എല്ലാവരുടെയും പ്രിയങ്കരൻ
by പി.പി. ശശീന്ദ്രൻരാഷ്ട്രീയനേതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ, പാർലമെന്റേറിയൻ, മാധ്യമ മേധാവി, സോഷ്യലിസ്റ്റ്, മികച്ച വായനക്കാരൻ, പരിസ്ഥിതി പ്രവർത്തകൻ... ഏത് കളത്തിലായാലും അവിടെ തലയെടുപ്പോടെ അദ്ദേഹം ഉണ്ടായിരുന്നു. യോജിപ്പുകളും വിയോജിപ്പുകളും പല തലങ്ങളിൽ ഉണ്ടായിരുന്നപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ടവനുമായിരുന്നു വ്യാഴാഴ്ച രാത്രി അന്തരിച്ച എം.പി. വീരേന്ദ്രകുമാർ.
ഏത് സദസ്സിലെത്തിയാലും ആൾക്കൂട്ടത്തെ തന്നിലേക്ക് ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. പ്രഭാഷകനായി വേദികളിൽ നിറഞ്ഞുനിൽക്കുമ്പോൾത്തന്നെ താഴെത്തട്ടിലുള്ളവരുമായും വലിയ ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണക്കാരനോട് അവന്റെ ഭാഷയിൽത്തന്നെ സംസാരിക്കാനും അവന്റെ പ്രയാസങ്ങൾ തിരിച്ചറിയാനും ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അനുഭവങ്ങളും ഓർമകളുമായിരുന്നു എന്നും വീരേന്ദ്രകുമാർ എന്ന മനുഷ്യനെ സക്രിയമാക്കി നിർത്തിയിരുന്നത്. ആലപ്പുഴയിൽ എ.കെ.ജി. നയിച്ച സമരത്തിലേക്ക് ഓടിച്ചെല്ലാനും അടിയന്തരാവസ്ഥക്കാലത്ത് ബെംഗളൂരുവിലൂടെ ബോംബുമായി നടക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് അദമ്യമായ സോഷ്യലിസ്റ്റ് സങ്കല്പങ്ങളായിരുന്നു. ഓരോ തവണ കണ്ണൂരിലെ സെൻട്രൽ ജയിലിന് മുന്നിലൂടെ യാത്രചെയ്യുമ്പോഴും അദ്ദേഹം സ്ഥിരമായി ഓർത്തെടുക്കുന്ന കാര്യമുണ്ട്. ‘‘ഞാനിവിടെ കുറെക്കാലം ഉണ്ടായിരുന്നു.’’ അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയത്തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ കമ്യൂണിസ്റ്റ് നേതാക്കളുമായുണ്ടായ അടുപ്പത്തെക്കുറിച്ചും അന്നത്തെ വായനയെ ഘക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനാവും. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കളും അന്ന് അവിടെ ഉണ്ടായിരുന്നു. രാം മനോഹർ ലോഹ്യയെ കണ്ട് സോഷ്യലിസ്റ്റ് ആയ വീരേന്ദ്രകുമാറിന് പക്ഷേ, രാഷ്ട്രീയത്തിൽ ഏറ്റവും പ്രിയപ്പെട്ടവൻ എ.കെ.ജി. ആയിരുന്നു.
പരിസ്ഥിതി സമരങ്ങളിൽ എല്ലായിടത്തും നേതാവായും യോദ്ധാവായും മുന്നിൽ നിന്നിരുന്ന വീരേന്ദ്രകുമാർ പെരിങ്ങോം ആണവ നിലയത്തിന് എതിരായ സമരത്തിന്റെ നായകരിൽ ഒരാളായിരുന്നു. ഇതേ ആവേശത്തോടെ ഹിമാലയത്തിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന പരിസ്ഥിതി നാശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹൈമവത ഭൂവിൽ എന്ന പ്രശസ്തമായ ഹിമാലയ യാത്രാവിവരണത്തിന് ആധാരമായ ഒട്ടേറെ വിവരങ്ങൾ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഗ്രാമീണരുമായി സംസാരിച്ചുകൊണ്ടായിരുന്നു അദ്ദേഹം കണ്ടെത്തിയത്. കമ്പിളിപ്പുതപ്പിനിടയിൽ പൊതിഞ്ഞ് തെരുവോരങ്ങളിൽ പുകവലിച്ച് കൊണ്ടിരിക്കുന്ന അവരുടെ അടുത്തുപോയി അവരുടെ ഭാഷയിൽ അവരുടെ വികാരത്തിൽ സംസാരിക്കുമ്പോൾ യാത്രാവിവരണത്തിലേക്കുള്ള കാമ്പുള്ള കഥകളാണ് പുറത്തുവന്നത്.
രാഷ്ട്രീയപ്പാർട്ടികളിലെയും സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളിലെയും എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിവന്ന അദ്ദേഹത്തിന് അവരുടെ രാഷ്ട്രീയമോ നിലപാടുകളോ സൗഹൃദത്തിന് വിഷയമായിരുന്നില്ല. അവരുമായുള്ള സൗഹൃദങ്ങളായിരുന്നു പ്രധാനം. 1993-ൽ മാതൃഭൂമിയുടെ കണ്ണൂർ എഡിഷന്റെ ഉദ്ഘാടനത്തിന് കെ. കരുണാകരനും ഇ.കെ. നായനാരും കെ.ജി. മാരാരുമൊക്കെ ഒരേ വേദിയിൽ എത്തിയതിനുപിന്നിൽ വീരേന്ദ്രകുമാറുമായുള്ള സൗഹൃദം തന്നെയായിരുന്നു പ്രധാന ഘടകം. മാതൃഭൂമിയുടെ അത്തരത്തിലുള്ള ഓരോ ചടങ്ങുകളും ആ സ്നേഹത്തിന്റെ നൂലിൽ കോർത്തെടുത്തതായിരുന്നു. എല്ലാവരുടെയും പ്രിയങ്കരനായി തലയെടുപ്പോടെ ഏത് വേദിയിലുംനിന്ന് തന്റെ പ്രഭാഷണങ്ങളിലൂടെ ആ സൗഹൃദങ്ങളെ വളർത്തി വലുതാക്കുകയായിരുന്നു എന്നും വീരേന്ദ്രകുമാർ. ആ സൗഹൃദവലയത്തിൽ വലുപ്പച്ചെറുപ്പം ഉണ്ടായിരുന്നില്ല. ജാതി, മത, രാഷ്ട്രീയ നിലപാടുകളും ആ സൗഹൃദത്തിന് തടസ്സമായിരുന്നില്ല ഒരിക്കലും. എല്ലാവർക്കും എപ്പോഴും പ്രാപ്യനായ സുഹൃത്ത് -അതായിരുന്നു എന്നും വീരേന്ദ്രകുമാർ.
content highlights: mp veerendra kumar mp passes away