![http://www.metrovaartha.com/image/image.php?src=/uploads/news/29052015907662281679562014.jpg&w=710&h=400 http://www.metrovaartha.com/image/image.php?src=/uploads/news/29052015907662281679562014.jpg&w=710&h=400](http://www.metrovaartha.com/image/image.php?src=/uploads/news/29052015907662281679562014.jpg&w=710&h=400)
പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമായി കെഎസ്എഫ്ഇ
പ്രവാസികള്‍ക്കും വ്യാപാരി, വ്യവസായികള്‍ക്കും കൂടുതല്‍ ആശ്വാസമേകുന്ന അതിജീവന പദ്ധതികള്‍ കെഎസ്എഫ്ഇ നടപ്പാക്കുന്നു. കൊവിഡ് സമാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിക്ഷേപകര്‍ക്കും വായ്പക്കാര്‍ക്കും പ്രയോജനകരമായ വിവിധ പദ്ധതികള്‍കൂടി ഏറ്റെടുക്കുകയാണ്.
കൊച്ചി: പ്രവാസികള്‍ക്കും വ്യാപാരി, വ്യവസായികള്‍ക്കും കൂടുതല്‍ ആശ്വാസമേകുന്ന അതിജീവന പദ്ധതികള്‍ കെഎസ്എഫ്ഇ നടപ്പാക്കുന്നു. കൊവിഡ് സമാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിക്ഷേപകര്‍ക്കും വായ്പക്കാര്‍ക്കും പ്രയോജനകരമായ വിവിധ പദ്ധതികള്‍കൂടി ഏറ്റെടുക്കുകയാണ്.
പ്രവാസി സൗഹൃദം സ്വര്‍ണപ്പണയ വായ്പാ പദ്ധതിയില്‍ മൂന്നുശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഫെബ്രുവരി 15നു ശേഷം കേരളത്തിലെത്തിയ പ്രവാസി മലയാളികള്‍ക്ക് നാലുമാസം കാലാവധിയില്‍ ഒരുലക്ഷം രൂപവരെ വായ്പ കിട്ടും. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങള്‍ക്ക് ഒന്നരലക്ഷം വരെ ലഭിക്കും. പ്രവാസി മിത്രം സ്വര്‍ണപ്പണയ വായ്പാ പദ്ധതിയില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള, മാര്‍ച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍നിന്ന് നാട്ടിലെത്തിയവര്‍ക്കും നിവാസി സൗഹൃദ പാക്കെജില്‍ നിലവില്‍ സംസ്ഥാനത്തുള്ളവര്‍ക്കും 10,000 രൂപ വരെ സ്വര്‍ണപ്പണയ വായ്പ 8.5 ശതമാനം നിരക്കില്‍ ലഭ്യമാക്കും. പ്രവാസി ചിട്ടിയില്‍ അംഗമായ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് 2,50,000 രൂപ വരെ. വ്യാപാര സമൃദ്ധി വായ്പാ പദ്ധതിയില്‍ ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും ഒരുലക്ഷം രൂപവരെ നല്‍കും. രണ്ട് വര്‍ഷമാണ് കാലാവധി. 10.5 മുതല്‍ 11.5 ശതമാനം വരെ പലിശ.
ജനമിത്രം സ്വര്‍ണപ്പണയ വായ്പാ പദ്ധതിയില്‍ 5.7 ശതമാനം പലിശയില്‍ 10 ലക്ഷം രൂപ വരെ ലഭിക്കും. ചിട്ടി പദ്ധതിയില്‍ ഫിക്സഡ് ഡിവിഡന്റ് ചിട്ടി, ഗ്രൂപ്പ് ഫിനാന്‍സ് എന്നിവയും ഏര്‍പ്പെടുത്തും. രണ്ടുവര്‍ഷം കാലാവധിയുള്ള ഈ പദ്ധതിയില്‍ പ്രതിമാസം നിശ്ചിത തുക അടയ്ക്കണം. നാലുമാസങ്ങള്‍ക്കുശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി, വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. ഓണ്‍ലൈന്‍ വഴി എല്ലാ ചിട്ടി പണവും അടയ്ക്കാം.
നിക്ഷേപ പലിശ ഉയര്‍ത്തി
കെഎസ്എഫ്ഇ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടില്‍ നിന്ന് 8.5 ശതമാനമാക്കി. 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ വായ്പാനിരക്ക് 4.75ല്‍ നിന്ന് ഏഴു ശതമാനമാക്കി.
പൊതു സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഏഴില്‍ നിന്ന് 7.25 ശതമാനമാക്കി. ചിട്ടിപ്പണം നിക്ഷേപത്തിന് പലിശ 7.75 ശതമാനമാക്കി. നിലവില്‍ 7.5 ശതമാനമായിരുന്നു. ചിട്ടിയിന്മേല് ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ടില്‍ നിന്ന് എട്ടരയാക്കി. സുഗമ നിക്ഷേപം, സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പലിശ 5.5ല്‍ നിന്ന് 6.5 ശതമാനമാക്കി.