http://www.metrovaartha.com/image/image.php?src=/uploads/news/29052015907334821309293048.jpg&w=710&h=400

ലഡാഖ് വിഷയത്തിൽ മോദിയോട് സംസാരിച്ചെന്നും ഇന്ത്യൻ പ്രധാനമന്ത്രി നല്ല "മൂഡിൽ' ആയിരുന്നില്ലെന്നും ട്രമ്പ് ; ഇന്ത്യ നിഷേധിച്ചു

ലഡാഖ് വിഷയത്തിൽ മധ്യസ്ഥതയ്ക്കു സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് താൻ മോദിയുമായി സംസാരിച്ചെന്ന് ട്രംപ് അവകാശവാദമുയർത്തിയത്. എന്നാൽ, നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സമീപകാലത്ത് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ചൈനയുമായുള്ള ലഡാഖ് പ്രതിസന്ധിയെക്കുറിച്ചു താൻ, മോദിയോടു സംസാരിച്ചെന്നും ഇന്ത്യൻ പ്രധാനമന്ത്രി നല്ല "മൂഡിൽ' ആയിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം നിഷേധിച്ചത്. ഏപ്രിൽ നാലിന് ഹൈഡ്രോക്സിക്ലോറോക്വീൻ വിഷയത്തിലായിരുന്നു ഇരുവരും അവസാനമായി സംസാരിച്ചതെന്നും സരർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ലഡാഖ് വിഷയത്തിൽ മധ്യസ്ഥതയ്ക്കു സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് താൻ മോദിയുമായി സംസാരിച്ചെന്ന് ട്രംപ് അവകാശവാദമുയർത്തിയത്. എന്നാൽ, നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ കൃത്യമായ ഉടമ്പടികളുണ്ടെന്നും ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ‘130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങൾ. ഇരു രാജ്യങ്ങൾക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ അദ്ദേഹവും അസ്വസ്ഥനാണ്’– ട്രംപ് പറഞ്ഞു.

നേരത്തേ, പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു യുഎന്നും രംഗത്തെത്തിയിരുന്നു. എന്നാൽ, ചൈനയുമായി സമാധാനപരമായ ചർച്ചകൾ തുടരുകയാണെന്ന ഏക വാചകത്തിലൂടെയാണ്  യുഎസിന്‍റെ വാഗ്ദാനത്തെയും അയൽരാഷ്‌ട്രത്തിന്‍റെ പ്രകോപനത്തെയും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യാഴാഴ്ച നേരിട്ടത്. അതേസമയം, ലഡാഖിൽ ചൈനയുടേതിനു തുല്യമായി സൈനികബലം ഉറപ്പിച്ച ഇന്ത്യ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നു സൈനികവൃത്തങ്ങൾ സൂചിപ്പിച്ചു.

ലഡാഖ് സെക്റ്ററിലെ ഗാൽവൻ താഴ്‌വരയിലും പാംഗോങ് ത്സോ തടാക തീരത്തുമായി നാലിടങ്ങളിലാണ് ഇന്ത്യ, ചൈന സൈനികർ മുഖാമുഖം തുടരുന്നത്.  ഗാൽവൻ താഴ്‌വരയിലാണു മൂന്നുകേന്ദ്രങ്ങൾ. പാംഗോങ് ത്സോ തടാകക്കരയിൽ നാലാമത്തേത്. ഗാൽവൻ നദിയിൽ നിന്ന് പാംഗോങ് തടാകത്തിലെ സൈനിക പോസ്റ്റിലേക്ക് 60 മീറ്റർ നീളമുള്ള പാലം നിർമാണമുൾപ്പെടെ പ്രവൃത്തികൾ ചൈന തടയാൻ ശ്രമിച്ചതായിരുന്നു പ്രശ്നത്തിനു തുടക്കം. കാറക്കോറം ചുരത്തിലെ അവസാന സൈനിക പോസ്റ്റായ ദൗലത് ബെഗ് ഓൾഡിയിലേക്കുള്ള 255 കിലോമീറ്റർ റോഡിന്‍റെ ഭാഗമാണ് ഈ പാലം. ഇതിന്‍റെ കോൺക്രീറ്റിങ് ജോലികൾ നിർത്തിവച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും സൈനികവൃത്തങ്ങൾ. ""സ്വന്തം ഭൂമിയിൽ റോഡ്, റെയ്‌ൽ, പാലം എന്നിവയോ വ്യോമതാവളമോ നിർമിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. കിഴക്കൻ ലഡാഖിലെ ഒരു നിർമാണജോലിയും നിർത്തിവച്ചിട്ടുമില്ല''- ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.