ജനമനസ്സറിഞ്ഞ വാഗ്മി

ബഹുമുഖപ്രതിഭയെന്ന് ഇ.എം.എസ്. വാഴ്ത്തിയ എം.പി. വീരേന്ദ്രകുമാർ ഉജ്ജ്വല വാഗ്മികൂടിയായിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് കേൾവിക്കാരിലേക്ക് അനായാസം പകരാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു കഴിവ് തന്നെയുണ്ടായിരുന്നു. ജനസഹസ്രങ്ങളെ ആകർഷിക്കാൻ കഴിവുള്ള വാഗ്മിയാണ് വീരേന്ദ്രകുമാറെന്ന് ഒരിക്കൽ ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ പ്രഗത്ഭരായ അപൂർവം പ്രാസംഗികരിലൊരാളാണ് വീരേന്ദ്രകുമാറെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി എഴുതുകയുണ്ടായി. വാഗ്‌ധോരണികൾകൊണ്ട് ജനക്കൂട്ടത്തെ ഇളക്കിമറിക്കാൻ വീരേന്ദ്രകുമാറിനുള്ള കഴിവ് ഒന്നുവേറെത്തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയനേതാക്കളിൽ വീരേന്ദ്രകുമാറിന്റെ സിദ്ധിയുള്ളവർ കുറവാണെന്നും ആന്റണി പറഞ്ഞിട്ടുണ്ട്.
തന്റെ പരന്നവായനയും തെളിഞ്ഞ ചിന്തയും പ്രസംഗങ്ങളിൽ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തെ സഹായിച്ചു. രാഷ്ട്രീയപ്രശ്‌നങ്ങളിൽമാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വാചാലതയും പാണ്ഡിത്യവും. ഗാട്ട് കരാറിനെക്കുറിച്ച് സംസാരിക്കുമ്പോഴും കേരളത്തിലെ നദികളെക്കുറിച്ചു പറയുമ്പോഴും അദ്ദേഹത്തിന് ഈ വാചാലതയുണ്ട്.
ചരിത്രകാരനായ എം.ജി.എസ്. ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്- ’’വീരേന്ദ്രകുമാറിന് ചിന്തയും വിശ്വാസവും പ്രവൃത്തിയും പ്രഭാഷണവും സമന്വയിപ്പിക്കാനുള്ള സാധനയുണ്ട്. ഒരുപാട് സിദ്ധികളുമുണ്ട്.’’ മതമൈത്രിയുടെ വക്താവായിരുന്ന വീരേന്ദ്രകുമാർ പ്രസംഗിക്കുന്ന മലബാറിലെ പല വേദികളിലും മുസ്‌ലിങ്ങളായ കേൾവിക്കാർ തടിച്ചുകൂടുന്നത് അദ്ദേഹത്തോടുള്ള അനൽപ്പമായ ആദരവുകൊണ്ടുകൂടിയായിരുന്നു.
ചരിത്രബോധത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും ആധുനിക ചിന്തയുടെയും ഒരു സമന്വയം വീരേന്ദ്രകുമാറിന്റെ പ്രഭാഷണങ്ങളിൽ തെളിയാറുണ്ട്. പ്രസംഗത്തിലും പ്രവർത്തനത്തിലും തന്റെ നിയതമായ നർമബോധം കാത്തുസൂക്ഷിക്കാൻ വീരേന്ദ്രകുമാർ എപ്പോഴുംശ്രദ്ധിച്ചിരുന്നു. കാർട്ടൂണിസ്റ്റ് ഗഫൂർ ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ’’അത്രമേൽ നർമം ഉള്ളിലൊതുക്കുന്ന വ്യക്തിയാണ് വീരേന്ദ്രകുമാർ. നർമത്തിനുമുന്നിൽ കാലവും ചിരിക്കും.’’