http://www.metrovaartha.com/image/image.php?src=/uploads/news/29052015907352961726643565.jpg&w=710&h=400

കാലാപാനി അതിർത്തി പ്രശ്നം: പരസ്പര ബഹുമാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും അന്തരീക്ഷത്തിൽ ചർച്ചയ്ക്ക് തയാറെന്ന് ഇന്ത്യ

പരസ്പര ബഹുമാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും അന്തരീക്ഷത്തിൽ അയൽക്കാരുമായി തുറന്ന ചർച്ചയ്ക്ക് തയാറാണ് ഇന്ത്യ.  ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കേണ്ട തുടർപ്രക്രിയയാണിത്- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു

ന്യൂഡൽഹി: കാലാപാനി അതിർത്തി പ്രശ്നത്തിൽ വിദേശകാര്യ സെക്രട്ടറി തലത്തിൽ ചർച്ച വേണമെന്ന നേപ്പാളിന്‍റെ ആവശ്യത്തിന് ആദ്യം പരസ്പര വിശ്വാസത്തിന്‍റെ അന്തരീക്ഷമാണ് ഉണ്ടാവേണ്ടതെന്ന് ഇന്ത്യയുടെ മറുപടി. പരസ്പര ബഹുമാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും അന്തരീക്ഷത്തിൽ അയൽക്കാരുമായി തുറന്ന ചർച്ചയ്ക്ക് തയാറാണ് ഇന്ത്യ.  ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കേണ്ട തുടർപ്രക്രിയയാണിത്- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കാലാപാനി വിഷയത്തിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല, നേപ്പാൾ അംബാസഡർ നീലാംബർ ആചാര്യയുമായി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചർച്ചകളോട് ഇന്ത്യ മുഖംതിരിക്കുന്നുവെന്നുംഅംബാസഡറെ കാണാൻ തയാറായില്ലെന്നും  നേപ്പാളി മാധ്യമങ്ങൾ ആരോപിച്ചിരുന്നു.

കാലാപാനിയുൾപ്പെടെ ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാക്കി നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടത്തിന് അംഗീകാരം നൽകുന്നത് നേപ്പാളി പാർലമെന്‍റ് മാറ്റിവച്ചതിനു പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ച വേണമെന്നു നേപ്പാൾ ആവശ്യപ്പെട്ടത്. പുതിയ ഭൂപടം പാർലമെന്‍റിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള നേപ്പാളി കമ്യൂണിസ്റ്റ് സർക്കാരിന്‍റെ ശ്രമം പ്രതിപക്ഷത്തെ മധേശി കക്ഷികളുടെ എതിർപ്പുമൂലം പരാജയപ്പെട്ടിരുന്നു. ഭൂപടത്തോടു യോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നാണ് ഈ കക്ഷികളുടെ നിലപാട്.