപരാഷ്ട്രപതി പറഞ്ഞു.

Content Highlight: Lost great leader - Vice President Venkaiah Naidu