തിയതി നീട്ടി, പക്ഷേ നികുതി കൈപൊള്ളിക്കുമോ?
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി ജൂലൈ 31ല്‍ നിന്നും നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചത് മൂലം ചെറിയ സാമ്പത്തിക നഷ്ടം കൂടി വന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.
കൊച്ചി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി ജൂലൈ 31ല്‍ നിന്നും നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചത് മൂലം ചെറിയ സാമ്പത്തിക നഷ്ടം കൂടി വന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ആ സമയത്ത് വലിയൊരു തുക അധികമായി നികുതി ഇനത്തില്‍ നല്‍കേണ്ടി വരാനുള്ള സാധ്യത തള്ളിക്കളയരുതെന്നാണ് ഇവര്‍ പറയുന്നത്. കാരണം ഒരാള്‍ അടച്ച മുന്‍കൂര്‍ നികുതി അടിസ്ഥാനമാക്കിയിട്ടുള്ള ഇളവുകള്‍ക്കുള്ള നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ അങ്ങനെ സംഭവിക്കാം.
2020 മാര്‍ച്ച് 30നകം നികുതി ഇളവിനുള്ള വിവിധ പദ്ധതികളില്‍ നിശ്ചിത തുക ഇടാന്‍ ആളുകള്‍ പ്ലാന്‍ ചെയ്യും. അതു കഴിച്ചുള്ള തുകയാകും നികുതി ബാധകമായ വരുമാനമായി കാണിച്ചിട്ടുള്ളത്. അതനുസരിച്ചാകും മുന്‍കൂര്‍ നികുതി അടച്ചിരിക്കുക. എന്നാല്‍ ലോക്ഡൗണ്‍ മൂലമോ വരുമാനം കുറഞ്ഞതു മൂലമോ മാര്‍ച്ച് 30നകം അത്രയും തുക നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ നികുതിബാധക വരുമാനവും നികുതിബാധ്യതയും വര്‍ധിക്കും. നവംബറില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്ലൊരു തുക അധികമായി അടയ്ക്കേണ്ടി വരും.
മാര്‍ച്ചില്‍ അടയ്ക്കേണ്ട 5000 രൂപയുടെ ഒരു ഗഡു മുടങ്ങിയാല്‍ പോലും അത് വലിയ ഭാരമാകാം. കാരണം കൃത്യമായി നിക്ഷേപം നടത്തി നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെ കൊണ്ടു വന്ന് ആദായനികുതി പൂര്‍ണമായും ഒഴിവാക്കാന്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് അതു പാലിക്കാന്‍ കഴിയാതെ വന്നാല്‍ നികുതി ബാധ്യത കുതിച്ചുയരും. അതുപോലെ നിക്ഷേപം വഴി ഉയര്‍ന്ന സ്ലാബില്‍ നിന്നും വരുമാനം താഴ്ന്ന സ്ലാബിലേക്ക് കൊണ്ടു വരാന്‍ ഉദ്ദേശിച്ചിരുന്നവര്ക്കും വലിയ തലവേദനയാകും.
മാര്‍ച്ച് 31നകം നിക്ഷേപം നടത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഈ നിക്ഷേപ കാലവധി ജൂണ്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പണം സംഘടിപ്പിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ഉദ്ദേശിച്ചിരുന്ന തുക അതാതു പദ്ധതികളില്‍ നിക്ഷേപിക്കണം. അങ്ങനെ ചെയ്താല്‍ നികുതി ബാധ്യത വര്‍ധിക്കില്ല. ഇല്ലെങ്കില്‍ പ്രശ്നമാകും.