അവ്യക്തതകളോടെ ആദ്യദിനം, മദ്യക്കടകളിൽ പരാതിപ്രളയം
# സ്വന്തം ലേഖകൻ
ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറിലെത്താൻ വൈകിയതും ലഭിച്ചവർക്ക് ഒടിപി ലഭിക്കാതിരുന്നതും മൂലം ആപ് നിർമാണ കമ്പനിക്കും ബെവ്കോയ്ക്കും സർക്കാരിനുമെതിരേ ഇന്നലെ പരാതി പ്രളയമായിരുന്നു.
തിരുവനന്തപുരം: ആഴ്ചകളായുള്ള കാത്തിരിപ്പിനൊടുവിൽ മദ്യവിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനെത്തിയെങ്കിലും സാങ്കേതിക പിഴവുകൾ മൂലം ആദ്യദിനം തന്നെ ബുക്കിങ് സംവിധാനമാകെ പാളി. ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറിലെത്താൻ വൈകിയതും ലഭിച്ചവർക്ക് ഒടിപി ലഭിക്കാതിരുന്നതും മൂലം ആപ് നിർമാണ കമ്പനിക്കും ബെവ്കോയ്ക്കും സർക്കാരിനുമെതിരേ ഇന്നലെ പരാതി പ്രളയമായിരുന്നു.
ബുക്ക് ചെയ്ത പലർക്കും 20 കിലോമീറ്റർ വരെ ദൂരെയുള്ള ഔട്ട്ലെറ്റുകളിലാണ് ടോക്കൺ ലഭിച്ചതെന്നും പരാതിയുണ്ട്. ഔട്ട്ലെറ്റുകൾക്ക് നൽകിയ ആപ്ലിക്കേഷനും സ്കാനിങ് മെഷീനും പ്രവർത്തിക്കാതായതോടെ കൗണ്ടറുകളിൽ ടോക്കണുകളുമായെത്തിയവരുടെ നീണ്ട നിരയായാരുന്നു. ബാറുകളിലും വിൽപനയുണ്ടായതിനാൽ സാമൂഹിക അകലം പോലും പാലിക്കാതെ ജനം കൂട്ടംകൂടിയതും ആദ്യദിനം വെല്ലുവിളിയായി.
ബുധനാഴ്ച രാത്രിയോടെയാണ് ആപ്പ് പ്ലേസ്റ്റോറിലെത്തിയത്. ആദ്യം അഞ്ചു മണിക്ക് ലഭ്യമാകുമെന്നും പിന്നീട് 10 മണിക്ക് ലഭ്യമാകുമെന്നുമെല്ലാം അറിയിച്ചിരുന്നെങ്കിലും അർധരാത്രിയോടെയാണ് പലർക്കും ലഭ്യമായത്. രാവിലെ ആറു മണി വരെ ബുക്കിങ് അനുവദിച്ചിരുന്നെങ്കിലും ബുക്ക് ചെയ്യാന്‍ നോക്കിയ പലര്‍ക്കും ഒടിപി കിട്ടുന്നില്ലെന്നും, പിന്നീട് ശ്രമിച്ചാൽ ഓപ്ഷന് വര്‍ക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഇതിനിടെ രജിസ്റ്റ്ട്രേഷൻ കൂടിയതോടെ സംവിധാനം ഹാങ് ആയി. ടോക്കൺ വിതരണം രണ്ടുലക്ഷം പിന്നിട്ടതോടെ ഇന്നലത്തെ ബുക്കിങ് ഉച്ചയോടെ നിർത്തിവയ്ക്കുകയായിരുന്നു.
ബാറുകള്‍ക്ക് യൂസര്‍നെയിമും പാസ്വേഡും ലഭിക്കുന്നത് വൈകിയതോടെ വിൽപ്പന തുടങ്ങാനും ഒരു മണിക്കൂറോളം വൈകി. രാവിലെ ഒമ്പതുമണിക്ക് ടോക്കൺ ലഭിച്ച് വന്നവർക്ക് പത്തു മണിയോടെയും പ്രശ്നങ്ങള്‍ പരിഹരിക്കാതെ വന്നതോടെ പല ബാറുകളിലെ കൗണ്ടറുകള്‍ക്ക് മുന്നിലും ആളുകളുടെ കൂട്ടമായി. തുടർന്ന് ക്യു ആര് കോഡ് സ്കാന്‍ ചെയ്യുന്ന പരിപാടി ഉപേക്ഷിച്ച് ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തി മദ്യം വില്‍ക്കുയായിരുന്നു. അതേസമയം, ബെവ്റിജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റുകളില് ടോക്കണുകള്‍ കുറച്ചു മാത്രം നല്‍കിയാണ് തിരക്കു നിയന്ത്രിച്ചതെന്നും ആക്ഷേപമുണ്ട്. ആപ്ലിക്കേഷനും ഫീച്ചർ ഫോണുമൊന്നുമില്ലാത്ത പലരും കൗണ്ടറുകളിലെത്തിയിരുന്നു.