https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/28/cpm-member-threat.jpg
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തി ഭീഷണി മുഴക്കുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് എന്നിവർ. (വിഡിയോ ദൃശ്യത്തിൽ നിന്ന്)

പൊലീസിനു നേരെ സിപിഎം നേതാക്കളുടെ ഭീഷണി; ‘‘വീട്ടിൽ കയറി കാലുവെട്ടും’’

by

വണ്ടിപ്പെരിയാർ∙ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ ബൈക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെയും ഏരിയ സെക്രട്ടറിയുടെയും അസഭ്യവർഷവും വധഭീഷണിയും. 

വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ, 4 പൊലീസുകാർ എന്നിവർക്കെതിരെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം  ആർ.തിലകൻ, സിപിഎം പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം വധഭീഷണി മുഴക്കിയത്. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ രണ്ടര മിനിറ്റ് നീളുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹെൽമറ്റ് ധരിക്കാതെ വന്ന ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് പിടിച്ചെടുത്തു. തുടർന്ന് 3000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതറിഞ്ഞു പ്രകോപിതരായ സിപിഎം നേതാക്കൾ സംഘടിച്ചു സ്റ്റേഷനിൽ എത്തിയ ശേഷം അസഭ്യം പറഞ്ഞു വെല്ലുവിളി മുഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഎസ്ഐ എം.എം.തോമസിനു നേരെ കൈ ചൂണ്ടിയ ശേഷം ‘‘വീട്ടിൽ കയറി കാലുവെട്ടും’’ എന്നു പറയുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വളരെ വ്യക്തമാണ്.

സംഘർഷം നീണ്ടതോടെ പെറ്റിക്കേസ് എടുത്ത് വാഹനം വിട്ടുനൽകാമെന്ന് സിഐ ടി.ഡി.സുനിൽ കുമാർ അറിയിച്ചു. ഇതോടെയാണ് നേതാക്കൾ സ്റ്റേഷനിൽ നിന്നിറങ്ങിയത്. കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചു എന്ന വകുപ്പു ചുമത്തിയാണ് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ പാഴ്‌വസ്തുക്കൾ ശേഖരിച്ചുകൊണ്ടിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിപിഎം പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് പറഞ്ഞു.

English Summary: CPM leader threatens police