
കണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു
രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ വേളയില്‍ അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിന് പകരം വാര്‍ഡ് അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു.
കാസര്‍ഗോഡ്: കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ പട്ടിക പ്രകാരം പൈവളികെ പഞ്ചായത്തിലെ 3 , 4 വാര്‍ഡുകള്‍, കള്ളാര്‍ പഞ്ചായത്തിലെ 4 ആം വാര്‍ഡ്, കാസര്‍കോട് നഗരസഭയിലെ 4 , 23 വാര്‍ഡുകള്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ 14 ആം വാര്‍ഡ് , വൊര്‍ക്കാടി പഞ്ചായത്തിലെ 1 , 2 വാര്‍ഡുകള്‍, മീഞ്ച പഞ്ചായത്തിലെ 2 ആം വാര്‍ഡ്, മംഗല്‍പാടി പഞ്ചായത്തിലെ 11 ആം വാര്‍ഡ്, മധൂര്‍ പഞ്ചായത്തിലെ 7 ആം വാര്‍ഡ്, ഉദുമ പഞ്ചായത്തിലെ 9 ആം വാര്‍ഡ്, മഞ്ചേശ്വരം പഞ്ചായത്തിലെ 11 ആം വാര്‍ഡ് എന്നിവയാണ് കാസര്‍ഗോഡ് ജില്ലയിലെ കണ്ടൈന്‍മെന്റ് പ്രദേശങ്ങള്‍.
രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ വേളയില്‍ അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിന് പകരം വാര്‍ഡ് അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ദിവസം തോറും പുറത്തിറക്കുന്ന പട്ടികയില്‍ ഇത് പ്രകാരം വാര്‍ഡ് തിരിച്ചാണ് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ ആശയക്കുഴപ്പമെന്ന പരാതിയും ഉയരുന്നുണ്ട്. കാസര്‍ഗോഡ് നഗരസഭയിലെ 23 ആം വാര്‍ഡായ തളങ്കര പള്ളിക്കാലില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും പട്ടികയില്‍ ഉള്‍പ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതേ സമയം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില പ്രദേശങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല.
കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവുയെന്ന് ജില്ലാ കലക്റ്റര്‍ ഡോ ഡി സജിത് ബാബു ഉത്തരവിട്ടിട്ടുണ്ട്. ഇവിടങ്ങളിലെ ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍ ഇറങ്ങുന്നത് അനുവദിക്കില്ല. ഈ മേഖലയിലെ വീടുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും കളക്ടറേറ്റില്‍ നടന്ന കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.