വരുന്നു ബെന്‍സിന്റെ പത്ത് കാറുകള്‍
മുന്‍കൂട്ടി ആസൂത്രണം ചെയ്ത പത്ത് ലോഞ്ചുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലുറച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. കമ്പനി അഞ്ചാമത്തെയും ആറാമത്തെയും ലോഞ്ച് ഇന്നു നടത്തി.
കൊച്ചി: കൊവിഡ് കണക്കിലെടുക്കാതെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പത്ത് ലോഞ്ചുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലുറച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്.
കമ്പനി അഞ്ചാമത്തെയും ആറാമത്തെയും ലോഞ്ച് ഇന്നു നടത്തി. സി 63 എഎംജി കൂപ്പെ, എഎംജി ജിടി ആര് എന്നിവയുടെ എക്സ്ഷോറൂം വില യഥാക്രമം 1.33 കോടി രൂപയും 2.48 കോടി രൂപയും. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നത് പരിഗണിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയുടെ ഇവന്റിലാണ് മെഴ്സിഡീസ് ഈ രണ്ട് വാഹനങ്ങളും ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ബംഗളൂരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ വീണ്ടും തുറന്നു. 75 ശതമാനത്തിലധികം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. ഞങ്ങള്‍ ട്രാക്കില്‍ തുടരുകയും ആസൂത്രിതമായ ലോഞ്ചുകളുമായി മുന്നോട്ട് പോകുകയും ചെയ്യും. കുറച്ച് കാലതാമസമുണ്ടാകും. കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡി മാര്ട്ടിന് ഷ്വെങ്ക് പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ കാര്‍ വില്‍പ്പന ഏറ്റവും താഴ്ന്നിട്ടു എഎംജി ശ്രേണിയില്‍ 2019ല്‍ 54 ശതമാനം വളര്‍ച്ചയുണ്ടായി. എഎംജി മോഡലുകളുടെ ഏറ്റവും വലിയ വിപണിയാണ് ഡല്‍ഹി, തൊട്ടുപിന്നില്‍ ബംഗളൂരു, മുംബൈ. എല്ലാം ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. ലോക്ഡൗണ്‍ കാരണം ആദ്യത്തെ ഓള്-ഇലക്ട്രിക് കാര്‍ ഇക്യുസിയുടെ ലോഞ്ചിങ് കാലതാമസം നേരിട്ടു. ഈ വര്‍ഷം ജനുവരിയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വാണിജ്യപരമായി വിതരണ സജ്ജമായിട്ടില്ല. ഉത്സവ സീസണിന് മുമ്പായി സാധ്യമായേക്കും.
രാജ്യത്ത് ആഡംബര കാര്‍ വ്യവസായം കഴിഞ്ഞ വര്‍ഷം 21 ശതമാനം ഇടിഞ്ഞ് 35,000 യൂണിറ്റായി. 2018ല്‍ 45,000 യൂണിറ്റായിരുന്നു. രാജ്യത്ത് 40 ശതമാനം വിപണി വിഹിതമുള്ള മെഴ്സിഡസ് ബെന്‍സിന്റെ വില്‍പ്പന 2018നെ അപേക്ഷിച്ച് 11 ശതമാനം കുറഞ്ഞ് 13,786 യൂണിറ്റായി. സി-ക്ലാസ് നിരയിലെ വമ്പനാണ് ഇന്നിറങ്ങിയ എഎംജി സി 63 കൂപ്പെ മോഡല്‍. പുതിയ ഫീച്ചറുകള്‍ക്ക് പുറമെ നവീന ഡിസൈന്‍ ശൈലികളും ഇതിന്റെ ഭാഗമാണ്. എഎംജി ജിടിയില്‍ നിന്ന് കടമെടുത്ത പാനമേരിക്കാന ഗ്രില്ല്, ബഗ്-ഐ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, മസ്കുലര്‍ ബോണറ്റ്, പുതിയ ബംപര്‍, 18 ഇഞ്ച് അലോയി വീല്‍, ഡിഫ്യൂസര്‍ തുടങ്ങിയവ ഇതിന് സ്പോട്ടി ഭാവമേകുന്നു.
അകത്തളത്തിലെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്റ്മെന്റ് സിസ്റ്റം എന്നിവ മുന്‍ മോഡലില്‍നിന്ന് മാറ്റമില്ലാതെ ഈ പതിപ്പിലും നല്കി. ബ്ലാക്ക്-റെഡ് ഫിനീഷിങ് ലെതറില്‍ ഒരുങ്ങിയ ബക്കറ്റ് സീറ്റുകള്‍, ഫല്‍റ്റ് ബോട്ടം എഎംജി സ്റ്റിയറിങ് വീല്‍, ആറ് ഡ്രൈവ് മോഡ് എന്നിവ ഇന്റീരിയറിനെ കൂടുതല്‍ കരുത്തുള്ളതാക്കുന്നു. 4 ലിറ്റര്‍ ബൈ-ടര്‍ബോ വി8 എന്‍ജിനാണ്. ഇത് 469 ബിഎച്ച്പി പവറും 650 എന്‍എം ടോര്‍ക്കുമേകും. എഎംജി സ്പീഡ് ഷിഫ്റ്റ് 9ജി ട്രോണിക്കാണ് ട്രാന്സ്മിഷന്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ പരമാവധി വേഗം.