http://www.metrovaartha.com/image/image.php?src=/uploads/news/29052015907529671639471214.jpg&w=710&h=400

ശിവഗിരി സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് കേന്ദ്രം പിന്‍മാറി

2019 ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 67 കോടിയുടേതായിരുന്നു  പദ്ധതി. ഇത് ടെന്‍ഡര്‍ ഘട്ടത്തില്‍ എത്തിയിരുന്നു.

ഉദ്ഘാടനം ചെയ്ത ശിവഗിരി സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങി. കേന്ദ്രത്തിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു പദ്ധതി.  ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നുപാറ, അരുവിപ്പുറം എന്നീ ഇടങ്ങളെ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതില്‍ ശിവഗിരി പദ്ധതി അംഗീകരിക്കപ്പെട്ടു.

 2017 ഓഗസ്റ്റ് മാസത്തില്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 525 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതി. 2019 ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 67 കോടിയുടേതായിരുന്നു  പദ്ധതി. ഇത് ടെന്‍ഡര്‍ ഘട്ടത്തില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പദ്ധതികളെല്ലാം ഉപേക്ഷിച്ചതായി കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. എന്ത് കാരണത്താലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല.

അനുമതിയായിട്ടും പദ്ധതി നീങ്ങാതിരിക്കുന്നത് സംബന്ധിച്ച് 2019 ജൂണ്‍ മാസത്തില്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചിരുന്നു. സംസ്ഥാനത്തിന് തുക കൈമാറിയിട്ടില്ലെന്ന മറുപടിയാണ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നല്‍കിയത്. 

ഈ പദ്ധതി വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കനത്തപ്രഹരമാണ് കേന്ദ്രത്തിന്റെ പിന്‍മാറ്റം മൂലം ലഭിച്ചിരിക്കുന്നത്. പദ്ധതി കേന്ദ്രം നേരിട്ട് നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാനം സഹായമഭ്യര്‍ത്ഥിച്ച പദ്ധതി കേന്ദ്രം തങ്ങളുടെ പദ്ധതിയാക്കി മാറ്റുന്നതിലെ ശരികേടാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി കേന്ദ്രം ഏറ്റെടുക്കുന്നത് മുന്‍കാലങ്ങളില്‍ നടന്നിട്ടില്ലെന്നും അത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

ഗുരുദേവന്‍ ജനിച്ച ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രമണ്യക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി എന്നിവിടങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍ക്യൂട്ടാണ് പദ്ധതി. സൗര പ്ലാന്റ്, ശിവഗിരിയിലെ മഹാസമാധിയിലേക്കുള്ള വഴികളുടെ ലാന്‍ഡ്‌സ്‌കേപ്പിങ്, സീവേജ് പ്ലാന്റ്, കെട്ടിടങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു.